ബിജെപിക്ക് 20 ലക്ഷം പിഴയിട്ട റവന്യൂ ഓഫീസര്‍ തല്‍സ്ഥാനത്ത് നിന്ന് തെറിച്ചു; കോര്‍പ്പറേഷനില്‍ ഉദ്യോഗസ്ഥ അഴിച്ചുപണിയുമായി മേയര്‍ രാജേഷ്‌

തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് നഗരത്തില്‍ അനുമതിയില്ലാതെ ഫ്‌ലെക്‌സ് ബോര്‍ഡുകളും തോരണങ്ങളും സ്ഥാപിച്ചതിന് ബിജെപി തിരുവനന്തപുരം ജില്ലാ കമ്മിറ്റിക്ക് 19.97 ലക്ഷം രൂപ പിഴയിട്ട റവന്യൂ ഓഫീസര്‍ ജി. ഷൈനിയെ തല്‍സ്ഥാനത്തുനിന്ന് മാറ്റി. ഷൈനിയെ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ സെക്രട്ടറി പദവിയിലേക്കാണ് മാറ്റി നിയമിച്ചിരിക്കുന്നത്.

റവന്യൂ ഓഫീസര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോര്‍പ്പറേഷന്‍ സെക്രട്ടറി ബിജെപിക്ക് പിഴ നോട്ടീസ് നല്‍കിയത്. ബിജെപി ഭരിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ ഭാഗമായ പാര്‍ട്ടിക്കെതിരെ കോര്‍പ്പറേഷന്‍ ഇത്രയും വലിയ തുക പിഴ ചുമത്തിയത് വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഉദ്യോഗസ്ഥയ്ക്ക് സ്ഥലംമാറ്റം ലഭിച്ചത്.

ഷൈനിയെ കൂടാതെ മറ്റ് ഏഴ് ഉദ്യോഗസ്ഥരെ കൂടി സ്ഥലം മാറ്റി അഡീഷണല്‍ സെക്രട്ടറി ഉത്തരവിറക്കിയിട്ടുണ്ട്.പത്തു വര്‍ഷമായി ഒരേ സ്ഥലത്ത് ജോലി ചെയ്തിരുന്ന റവന്യൂ ഇന്‍സ്‌പെക്ടര്‍ പി. സുരേഷ് കുമാറിനെ ആറ്റിപ്ര സോണല്‍ ഓഫീസിലേക്ക് മാറ്റി.പൊതുഭരണ വിഭാഗം സൂപ്രണ്ട് ആര്‍.സി. രാജേഷ് കുമാരിയെ തിരുവല്ലം സോണല്‍ ഓഫീസിലേക്ക് മാറ്റി.

റവന്യൂ ഓഫീസറെ മാറ്റിയ നടപടിക്ക് പിന്നാലെ ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയന്‍ പ്രതികരണവുമായി രംഗത്തെത്തി. ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചതിന് പിഴയിട്ട കോര്‍പ്പറേഷന്‍ നടപടി മാതൃകാപരമാണെന്നും, നിയമം എല്ലാവര്‍ക്കും ബാധകമാണെന്നും അദ്ദേഹം പറഞ്ഞു.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.