ആര്യയുടെ ‘പരാതി’ വെറുതെയാകും; ഗായത്രി ബാബുവിനെ തൊടാന്‍ സിപിഎമ്മിന് പേടി; വഞ്ചിയൂര്‍ വിട്ടാല്‍ ഭരണം വീഴും; വഞ്ചിയൂര്‍ ബാബുവിന്റെ പ്രസക്തി തിരിച്ചറിഞ്ഞ് സിപിഎം; ഗായത്രി ബാബു സേഫാകും

തിരുവനന്തപുരം: മുന്‍ മേയര്‍ aആര്യാ രാജേന്ദ്രന്റെ പരാതിയില്‍ മുന്‍ കൗണ്‍സിലര്‍ ഗായത്രി ബാബുവിനെതിരെ നടപടികളുണ്ടാകില്ല. വെറുമൊരു ശാസനയില്‍ തിരുവനന്തപുരം സിപിഎം നേതൃത്വം നടപടി ഒതുക്കും. വഞ്ചിയൂരില്‍ നിന്നുള്ള കൗണ്‍സിലറാണ് ഗായത്രി ബാബുവിന്റെ അച്ഛനായ വഞ്ചിയൂര്‍ ബാബു. ഗായാത്രിയ്ക്കെതിരെ നടപടി എടുത്താല്‍ ബാബു പ്രകോപിതനാകും. വഞ്ചിയൂരിലെ കൗണ്‍സിലര്‍ സ്ഥാനം ബാബു രാജിവയ്ക്കുമെന്ന ആശങ്ക സിപിഎം ജില്ലാ നേതൃത്വത്തിലെ ചിലര്‍ക്കുണ്ട്. അങ്ങനെ രാജിയുണ്ടായാല്‍ തിരുവനന്തപുരത്ത് ബിജെപി മേല്‍കോയ്മ നേടും. 101 അംഗ കൗണ്‍സിലില്‍ ബിജെപിക്ക് 50 അംഗങ്ങളുടെ പിന്തുണയുണ്ട്. ഈ സാഹചര്യത്തില്‍ സിപിഎം കൗണ്‍സിലറായ ബാബു രാജിവച്ചാല്‍ വഞ്ചിയൂരില്‍ ഉപതിരഞ്ഞെടുപ്പ് വരും. നിലവിലെ സാഹചര്യത്തില്‍ ബിജെപിക്ക് ജയിക്കാന്‍ സാധ്യതയുള്ള വാര്‍ഡായി വഞ്ചിയൂര്‍ മാറും. പത്തു കൊല്ലം മുമ്പ് വഞ്ചിയൂര്‍ ബാബു ഈ വാര്‍ഡില്‍ ബിജെപിക്കാരനായ പി അശോക് കുമാറിനോട് ജയിച്ചത് വെറും രണ്ടു വോട്ടിനാണ്. അത്തരമൊരു വാര്‍ഡില്‍ സിപിഎം പ്രതിസന്ധി ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് ഗായത്രി ബാബുവിനെ സിപിഎം വെറുതെ വിടും.

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഇടതുമുന്നണിയുടെ കനത്ത പരാജയത്തിന് പിന്നാലെ ആര്യ രാജേന്ദ്രനും ഗായത്രി ബാബുവും തമ്മിലുള്ള തര്‍ക്കം സിപിഎമ്മിനെ വലിയൊരു പ്രതിസന്ധിയിലേക്കാണ് തള്ളിയിട്ടിരുന്നു്. തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണത്തില്‍ ആര്യ രാജേന്ദ്രന്‍ സ്വീകരിച്ചിരുന്ന ഏകാധിപത്യപരമായ സമീപനമാണ് പരാജയത്തിന് കാരണമെന്ന് പരസ്യമായി ആരോപിച്ച ഗായത്രി ബാബുവിനെതിരെ പാര്‍ട്ടിക്ക് കടുത്ത നിലപാട് എടുക്കാന്‍ സാധിക്കാത്തതിന് പിന്നില്‍ വഞ്ചിയൂരിലെ രാഷ്ട്രീയ സാഹചര്യമാണ്. ഗായത്രിയുടെ പിതാവും പാളയം മുന്‍ ഏരിയ സെക്രട്ടറിയുമായ വഞ്ചിയൂര്‍ ബാബുവിനെ പിണക്കുന്നത് നിലവില്‍ ത്രിശങ്കുവില്‍ നില്‍ക്കുന്ന കോര്‍പ്പറേഷന്‍ ഭരണത്തെ കൂടുതല്‍ അപകടത്തിലാക്കും. ബാബുവിനെ കോര്‍പ്പറേഷനില്‍ പ്രതിപക്ഷ നേതാവുമാക്കിയിട്ടില്ല. പുന്നയ്ക്കാമുകളില്‍ നിന്നും ജയിച്ച ശിവജിയെയാണ് കോര്‍പ്പറേഷനിലെ പ്രതിപക്ഷ നേതാവാക്കിയത്. ഇത് ഗായത്രി ബാബുവുണ്ടാക്കിയ വിവാദത്തെ തുടര്‍ന്നാണ്. ഇതും ബാബു കുടുംബത്തിനെതിരെ നടപടിയായി സിപിഎമ്മിനുള്ളില്‍ വ്യാഖ്യാനമുണ്ട്.

പാര്‍ട്ടി അച്ചടക്കം ലംഘിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട ഗായത്രിക്ക് എതിരെ നടപടിയുണ്ടാകുമെന്ന് ആദ്യം സൂചനയുണ്ടായിരുന്നെങ്കിലും, വഞ്ചിയൂര്‍ ബാബു തന്റെ അതൃപ്തി ചില നേതാക്കളെ അറിയിച്ചതോടെ കാര്യങ്ങള്‍ തണുത്തുവെന്നാണ് സൂചന. ഗായത്രിക്കെതിരെ നടപടിയുണ്ടായാല്‍ കടുത്ത നടപടിയുണ്ടാകുമെന്ന ഭീഷണി ബാബു ഉയര്‍ത്തിയതായാണ് വിവരം. തിരുവനന്തപുരം നഗരസഭയില്‍ ബിജെപിക്ക് നിലവില്‍ വലിയ സ്വാധീനമുണ്ട്. വഞ്ചിയൂര്‍ ബാബുവിനെപ്പോലൊരു മുതിര്‍ന്ന നേതാവ് രാജിവച്ചാല്‍ അത് പാര്‍ട്ടിയുടെ ആത്മവിശ്വാസത്തെ ബാധിക്കുമെന്ന് മാത്രമല്ല, ബിജെപിക്ക് ഭരണത്തില്‍ കൂടുതല്‍ മേല്‍ക്കോയ്മ ലഭിക്കാനും ഇടയാക്കും. ജില്ലയിലെ ബിജെപിയുടെ വളര്‍ച്ച തടയാന്‍ വഞ്ചിയൂര്‍ പോലുള്ള പ്രധാന വാര്‍ഡുകള്‍ ഇടതുപക്ഷത്തിന് കാത്തുസൂക്ഷിക്കേണ്ടത് അനിവാര്യമാണ്.

ഗായത്രി ബാബുവിന്റെ വിമര്‍ശനങ്ങള്‍ പാര്‍ട്ടിക്കുള്ളിലെ പല യുവനേതാക്കളുടെയും വികാരമാണെന്നതും നേതൃത്വത്തെ കുഴപ്പിക്കുന്നുണ്ട്. ആര്യ രാജേന്ദ്രന്റെ പ്രവര്‍ത്തന ശൈലിയോട് അതൃപ്തിയുള്ള ഒരു വലിയ വിഭാഗം കൗണ്‍സിലര്‍മാര്‍ പാര്‍ട്ടിക്കുള്ളിലുണ്ട്. അവരെല്ലാവരും ഗായത്രിയുടെ നീക്കത്തെ പരോക്ഷമായി പിന്തുണയ്ക്കുന്നു. ഈ സാഹചര്യത്തില്‍ ഗായത്രിക്കെതിരെ നടപടിയെടുത്താല്‍ അതും ചര്‍ച്ചകളും പ്രതിസന്ധികളുമാകും. മുതിര്‍ന്ന ഉദ്യോഗസ്ഥരോടും പ്രാദേശിക നേതാക്കളോടും ആര്യ കാണിച്ച പുച്ഛമാണ് പരാജയത്തിന് കാരണമെന്ന ഗായത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് തിരുത്താന്‍ പാര്‍ട്ടി നിര്‍ദ്ദേശിച്ചു. പോസ്റ്റ് പിന്‍വലിച്ചെങ്കിലും അത് ചര്‍ച്ചയായി. ആര്യ രാജേന്ദ്രനെ സംരക്ഷിക്കാന്‍ സംസ്ഥാന നേതൃത്വം കാട്ടിയ അമിത താല്പര്യമാണ് ജില്ലയിലെ സിപിഎമ്മിന്റെ തകര്‍ച്ചയ്ക്ക് കാരണമെന്ന വിമര്‍ശനം കീഴ്ഘടകങ്ങളില്‍ ശക്തമാണ്.

ഗായത്രിയെ ഒരു ശാസനയില്‍ ഒതുക്കി നിര്‍ത്തുന്നതിലൂടെ വഞ്ചിയൂര്‍ ബാബുവിന്റെ രോഷം തണുപ്പിക്കാമെന്നും വഞ്ചിയൂരിലെ കൗണ്‍സിലര്‍ സ്ഥാനം സുരക്ഷിതമായി നിര്‍ത്താമെന്നും ജില്ലാ നേതൃത്വം കണക്കുകൂട്ടുന്നു. പാര്‍ട്ടിയിലെ ഉള്‍പ്പോര് പരസ്യമായത് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന് മനസ്സിലാക്കി ഒരു ഒത്തുതീര്‍പ്പ് പാക്കേജാണ് സിപിഎം ആലോചിക്കുന്നത്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപിക്ക് 50 അംഗങ്ങളുടെ പിന്തുണയുള്ളപ്പോള്‍, ഒരു അംഗത്തിന്റെ കുറവ് പോലും ഭരണപക്ഷത്തിന് താങ്ങാവുന്നതിലപ്പുറമാണ്.

ഇടതുമുന്നണിക്കുള്ളിലെ ഘടകകക്ഷികളും ഈ തര്‍ക്കത്തില്‍ മൗനം പാലിക്കുന്നുവെന്നത് ശ്രദ്ധേയമാണ്. ആര്യ രാജേന്ദ്രന്റെ ‘സൂപ്പര്‍ മേയര്‍’ ഇമേജിന് ഏറ്റ പ്രഹരം ബിജെപി ആയുധമാക്കുമ്പോള്‍, അതിനെ പ്രതിരോധിക്കാന്‍ പാര്‍ട്ടിക്കുള്ളിലെ ഐക്യം അത്യാവശ്യമാണെന്ന് സിപിഎം വിലയിരുത്തുന്നു. ഗായത്രി ബാബു തന്റെ പോസ്റ്റ് പിന്‍വലിച്ചെങ്കിലും, അവര്‍ ഉന്നയിച്ച ചോദ്യങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ ഇപ്പോഴും സജീവമാണ്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.