തിരുവനന്തപുരം: നാലു പതിറ്റാണ്ടിനു ശേഷം തിരുവനന്തപുരം കോര്‍പറേഷന്‍ ഭരണം പിടിച്ചെടുത്തതിന്റെ തിളക്കത്തില്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആചാരവേഷമണിഞ്ഞ് സ്വീകരിക്കാന്‍ കാത്തിരുന്ന മേയര്‍ വി.വി. രാജേഷിന് അവസരം നിഷേധിച്ചതിനു പിന്നില്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവിന്റെ ‘കുബുദ്ധി’യെന്ന് ആക്ഷേപം. രാജേഷിനെ മേയറാക്കാതിരിക്കാന്‍ നേരത്തെ ചരടുവലിച്ച വ്യക്തി തന്നെയാണ്, ചരിത്ര മുഹൂര്‍ത്തത്തില്‍ നിന്ന് മേയറെ വെട്ടിമാറ്റിയതെന്നാണ് വിവരം.
പ്രധാനമന്ത്രിയെ വിമാനത്താവളത്തില്‍ സ്വീകരിക്കുക എന്നത് ആര്‍എസ്എസ് നേതൃത്വത്തിന്റെ കൂടി വലിയ ആഗ്രഹമായിരുന്നു. ഇത് നടക്കാതെ പോയതോടെ സംഘനേതൃത്വം ബിജെപിയിലെ ഗ്രൂപ്പ് പോരില്‍ കടുത്ത അതൃപ്തിയിലാണ്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെയും ഇതേ തന്ത്രത്തിന്റെ ഭാഗമായാണ് വിമാനത്താവളത്തിലെ സ്വീകരണ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതെന്നാണ് സൂചന. രാജേഷിനെ ഒഴിവാക്കാനായിരുന്നു ഇത്.
റെയില്‍വേയുടെ പരിപാടിയില്‍ മേയര്‍ പങ്കെടുക്കണമെന്ന് പ്രോട്ടോക്കോള്‍ പ്രകാരം യാതൊരു നിര്‍ബന്ധവുമില്ലാതിരുന്നിട്ടും, ആ പരിപാടിയില്‍ മേയര്‍ ഉണ്ടായേ തീരൂ എന്ന് ഉന്നത നേതാവ് വാശിപിടിക്കുകയായിരുന്നു. വിമാനത്താവളത്തില്‍ പോയാല്‍ സുരക്ഷാ ക്രമീകരണങ്ങള്‍ കാരണം റെയില്‍വേ പരിപാടിയില്‍ സമയത്തെത്താന്‍ കഴിയില്ലെന്ന സാങ്കേതിക തടസ്സം സൃഷ്ടിച്ചാണ് ഈ നീക്കം വിജയിപ്പിച്ചത്. ഇതോടെ വിമാനത്താവളത്തിലെ സ്വീകരണത്തിന് മേയര്‍ക്ക് എത്താനായില്ല. കോര്‍പറേഷനിലെ സമഗ്ര വികസന രേഖ പ്രഖ്യാപിക്കാനുള്ള രാജേഷിന്റെ നീക്കം തടഞ്ഞതും ഇതേ നേതാവാണെന്ന് ആക്ഷേപമുണ്ട്. പാര്‍ട്ടി സംസ്ഥാന നേതൃത്വത്തില്‍ ഗ്രൂപ്പിസം അതിശക്തമാണെന്ന വിലയിരുത്തലിലാണ് ആര്‍എസ്എസ്.
അതേസമയം, വിവാദം ഒഴിവാക്കാന്‍ ഔദ്യോഗിക വിശദീകരണവുമായി വി.വി. രാജേഷ് രംഗത്തെത്തിയിട്ടുണ്ട്. പ്രധാനമന്ത്രി വിമാനത്താവളത്തില്‍ നിന്ന് നേരിട്ട് പുത്തരിക്കണ്ടം മൈതാനിയിലേക്കാണ് വന്നതെന്നും, അവിടെ അദ്ദേഹത്തെ സ്വീകരിക്കാനായിരുന്നു തീരുമാനമെന്നുമാണ് രാജേഷിന്റെ മറുപടി. വിമാനത്താവളത്തില്‍ പോയാല്‍ സുരക്ഷാ കാരണങ്ങളാല്‍ മറ്റ് രണ്ട് പരിപാടികളിലും പങ്കെടുക്കാന്‍ കഴിയുമായിരുന്നില്ല. നാലുവര്‍ഷം മുന്‍പ് രാഷ്ട്രപതിയെ സ്വീകരിച്ച അന്നത്തെ മേയര്‍ ആര്യ രാജേന്ദ്രന്‍ വാഹനവ്യൂഹത്തെ ഓവര്‍ടേക്ക് ചെയ്ത് സുരക്ഷാ ഭീഷണി ഉണ്ടാക്കിയത് പോലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാനാണ് പ്രധാനമന്ത്രിയുടെ വിമാനത്താവള സ്വീകരണത്തില്‍ നിന്ന് മാറിനിന്നതെന്നുമാണ് പാര്‍ട്ടിയുടെ വിശദീകരണം.
എന്നാല്‍ 22 പേരുടെ പട്ടിക സംസ്ഥാനം നല്‍കിയിട്ടും പ്രധാനമന്ത്രിയുടെ ഓഫീസ് തിരിച്ചയച്ച പട്ടികയില്‍ മേയറുടെ പേര് ഇല്ലാതിരുന്നത് നേതാവിന്റെ ഇടപെടല്‍ മൂലമാണെന്നാണ് സൂചന.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


മുഖ്യമന്ത്രി കസേരയില്‍ ആര്‍? ഡല്‍ഹിയില്‍ സമവായ ചര്‍ച്ചയില്‍ തീരുമാനമില്ല; ‘അങ്കം’ മുറുകുന്നു, പ്രഖ്യാപനം ഹൈക്കമാന്‍ഡിന് വിട്ടു





