പാങ്ങോട് സൈനിക ക്യാമ്പില്‍ വന്‍ ആനക്കൊമ്പ് വേട്ട; അന്വേഷണം കമ്മീഷണര്‍ കാര്‍ത്തിക്കിന്; കേന്ദ്ര പ്രതിരോധ മന്ത്രാലയം നേരിട്ട് ഇടപെടുന്നു; ആനക്കൊമ്പ് ക്യാമ്പിനുള്ളില്‍ തന്നെയുണ്ടെന്ന് സൂചന; സൈനിക ഉദ്യോഗസ്ഥന്‍ വലയിലായേക്കും

തിരുവനന്തപുരം: പാങ്ങോട് സൈനിക ക്യാമ്പില്‍ നിന്ന് കോടികള്‍ വിലമതിക്കുന്ന ആനക്കൊമ്പ് കാണാതായ സംഭവത്തില്‍ അന്വേഷണം അതീവ ഗൗരവകരമായ പുതിയ തലത്തിലേക്ക്. സിറ്റി പോലീസ് കമ്മീഷണര്‍ കാര്‍ത്തികിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്. ആനക്കൊമ്പ് ഇപ്പോഴും സൈനിക ക്യാമ്പിനുള്ളില്‍ തന്നെയുണ്ടെന്ന ശക്തമായ സൂചനകളുടെ അടിസ്ഥാനത്തില്‍ പരിശോധനകള്‍ ഊര്‍ജിതമാക്കി.
സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് കേന്ദ്ര പ്രതിരോധ മന്ത്രാലയം നേരിട്ട് ഇടപെടുകയും സൈനിക ഇന്റലിജന്‍സ് വിഭാഗം കേരള പോലീസുമായി ചേര്‍ന്ന് അന്വേഷണത്തില്‍ പങ്കാളികളാവുകയും ചെയ്തിട്ടുണ്ട്. ക്യാമ്പിലെ ഒരു ഉദ്യോഗസ്ഥനെ കേന്ദ്രീകരിച്ചാണ് നിലവില്‍ സംശയമുന നീളുന്നത്. അതീവ രഹസ്യസ്വഭാവമുള്ള സൈനിക മേഖലയായതിനാല്‍ അന്വേഷണ വിവരങ്ങള്‍ യാതൊരു കാരണവശാലും പുറത്തുപോകരുതെന്ന് സൈനിക കേന്ദ്രങ്ങള്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കമ്മീഷണര്‍ കാര്‍ത്തിക് നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തുന്നതോടെ വരും മണിക്കൂറുകളില്‍ തന്നെ നിര്‍ണ്ണായകമായ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ദിവസം ക്യാമ്പില്‍ നടന്ന ഡിജെ പാര്‍ട്ടിയുമായി ബന്ധപ്പെട്ട് പുറത്തുനിന്നുള്ളവരെ ചോദ്യം ചെയ്തിരുന്നെങ്കിലും, ആനക്കൊമ്പ് ക്യാമ്പിന് പുറത്തേക്ക് പോയിട്ടില്ലെന്ന നിഗമനത്തിലാണ് അന്വേഷണസംഘം ഇപ്പോള്‍ എത്തിനില്‍ക്കുന്നത്. സൈനിക ക്യാമ്പിനുള്ളിലുള്ള വ്യക്തി തന്നെയാണ് മോഷണത്തിന് പിന്നിലെന്നാണ് പൊലീസിന് ലഭിക്കുന്ന പ്രാഥമിക സൂചന.
ക്യാമ്പിലെ ഒരു ഉദ്യോഗസ്ഥനെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഏകദേശം രണ്ട് കോടി രൂപയോളം വിലയുള്ള ആനക്കൊമ്പാണ് ക്യാമ്പില്‍ നിന്ന് കാണാതായത്. ക്യാമ്പില്‍ നടന്ന ഡിജെ പാര്‍ട്ടിയ്ക്ക് ശേഷമാണ് മോഷണം നടന്നതെന്ന് കരുതപ്പെടുന്നു. വലിയ ഗൂഡാലോചന ഇതിന് പിന്നിലുണ്ടെന്നാണ് സൂചന. പാര്‍ട്ടിയുടെ ക്രമീകരണങ്ങള്‍ക്കായി എത്തിയ പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെടെയുള്ള സംഘത്തെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പ്രതി ക്യാമ്പിലുള്ളയാള്‍ തന്നെയാകാം എന്ന നിഗമനം സജീവമായത്. ആളെ തിരിച്ചറിഞ്ഞു എന്നാണ് സൂചന.
വിരലടയാള വിദഗ്ധരും ഫോറന്‍സിക് സംഘവും ക്യാമ്പിലെത്തി രിശോധന നടത്തി തെളിവുകള്‍ ശേഖരിച്ചു. സംശയിക്കപ്പെടുന്ന വ്യക്തിയുടെ വിരലടയാളം സംഭവസ്ഥലത്ത് നിന്ന് ലഭിച്ച തെളിവുകളുമായി ഒത്തുനോക്കുകയാണ്. ഇതുറപ്പിച്ചാല്‍ ഉടന്‍ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ അറസ്റ്റ് ഉണ്ടാകും. അതീവ സുരക്ഷയുള്ള സൈനിക മേഖലയില്‍ നടന്ന മോഷണം ഗൗരവത്തോടെയാണ് പ്രതിരോധ വകുപ്പും കാണുന്നത്.
സംശയിക്കപ്പെടുന്ന വ്യക്തിയുടെ വിരലടയാളം ശേഖരിച്ചിട്ടുണ്ട്. സംഭവസ്ഥലത്തുനിന്ന് ലഭിച്ച തെളിവുകളുമായി ഒത്തുനോക്കും.പരമാവധി വേഗത്തില്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ച് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.