കേരളത്തിലേക്ക് വൻതോതിൽ കഞ്ചാവെത്തിക്കുന്ന ഒഡീഷ സംഘത്തലവൻ പിടിയിൽ

തിരുവനന്തപുരം: കേരളത്തിലേക്ക് വൻതോതിൽ കഞ്ചാവ് കടത്തുന്ന സംഘത്തിന്റെ തലവനെ ഒഡീഷയിൽ നിന്നും വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തു. ഒഡീഷ സ്വദേശി മഹേന്ദ്ര സിസയാണ് അറസ്റ്റിലായത്. ഇയാളെ ഇന്ന് വിഴിഞ്ഞത്തെത്തിക്കും. 21 വയസ്സ് മാത്രമേ പ്രായമുള്ളൂ എങ്കിലും കേരളത്തിലേക്ക് കച്ചവടത്തിനായി വൻതോതിൽ കഞ്ചാവ് എത്തിക്കുന്ന സംഘത്തിന്റെ തലവനാണ് മഹേന്ദ്ര സിസ.
കഴിഞ്ഞ ജനുവരി 10ന് വിഴിഞ്ഞം കാരോട്- കഴക്കൂട്ടം ബൈപ്പാസ് റോഡിൽ പയറുംമൂട് പാലത്തിന് സമീപത്തുനിന്ന് നാല് കിലോ കഞ്ചാവ് പിടികൂടിയതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് മഹേന്ദ്ര സിസയുടെ പങ്കിനെക്കുറിച്ച് സൂചന ലഭിച്ചത്. ഇയാളുടെ നേതൃത്വത്തിൽ പൂന്തുറയിൽ എത്തിച്ച് വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 53 കിലോ കഞ്ചാവും വിഴിഞ്ഞം പോലീസ് പിടികൂടിയിരുന്നു.
ഫിയറ്റ്ലിനിയ കാറിൽ ഒളിപ്പിച്ച നിലയിൽ കൊണ്ടുവരികയായിരുന്ന  കഞ്ചാവാണ് വിഴിഞ്ഞം സബ് ഇൻസ്‌പെക്ടർ ആർ രാജേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. കേസുമായി ബന്ധപ്പെട്ട് കന്യാകുമാരി സ്വദേശി മുജീബ് (42),തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശി ബിജു കുമാർ (52) എന്നിവരെ പോലീസ് അപ്പോൾതന്നെ അറസ്റ്റ്ചെയ്തു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് പൂന്തറയിൽ സൂക്ഷിച്ചിരിക്കുന്ന കഞ്ചാവിനെക്കുറിച്ചും മഹേന്ദ്ര സിസയെക്കുറിച്ചും വിവരം ലഭിക്കുന്നത്.
ഒഡീഷ- ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളുടെ അതിർത്തിയായ ജോലപുട്ടിലെ ഒരു ഗ്രാമത്തിൽ നിന്നുമാണ് മഹേന്ദ്ര സിസയെ പോലീസ് പിടികൂടിയത്. ഗ്രാമവാസികളുടെ സഹായത്തോടെ ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ.
വിഴിഞ്ഞം സബ്ഇൻസ്പെക്ടർ എം പ്രശാന്ത്, ഗ്രേഡ് സബ് ഇൻസ്പെക്ടർ യേശുദാസൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ വിനയകുമാർ, സിവിൽ പോലീസ് ഓഫീസർ റജിൻ എന്നിവരടങ്ങിയ സംഘം ദിവസങ്ങളോളം അതിർത്തിയിൽ തമ്പടിച്ചാണ് മഹേന്ദ്ര സിസയെ കണ്ടെത്തിയത്. ഗ്രാമവാസികൾ എതിർത്തെങ്കിലും പോലീസ് ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.