കുംഭമേള വൈറൽ പെൺകുട്ടി: അറസ്റ്റ് പാടില്ലെന്ന് ഹൈക്കോടതി; മധ്യപ്രദേശ് പൊലീസിന് മറുപടിയുമായി കൊച്ചി കമ്മീഷണർ

കൊച്ചി: കുംഭമേളയിലൂടെ വൈറലായ പെൺകുട്ടിയെ പിടികൂടാൻ മധ്യപ്രദേശ് പോലീസ് കേരളത്തിൽ തുടരുമ്പോഴും നിലപാട് കടുപ്പിച്ച് കൊച്ചി സിറ്റി പൊലീസ്. പെൺകുട്ടിയുടെ അറസ്റ്റ് പാടില്ലെന്ന് ഹൈക്കോടതിയുടെ ഉത്തരവുണ്ടെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ വ്യക്തമാക്കി. ഈ കാര്യം മധ്യപ്രദേശ് പൊലീസ് സംഘത്തെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.

പെൺകുട്ടിക്ക് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നൽകിയ പരാതി ലഭിച്ചിട്ടുണ്ടെങ്കിലും, ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പെൺകുട്ടിയെ അറസ്റ്റ് ചെയ്യുന്നതിന് ഹൈക്കോടതിയുടെ വിലക്കുണ്ട്. നിയമപരമായ ഈ തടസ്സം മധ്യപ്രദേശ് പൊലീസിനെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഒരു സേന മറ്റൊരു സേനയ്ക്ക് നൽകേണ്ട അടിസ്ഥാന സഹായം മാത്രമാണ് മധ്യപ്രദേശ് പൊലീസിന് നൽകിയത്. ഇതിനപ്പുറം ഒരു നടപടിയും ഉണ്ടായിട്ടില്ല.പെൺകുട്ടിയുടെ സുരക്ഷയുമായി ബന്ധപ്പെട്ട പരാതി ലഭിച്ചിട്ടുണ്ടെങ്കിലും, സംരക്ഷണം നൽകുന്ന കാര്യത്തിൽ തുടർനടപടികൾ സ്വീകരിച്ചിട്ടില്ല.

 പെൺകുട്ടിയെയും പങ്കാളി ഫർമാൻ ഖാനെയും മധ്യപ്രദേശിലേക്ക് കൊണ്ടുപോകുക എന്ന ലക്ഷ്യത്തോടെയാണ് പൊലീസ് സംഘം കൊച്ചിയിൽ തങ്ങുന്നത്. പ്രായപൂർത്തിയാകാതെ വിവാഹം കഴിച്ചു എന്നാരോപിച്ച് ഫർമാനെതിരെ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് മധ്യപ്രദേശ് പൊലീസ് കേസെടുത്തിരിക്കുന്നത്.

മാർച്ച് 11-ന് തിരുവനന്തപുരം അരുമാനൂർ ശ്രീനൈനാർ ദേവ ക്ഷേത്രത്തിൽ വെച്ചായിരുന്നു ഇവരുടെ വിവാഹം. അന്ന് പെൺകുട്ടിക്ക് 16 വയസ്സും രണ്ട് മാസവും മാത്രമാണ് പ്രായമെന്നാണ് ദേശീയ പട്ടികവർഗ കമ്മീഷന്റെ റിപ്പോർട്ടിലുള്ളത്. ഇതിനിടെ പെൺകുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് മധ്യപ്രദേശ് സർക്കാർ തിരക്കിട്ട് റദ്ദാക്കിയത് വലിയ വിവാദമായിരുന്നു. ഹൈക്കോടതിയുടെ ഇടപെടൽ നിലനിൽക്കെ, മധ്യപ്രദേശ് പൊലീസിന്റെ തുടർനടപടികൾ എന്തായിരിക്കുമെന്നാണ് നോക്കുന്നത്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.