തിരുവനന്തപുരം: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചര്‍ച്ചകള്‍ ഡല്‍ഹിയില്‍ മുറുകുന്നതിനിടെ, കോണ്‍ഗ്രസിനുള്ളിലെ ചേരിപ്പോര് നിയന്ത്രണം വിട്ട് തെരുവിലേക്ക്. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനെ അനുകൂലിച്ച് കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനു മുന്നില്‍ സ്ഥാപിച്ച കൂറ്റന്‍ ഫ്‌ലക്‌സ് ബോര്‍ഡുകളില്‍ അജ്ഞാതര്‍ കരിഓയില്‍ ഒഴിച്ചു. വ്യാഴാഴ്ച രാത്രിയോടെയാണ് സംഭവം നടന്നത്. ഇതേത്തുടര്‍ന്ന് ഇന്ദിരാ ഭവനു മുന്നിലുണ്ടായിരുന്ന മിക്ക ബോര്‍ഡുകളും നേതൃത്വം ഇടപെട്ട് നീക്കം ചെയ്തു.
കെ. സുധാകരന്റെ അനുകൂലികള്‍ കെ.സി. വേണുഗോപാലിനായി ‘WE WANT KC, WARM WELCOME LEADER’ എന്ന വാചകങ്ങളോടെ സ്ഥാപിച്ച ബോര്‍ഡുകള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. സെക്രട്ടറിയേറ്റിന് മുന്നില്‍ വേണുഗോപാലിന്റെ ബോര്‍ഡില്‍ അണികള്‍ പാലഭിഷേകം നടത്തി ആഘോഷിക്കുന്നതിനിടെയാണ് പാര്‍ട്ടി ആസ്ഥാനത്തിന് മുന്നില്‍ കരിഓയില്‍ പ്രയോഗം നടന്നത് എന്നത് ശ്രദ്ധേയമാണ്. ഇതോടെ വേണുഗോപാല്‍-സതീശന്‍ അനുകൂലികള്‍ തമ്മിലുള്ള പോര് മറനീക്കി പുറത്തുവന്നു.
എംഎല്‍എമാരുടെ പിന്തുണയില്‍ കെ.സി. വേണുഗോപാല്‍ ബഹുദൂരം മുന്നിലാണെന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെയാണ് വി.ഡി. സതീശന്‍ അനുകൂലികള്‍ പ്രകോപിതരായത്. വേണുഗോപാലിനായി ചരടുവലിക്കുന്നു എന്നാരോപിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ മണ്ഡലമായ പേരാവൂരിലെ ഇരിട്ടിയില്‍ സതീശന്‍ അനുകൂലികള്‍ പ്രകടനം നടത്തി. സണ്ണി ജോസഫിനുള്ള പരസ്യമായ മുന്നറിയിപ്പായിരുന്നു ഈ നീക്കം. ഇതിന് പിന്നാലെ കണ്ണൂരിന്റെ വിവിധ ഭാഗങ്ങളിലും വേണുഗോപാലിന്റെ സ്വന്തം നാട്ടിലും പ്രതിഷേധങ്ങള്‍ അരങ്ങേറി.
തൊടുപുഴയിലും നെട്ടൂരിലും വേണുഗോപാലിനെതിരെ മുദ്രാവാക്യങ്ങളുമായി പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി. കോഴിക്കോട് വി.ഡി. സതീശന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് സ്ഥാപിച്ച ബോര്‍ഡുകളില്‍ വേണുഗോപാലിനെതിരെ രൂക്ഷമായ പരിഹാസമാണുള്ളത്. ‘നോക്കുകൂലി കേരളത്തില്‍ നടപ്പില്ല’ എന്നെഴുതിയ ബോര്‍ഡുകള്‍ ഗ്രൂപ്പ് പോരിന്റെ ആഴം വ്യക്തമാക്കുന്നു. ഹൈക്കമാന്‍ഡ് നിരീക്ഷകര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെ, അണികള്‍ തമ്മിലുള്ള ഈ പരസ്യമായ ഏറ്റുമുട്ടല്‍ കോണ്‍ഗ്രസ് നേതൃത്വത്തെ കടുത്ത സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്. സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ ശ്രമിക്കുന്നുണ്ടെങ്കിലും താഴെത്തട്ടില്‍ ചേരിതിരിഞ്ഞുള്ള പോര് വരും ദിവസങ്ങളില്‍ കൂടുതല്‍ ശക്തമാകാനാണ് സാധ്യത.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


എ.എസ്.ഐ ഷിബുമോന്റെ ആത്മഹത്യ: ദുരൂഹത നീക്കാന്‍ അന്വേഷണം; ജോലിഭാരമെന്ന് സഹപ്രവര്‍ത്തകര്‍, പുതിയ വീടിന്റെ സ്വപ്നം ബാക്കിവെച്ച് മടക്കം; അഞ്ചുതെങ്ങ് സ്റ്റേഷനിലെ എ എസ് ഐയ്ക്ക് സംഭവിച്ചത് എന്ത്?





