കണ്ണൂരില്‍ സുധാകരനായി വീണ്ടും ഫ്‌ലക്‌സ് യുദ്ധം; ‘പടനായകന്‍ വരുന്നു’ എന്ന് അണികള്‍; സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പുറത്തിറങ്ങാനിരിക്കെ കോണ്‍ഗ്രസില്‍ ‘ഹൈ വോള്‍ട്ടേജ്’ നാടകം; കെ.സി. വേണുഗോപാലുമായി സുധാകരന്‍ തുറന്ന പോരിന്?

കണ്ണൂര്‍/ന്യൂഡല്‍ഹി: കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പുറത്തിറങ്ങാനിരിക്കെ, പാര്‍ട്ടിക്കുള്ളില്‍ കലാപക്കൊടി ഉയര്‍ത്തി കെ. സുധാകരന്‍ അനുകൂലികള്‍. കണ്ണൂര്‍ തളാപ്പ് റോഡിലെ ഡി.സി.സി ഓഫീസിന് മുന്നില്‍ ഇന്ന് പുലര്‍ച്ചെ വീണ്ടും സുധാകരന്റെ കൂറ്റന്‍ ഫ്‌ലക്‌സുകള്‍ പ്രത്യക്ഷപ്പെട്ടു. ‘പിണറായി സര്‍ക്കാരിനെ താഴെയിറക്കാന്‍ കോണ്‍ഗ്രസിന്റെ പടനായകന്‍ എത്തുന്നു’ എന്ന വാചകങ്ങളാണ് ഫ്‌ലക്‌സിലുള്ളത്. സുധാകരനെ കണ്ണൂരില്‍ മത്സരിപ്പിക്കണമെന്ന ആവശ്യം അണികള്‍ക്കിടയില്‍ വികാരമായി പടരുന്നതിന്റെ സൂചനയാണിത്.
നിയമസഭാ തിരഞ്ഞെടുപ്പില്‍ എം.പിമാര്‍ മത്സരിക്കേണ്ടതില്ലെന്ന ഹൈക്കമാന്‍ഡ് തീരുമാനം സുധാകരന്‍, എം.കെ. രാഘവന്‍, അടൂര്‍ പ്രകാശ് എന്നിവരെ ചൊടിപ്പിച്ചിട്ടുണ്ട്. എന്നാല്‍, പ്രവര്‍ത്തകരുടെ വികാരം മാനിച്ച് താന്‍ കണ്ണൂരില്‍ തന്നെ ജനവിധി തേടുമെന്ന ഉറച്ച നിലപാടിലാണ് സുധാകരന്‍. ഹൈക്കമാന്‍ഡ് വഴങ്ങിയില്ലെങ്കില്‍ സുധാകരന്‍ സ്വീകരിക്കുന്ന അടുത്ത നീക്കം കോണ്‍ഗ്രസിന്, പ്രത്യേകിച്ച് മലബാറില്‍ കനത്ത പ്രഹരമാകും. പേരാവൂരില്‍ കെ.പി.സി.സി അധ്യക്ഷന്‍ സണ്ണി ജോസഫും കെ.കെ. ശൈലജയും തമ്മില്‍ വന്‍ പോരാട്ടം നടക്കുമ്പോള്‍ സുധാകരന്‍ ഇടയുന്നത് യു.ഡി.എഫിന്റെ വിജയസാധ്യതകളെ ബാധിക്കുമെന്ന ആശങ്ക ശക്തമാണ്.
കണ്ണൂര്‍ സീറ്റുമായി ബന്ധപ്പെട്ട് എ.ഐ.സി.സി സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും സുധാകരനും തമ്മിലുള്ള തര്‍ക്കമാണ് കാര്യങ്ങള്‍ വഷളാക്കിയത്. കണ്ണൂരില്‍ സ്വന്തം നോമിനിയായ മുന്‍ മേയര്‍ ടി.ഒ. മോഹനനെ ഇറക്കാന്‍ കെ.സി. വേണുഗോപാല്‍ ശ്രമിച്ചതാണ് സുധാകരനെ പ്രകോപിപ്പിച്ചത്. അമൃത രാമകൃഷ്ണന്‍, റിജില്‍ മാക്കുറ്റി, മാര്‍ട്ടിന്‍ ജോര്‍ജ് എന്നിവരില്‍ ഒരാളെ കണ്ണൂരില്‍ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് സുധാകരന്റെ ആവശ്യം. താന്‍ മത്സരിക്കുന്നില്ലെങ്കില്‍ തന്റെ നോമിനികള്‍ വേണമെന്ന സുധാകരന്റെ ‘ഒത്തുതീര്‍പ്പ് ഫോര്‍മുല’ ഹൈക്കമാന്‍ഡ് അംഗീകരിക്കുമോ എന്നതാണ് കണ്ടറിയേണ്ടത്.
32 പേരുടെ ആദ്യ പട്ടിക ഇന്നുണ്ടാകുമെന്നാണ് സൂചനയെങ്കിലും തര്‍ക്കം നിലനില്‍ക്കുന്ന സീറ്റുകളില്‍ അന്തിമ തീരുമാനമായിട്ടില്ല. ഇരിക്കൂര്‍ സീറ്റില്‍ കഴിഞ്ഞ തവണ സജീവ് ജോസഫിനെ കെ.സി. വേണുഗോപാല്‍ ഏകപക്ഷീയമായി പ്രതിഷ്ഠിച്ചത് ഇത്തവണയും ആവര്‍ത്തിക്കുമെന്ന ഭയം സുധാകരന്‍ പക്ഷത്തിനുണ്ട്. ഡല്‍ഹിയില്‍ നിന്ന് അതൃപ്തിയോടെ മടങ്ങിയ സുധാകരന്‍ കണ്ണൂരിനെക്കുറിച്ച് വൈകാരികമായ കുറിപ്പ് പങ്കുവെച്ചത് അണികളെ കൂടുതല്‍ ആവേശത്തിലാക്കിയിട്ടുണ്ട്.
സുധാകരന്റെ വിശ്വസ്തരായ റിജില്‍ മാക്കുറ്റി, അമൃത രാമകൃഷ്ണന്‍ എന്നിവര്‍ക്കായി സോഷ്യല്‍ മീഡിയയില്‍ വലിയ ക്യാമ്പയിനാണ് നടക്കുന്നത്. ‘കണ്ണൂരിനെ അറിയുന്നവര്‍ കണ്ണൂരില്‍ വരണം, അല്ലാതെ പാരലല്‍ ഗ്രൂപ്പുകാരല്ല’ എന്നാണ് യുവനേതാക്കളുടെ നിലപാട്. ടി.ഒ മോഹനനെപ്പോലെയുള്ള മുതിര്‍ന്ന നേതാക്കളെ കെ.സി വേണുഗോപാല്‍ പക്ഷം പിന്‍വാതിലിലൂടെ കൊണ്ടുവരാന്‍ ശ്രമിച്ചാല്‍ ശക്തമായ പ്രതിഷേധം ഡി.സി.സി ഓഫീസിന് മുന്നില്‍ അരങ്ങേറുമെന്ന സൂചനയും ഇവര്‍ നല്‍കുന്നുണ്ട്. കെ.സി വേണുഗോപാല്‍ തന്റെ നോമിനികളെ തിരുകിക്കയറ്റാന്‍ ശ്രമിക്കുന്നത് പാര്‍ട്ടിക്ക് മലബാറില്‍ വലിയ ആഘാതം സൃഷ്ടിക്കുമെന്ന് സുധാകരന്‍ പക്ഷത്തെ യുവനിര ആരോപിക്കുന്നു.
ഇരിക്കൂര്‍ സീറ്റിലെ മുന്‍ അനുഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും, കണ്ണൂരിന്റെ മണ്ണില്‍ ചോര നീരാക്കി പണിയെടുത്തവര്‍ക്ക് സീറ്റ് നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. സുധാകരനെ അവഗണിച്ചുകൊണ്ടുള്ള ഒരു തീരുമാനവും അണികള്‍ അംഗീകരിക്കില്ലെന്ന് ഫ്‌ലക്‌സ് യുദ്ധത്തിലൂടെ അവര്‍ തെളിയിച്ചു കഴിഞ്ഞു. അതിനിടെ, കെ.സി വേണുഗോപാലിന്റെയും സുധാകരന്റെയും നോമിനികളെ മാറ്റിനിര്‍ത്തി, ഇരുവര്‍ക്കും സമ്മതനായ ഒരു പൊതുസ്ഥാനാര്‍ത്ഥിയെ കണ്ടെത്താനുള്ള ശ്രമവും ഹൈക്കമാന്‍ഡ് തലത്തില്‍ നടക്കുന്നുണ്ട്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.