കണ്ണൂര്‍/ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ സിറ്റിംഗ് എം.പിമാര്‍ മത്സരിക്കേണ്ടതില്ലെന്ന ഹൈക്കമാന്‍ഡ് നിലപാടിന് പിന്നാലെ കേരളത്തിലെ കോണ്‍ഗ്രസില്‍ അസാധാരണ പ്രതിസന്ധി. സീറ്റ് നല്‍കാമെന്ന് നേരിട്ട് ഉറപ്പുനല്‍കിയ നേതാക്കള്‍ തന്നെ തന്നെ ചതിച്ചെന്ന വികാരത്തിലാണ് മുതിര്‍ന്ന നേതാവ് കെ. സുധാകരന്‍. ഹൈക്കമാന്‍ഡ് തീരുമാനം പുറത്തുവന്നതിന് പിന്നാലെ ഡല്‍ഹിയില്‍ നിന്നും പാര്‍ലമെന്റ് സമ്മേളനം ഉപേക്ഷിച്ച് സുധാകരന്‍ നാട്ടിലേക്ക് മടങ്ങിയത് പാര്‍ട്ടി നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്.
കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റുന്ന ഘട്ടത്തില്‍ നിയമസഭയിലേക്ക് മത്സരിക്കാന്‍ സീറ്റ് നല്‍കാമെന്ന് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും നേരിട്ട് ഉറപ്പുനല്‍കിയിരുന്നുവെന്നാണ് സുധാകരന്‍ പക്ഷം വ്യക്തമാക്കുന്നത്. എന്നാല്‍, ഇപ്പോള്‍ എം.പിമാര്‍ മത്സരിക്കേണ്ടതില്ലെന്ന കര്‍ശന നിലപാട് കേന്ദ്ര നേതൃത്വം സ്വീകരിച്ചത് സുധാകരനെ ഒതുക്കാനുള്ള നീക്കമാണെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ ആരോപിക്കുന്നു. അസമില്‍ ഗൗരവ് ഗോഗോയിക്ക് നല്‍കിയ ഇളവ് തനിക്ക് എന്തുകൊണ്ട് നല്‍കുന്നില്ലെന്നാണ് സുധാകരന്റെ ചോദ്യം.
പ്രതിഷേധം കടുപ്പിക്കുന്നതിനിടെ സുധാകരന്‍ പങ്കുവെച്ച ഫെയ്സ്ബുക്ക് കുറിപ്പ് രാഷ്ട്രീയ കേരളത്തില്‍ ചര്‍ച്ചയാവുകയാണ്. ‘കണ്ണൂര്‍ എന്റെ ഹൃദയരക്തമാണ്, കമ്മ്യൂണിസ്റ്റ് കാപാലികരില്‍ നിന്ന് അണികളെ സംരക്ഷിക്കാന്‍ ഞാന്‍ മുന്നിലുണ്ടാകും’ എന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ അണികള്‍ക്ക് ആവേശം പകരുന്നതിനൊപ്പം പാര്‍ട്ടി നേതൃത്വത്തിനുള്ള മുന്നറിയിപ്പ് കൂടിയാണ്. ‘ഞാന്‍ അറിയാത്ത കണ്ണൂരില്ല, എന്നെ അറിയാത്ത കണ്ണൂരുമില്ല’ എന്ന പ്രഖ്യാപനം തന്റെ തട്ടകത്തില്‍ ആര്‍ക്കും തന്നെ മാറ്റിനിര്‍ത്താനാവില്ല എന്ന വ്യക്തമായ സൂചനയാണ് നല്‍കുന്നത്.
സുധാകരനെ ഒതുക്കാന്‍ ശ്രമിച്ചാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് കാട്ടി കണ്ണൂരിലെമ്പാടും ഫ്‌ലക്‌സുകളും പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു. ‘കെ. സുധാകരന്‍ തുടരും’, ‘സുധാകരന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരം’ തുടങ്ങിയ വാചകങ്ങളുമായാണ് പ്രവര്‍ത്തകര്‍ തെരുവിലിറങ്ങുന്നത്. കെ.പി.സി.സി ഓഫീസിന് മുന്നിലും പ്രതിഷേധം പുകയുകയാണ്. സുധാകരനെ പിണക്കിയാല്‍ കണ്ണൂരിലെ പാര്‍ട്ടി സംവിധാനം തന്നെ സ്തംഭിക്കുമെന്ന ഭീഷണിയാണ് ഉയരുന്നത്.
അതേസമയം, കെ. സുധാകരന്‍ പിണങ്ങിയല്ല മടങ്ങിയതെന്നും മണ്ഡലത്തിലെ പരിപാടികള്‍ ഉള്ളതുകൊണ്ടാണ് പോയതെന്നുമുള്ള വിശദീകരണവുമായി കെ.പി.സി.സി അധ്യക്ഷന്‍ സണ്ണി ജോസഫ് രംഗത്തെത്തി. എന്നാല്‍, സ്‌ക്രീനിംഗ് കമ്മിറ്റിയിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാതെ സുധാകരന്‍ മടങ്ങിയത് വരാനിരിക്കുന്ന വലിയ പൊട്ടിത്തെറിയുടെ സൂചനയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. തിങ്കളാഴ്ച ചേരുന്ന കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം സുധാകരന്റെ കാര്യത്തില്‍ എന്ത് നിലപാട് എടുക്കുമെന്നതിനെ ആശ്രയിച്ചിരിക്കും കോണ്‍ഗ്രസിന്റെ വരുംദിവസങ്ങളിലെ ഭാവി.
സുധാകരന്റെ പോസ്റ്റ് ചുവടെ
“കണ്ണൂര്‍ എന്നത് എന്റെ ഹൃദയ രക്തമാണ്. കണ്ണൂരിലെ കോണ്‍ഗ്രസ്സ് എന്നും എന്റെ മേല്‍വിലാസവുമാണ്. കല്ലില്‍ നിന്നും, കത്തിയില്‍ നിന്നും, അരിവാളില്‍ നിന്നും, ബോംബില്‍ നിന്നും തള്ളക്കോഴി കുഞ്ഞുങ്ങളെ ചിറകിനടിയില്‍ സംരക്ഷിക്കുന്നതുപോലെ ഞാന്‍ മുന്നില്‍ നിന്ന് പൊരുതി സംരക്ഷിച്ച എന്റെ സഹോദരരെ കമ്മ്യൂണിസ്റ്റു കാപാലികര്‍ ഉപദ്രവിക്കുന്നത് കണ്ടു നില്ക്കാന്‍ എനിക്കൊരിക്കലും സാധിക്കില്ല.
ഞാന്‍ ഉണരുമ്പോള്‍ എന്റെ കണ്ണില്‍ തെളിയുന്നത് ജീവനും രക്തവും നല്‍കി നമ്മളൊരുമിച്ചു കെട്ടിപ്പടുത്ത നമ്മുടെ പാര്‍ട്ടിയുടെ സ്വപ്നങ്ങളാണ്.
ഞാന്‍ കണ്ണടക്കുമ്പോള്‍ ഉള്‍ക്കണ്ണില്‍ തെളിഞ്ഞു വരുന്നത് കമ്മ്യൂണിസ്റ്റുകാര്‍ നരനായാട്ട് നടത്തി കൊലപ്പെടുത്തിയ എന്റെ സഹപ്രവര്‍ത്തകരുടെ ചേതനയറ്റ മുഖവുമാണ്.
കണ്ണൂര്‍ ഹൃദയരക്തം ഇറ്റി വീണ നമ്മുടെ മണ്ണാണ്. പൊരുതി വിജയിച്ച കോണ്‍ഗ്രസ്സുകാരുടെ
ത്യാഗഭൂമിയാണ്. ആ മണ്ണിന് വേണ്ടി കോണ്‍ഗ്രസിന്റെ ത്രിവര്‍ണ്ണ പതാക നെഞ്ചിലേറ്റി
കെ. സുധാകരന്‍ എന്നും മുന്നില്‍ തന്നെ ഉണ്ടാകും. എന്റെ ചോരയും വിയര്‍പ്പും വീണ മണ്ണില്‍, എന്റെ സഹപ്രവര്‍ത്തകരുടെ ചോരവീണ മണ്ണില്‍, ഉറ്റവരെ നഷ്ടപ്പെട്ട പ്രിയപ്പെട്ടവരുടെ ചങ്കു പിളര്‍ന്ന വിലാപങ്ങളുയര്‍ന്ന മണ്ണില്‍ കെ.സുധാകരന്‍ തലയുയര്‍ത്തി നില്ക്കും.
എന്റെ പ്രസ്ഥാനത്തെ സംരക്ഷിക്കാനുള്ള പ്രവര്‍ത്തനത്തിനിടയില്‍ എന്റെ വീടിനെയും വീട്ടുകാരെയും കുറിച്ച് ഞാന്‍ ഈ നിമിഷം വരെ ചിന്തിച്ചിട്ടില്ല. എന്റെ കൈപിടിച്ച് വളര്‍ന്നവരും പ്രവര്‍ത്തിച്ചവരുമാണ് ഇന്ന് കണ്ണൂരിലുള്ള ഓരോ നേതാക്കളും. ഞാന്‍ അറിയാത്ത കണ്ണൂരില്ല, എന്നെ അറിയാത്ത കണ്ണൂരുമില്ല. കടന്നുവന്ന കനല്‍ വഴികള്‍ ഒരുപക്ഷെ മറ്റുള്ളവര്‍ക്ക് മറക്കാനാകുമായിരിക്കും, പക്ഷെ എനിക്കതൊന്നും മരണത്തിലും മറക്കാനാവാത്ത പച്ചയായ യാഥാര്‍ഥ്യങ്ങളാണ്.”
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


താനൂരിലെ ‘പാകിസ്ഥാന്’ പരാമര്‍ശം: വിവാദം ആളിക്കത്തുന്നു; വിശദീകരണവുമായി മന്ത്രി വി. അബ്ദുറഹ്മാന്; ലീഗ് അനാവശ്യമായി കളവ് പ്രചരിപ്പിക്കുന്നു!





