ന്യൂഡല്‍ഹി: സ്ഥാനാര്‍ഥിനിര്‍ണയത്തെച്ചൊല്ലി ദിവസങ്ങള്‍ നീണ്ട നാടകീയതകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും ഒടുവില്‍ കെ. സുധാകരന്‍ അനുനയത്തിന് വഴങ്ങിയത് ഹൈക്കമാന്‍ഡിന്റെ തന്ത്രപരമായ ഇടപെടലിലൂടെ. സ്ഥാനാര്‍ഥിപ്പട്ടിക പുറത്തിറക്കുന്നതിന് തൊട്ടുമുമ്പ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ നേരിട്ട് നടത്തിയ ഇടപെടലാണ് കണ്ണൂരിലെ കരുത്തനെ തണുപ്പിച്ചത്. സുധാകരന്റെ വാക്കുകളെ രാഹുല്‍ ഗാന്ധിയുടെ കൂടി നിലപാടായി കണക്കാക്കണമെന്ന് ഖാര്‍ഗെ ഉറപ്പുനല്‍കിയതോടെയാണ് ഡല്‍ഹിയിലെ മഞ്ഞുരുകിയത്.
സ്ഥാനാര്‍ഥിപ്പട്ടിക അന്തിമമാകുമ്പോഴും സുധാകരന്‍ തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നത് വലിയ രാഷ്ട്രീയ പ്രത്യാഘാതമുണ്ടാക്കുമെന്ന് സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ തിരിച്ചറിഞ്ഞിരുന്നു. ബെംഗളൂരുവിലായിരുന്ന ഖാര്‍ഗെയോട് സുധാകരനുമായി നേരിട്ട് സംസാരിക്കണമെന്ന് വേണുഗോപാല്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് നടന്ന ഫോണ്‍ സംഭാഷണത്തില്‍, എം.പിമാര്‍ക്ക് ഇളവ് നല്‍കാനാവില്ലെന്ന ഹൈക്കമാന്‍ഡ് തീരുമാനം ഖാര്‍ഗെ സുധാകരനെ ബോധ്യപ്പെടുത്തി. എന്നാല്‍, നേതൃത്വവുമായി നേരിട്ട് സംസാരിക്കണമെന്ന ആവശ്യത്തില്‍ സുധാകരന്‍ ഉറച്ചുനിന്നു.
ബെംഗളൂരുവില്‍ നിന്ന് രണ്ട് ദിവസത്തിനുള്ളില്‍ തിരിച്ചെത്തിയാലുടന്‍ രാഹുല്‍ ഗാന്ധിക്കൊപ്പം സുധാകരനെ നേരിട്ട് കാണാമെന്ന് ഖാര്‍ഗെ ഉറപ്പുനല്‍കി. ‘തന്റെ വാക്കുകള്‍ രാഹുലിന്റേതു കൂടിയായി കണക്കാക്കണം’ എന്ന് ഖാര്‍ഗെ പറഞ്ഞതോടെ സുധാകരന്റെ ആശങ്കകള്‍ക്ക് പരിഹാരമായി. തന്റെ രാഷ്ട്രീയ അന്തസ്സും പാര്‍ട്ടിയിലെ സ്ഥാനവും സംരക്ഷിക്കപ്പെടുമെന്ന ഉറപ്പാണ് സുധാകരനെ പിന്‍വാങ്ങാന്‍ പ്രേരിപ്പിച്ചത്.
സുധാകരനടക്കമുള്ള എം.പിമാരുടെ മത്സരതാല്‍പര്യം ഹൈക്കമാന്‍ഡ് പലവട്ടം ചര്‍ച്ച ചെയ്‌തെങ്കിലും ആര്‍ക്കും ഇളവ് നല്‍കേണ്ടതില്ലെന്ന കര്‍ശന നിലപാടിലായിരുന്നു നേതൃത്വം. സുധാകരന് ഇളവ് നല്‍കിയാല്‍ മറ്റ് മൂന്ന് എം.പിമാര്‍ക്കെങ്കിലും ഇളവ് നല്‍കേണ്ടി വരുമെന്നും ഇത് കേരളത്തില്‍ 21 നിയമസഭാ മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിന് തുല്യമാകുമെന്നും ഖാര്‍ഗെ വിലയിരുത്തി. കൂട്ടത്തോടെ ഉപതിരഞ്ഞെടുപ്പ് വരുന്നത് ഭരണവിരുദ്ധ വികാരം തിരിച്ചുവിടാന്‍ എല്‍.ഡി.എഫിന് ആയുധമാകുമെന്ന ആശങ്കയും ഹൈക്കമാന്‍ഡ് പങ്കുവെച്ചു.
നേരത്തെ കെ.സി. വേണുഗോപാല്‍ നിയോഗിച്ച എ.പി. അനില്‍കുമാറും ഷാഫി പറമ്പിലും സുധാകരനെ കണ്ട് അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം വഴങ്ങിയിരുന്നില്ല. തുടര്‍ന്ന് എ.കെ. ആന്റണിയും സുധാകരനുമായി സംസാരിച്ചു. പിണറായി വിജയന്റെ തുടര്‍ഭരണം തടയുക എന്ന ലക്ഷ്യത്തിനായി വ്യക്തിപരമായ താല്പര്യങ്ങള്‍ മാറ്റിവെക്കണമെന്ന ആന്റണിയുടെ അഭ്യര്‍ത്ഥനയും സുധാകരനെ മാറ്റിച്ചിന്തിപ്പിച്ചു. ഒടുവില്‍ ഹൈക്കമാന്‍ഡിന്റെ ഉറച്ച വാഗ്ദാനങ്ങള്‍ക്ക് മുന്നില്‍ ‘പാര്‍ട്ടി വലുത്’ എന്ന നിലപാടിലേക്ക് സുധാകരന്‍ എത്തുകയായിരുന്നു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ബിജെപി സ്ഥാനാര്‍ത്ഥിപ്പട്ടിക റെഡി; മഞ്ചേശ്വരത്ത് സുരേന്ദ്രന്, പാലക്കാട് ശോഭ, കഴക്കൂട്ടത്ത് വി. മുരളീധരന്; കുമ്മനത്തിന് സീറ്റില്ല?





