ജനനായകന്‍’ സുപ്രീംകോടതിയിലേക്ക്; പൊങ്കല്‍ റിലീസിനായി തീവ്രശ്രമം, വിധി അനുകൂലമാകുന്ന പ്രതീക്ഷയില്‍ വിജയ് ആരാധകര്‍

ചെന്നൈ : വിജയ് ചിത്രം ‘ജനനായകന്‍’ പൊങ്കലിന് തന്നെ തിയേറ്ററിലെത്തിക്കാനുള്ള തീവ്രശ്രമവുമായി നിര്‍മ്മാതാക്കള്‍ സുപ്രീംകോടതിയിലേക്ക്. മദ്രാസ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് സ്റ്റേ ചെയ്തതോടെയാണ് റിലീസ് അനിശ്ചിതത്വത്തിലായത്. തിങ്കളാഴ്ച തന്നെ ഹര്‍ജി സുപ്രീംകോടതിയുടെ ശ്രദ്ധയില്‍പ്പെടുത്താനാണ് കെ.വി.എന്‍. പ്രൊഡക്ഷന്‍സിന്റെ നീക്കം.

സിനിമയ്ക്ക് ഉടന്‍ പ്രദര്‍ശനാനുമതി നല്‍കണമെന്ന് വെള്ളിയാഴ്ച രാവിലെ സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇത് വിജയ് ആരാധകര്‍ക്ക് വലിയ ആവേശം നല്‍കി.

എന്നാല്‍ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സെന്‍സര്‍ ബോര്‍ഡ് (CBFC) അപ്പീല്‍ നല്‍കി. ശനിയാഴ്ച വൈകുന്നേരത്തോടെ ഡിവിഷന്‍ ബെഞ്ച് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് സ്റ്റേ ചെയ്യുകയും കേസ് ജനുവരി 21-ലേക്ക് മാറ്റുകയും ചെയ്തു. ഇതോടെ പൊങ്കല്‍ റിലീസ് പ്രതിസന്ധിയിലായി.

സിനിമ പറഞ്ഞ സമയത്ത് എത്തിക്കാന്‍ കഴിയാത്തതില്‍ നിര്‍മ്മാതാവ് കെ. വെങ്കട്ട് നാരായണ വീഡിയോ സന്ദേശത്തിലൂടെ പ്രേക്ഷകരോടും തിയേറ്റര്‍ ഉടമകളോടും ക്ഷമ ചോദിച്ചു. വിജയിയുടെ അഭിനയ ജീവിതത്തിലെ അവസാന ചിത്രങ്ങളില്‍ ഒന്നായതിനാല്‍ അര്‍ഹിക്കുന്ന യാത്രയയപ്പ് നല്‍കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഡിസംബര്‍ 18-ന് സെന്‍സര്‍ ബോര്‍ഡിന് സമര്‍പ്പിച്ച സിനിമയ്ക്ക് ആദ്യം യു/എ സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ജനുവരി 5-ന് ഒരു പരാതിയുടെ അടിസ്ഥാനത്തില്‍ സിനിമ പുനഃപരിശോധനാ സമിതിക്ക് വിട്ടതാണ് റിലീസ് വൈകാന്‍ കാരണമെന്ന് നിര്‍മ്മാതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.