ദില്ലി: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അതീവ ഗൗരവകരമായ നിരീക്ഷണങ്ങളുമായി സുപ്രീം കോടതി. കേസ് പരിഗണിക്കുന്നതിനിടെ, “ശബരിമലയിൽ ഇനി എന്തെങ്കിലും സ്വർണ്ണം അവശേഷിക്കുന്നുണ്ടോ?” എന്ന് ജസ്റ്റിസ് സതീശ് ചന്ദ്രശർമ്മ ചോദിച്ചു. നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തുമ്പോൾ ഇത്തരമൊരു ചോദ്യം ചോദിക്കാതിരിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. കേസിലെ പ്രതിയായ പങ്കജ് ഭണ്ഡാരിയുടെ ജാമ്യ ഹർജി പരിഗണിക്കുന്നത് കോടതി മാർച്ച് ഒൻപതിലേക്ക് മാറ്റി.
ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. പ്രതിപ്പട്ടികയിലുള്ള എസ്. ജയശ്രീക്ക് ആരോഗ്യപരമായ കാരണങ്ങളാൽ കോടതി ജാമ്യം അനുവദിച്ചെങ്കിലും, മറ്റ് പ്രതികൾക്ക് നിലവിൽ യാതൊരു ഇളവും നൽകാനാവില്ലെന്ന സൂചനയാണ് കോടതി നൽകിയത്. തന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ഭണ്ഡാരി കോടതിയിൽ വാദിച്ചു. മംഗൾയാനിലും ചന്ദ്രയാനിലും വരെ സ്വർണ്ണം പൂശി നൽകിയ പ്രശസ്തമായ കമ്പനിയുടെ ഉടമയാണ് താനെന്നും, സ്വർണ്ണം മോഷ്ടിക്കേണ്ട സാഹചര്യം തനിക്കില്ലെന്നും അദ്ദേഹം വാദിച്ചെങ്കിലും കോടതി ഇത് മുഖവിലയ്ക്കെടുത്തില്ല.
കേസ് വെള്ളിയാഴ്ച പരിഗണിക്കണമെന്ന അഭിഭാഷകന്റെ ആവശ്യം തള്ളിയ കോടതി, മാർച്ച് ഒൻപതിലേക്ക് മാറ്റിവെക്കുകയായിരുന്നു. ശബരിമലയിലെ സ്വർണ്ണത്തിന്റെ അളവിൽ വലിയ ക്രമക്കേട് നടന്നുവെന്ന ആരോപണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ സുപ്രീം കോടതിയുടെ ഈ ചോദ്യം വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. സ്വർണ്ണത്തിന്റെ കൃത്യമായ കണക്കുകൾ ഹാജരാക്കാൻ അന്വേഷണ സംഘത്തിന് കൂടുതൽ സമ്മർദ്ദമുണ്ടാക്കുന്നതാണ് കോടതിയുടെ പുതിയ നിരീക്ഷണം.
ജന്മദിനത്തിലും വിവാഹ വാര്‍ഷികത്തിലും പോലീസുകാര്‍ക്ക് അവധി പ്രഖ്യാപിച്ച് കര്‍ണാടക; സമ്മര്‍ദ്ദം കുറയുന്നതിലൂടെ പ്രവര്‍ത്തന ക്ഷമത കൂടുമെന്ന് ഡിജിപി


യുപിയിൽ പ്രകൃതിക്ഷോഭം: 111 പേർക്ക് ജീവൻ നഷ്ടമായി; വീടുകളും കൃഷിയും നശിച്ചു





