അഞ്ചല്‍: വാഗ്ദാനം നല്‍കിയ വിവാഹത്തില്‍നിന്ന് പൊലീസുകാരന്‍ പിന്മാറിയതിന്റെ പ്രതികാരം തീര്‍ക്കാന്‍ അര്‍ദ്ധരാത്രി വീടുക്രമിച്ച് ബൈക്ക് കത്തിച്ച കേസില്‍ രണ്ട് യുവതികള്‍ പിടിയിലായ സംഭവത്തില്‍ ഉന്നതതല ഗൂഢാലോചനയെന്ന് സംശയം. കേസില്‍ വലിയൊരു സംഘത്തിന്റെ ആസൂത്രണം നടന്നിട്ടുണ്ടെന്ന നിഗമനത്തില്‍ വിശദമായ അന്വേഷണത്തിനൊരുങ്ങുകയാണ് പൊലീസ്. അതിനിടെ ചോദ്യം ചെയ്യലിനിടെ സ്റ്റേഷനില്‍വെച്ച് എലിവിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച മുഖ്യപ്രതി ആരതി രാജിനെ (26) പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ അപകടാവസ്ഥ തരണം ചെയ്തതായി അധികൃതര്‍ അറിയിച്ചു. ആരതിയുടെ സുഹൃത്ത് ഇടുക്കി കല്‍ത്തൊട്ടി വെളിനാങ്കട്ടം നെല്ലിമൂട്ടില്‍ ഗായത്രി മോഹനനും (26) കേസില്‍ അറസ്റ്റിലായിട്ടുണ്ട്.
പത്തനംതിട്ട ആറന്മുള സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായ ആര്‍ച്ചല്‍ പാലവിള സ്വദേശി വിവേകിന്റെ വീടിനു നേരെയാണ് കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെ ആക്രമണമുണ്ടായത്. മുറ്റത്തു പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് പൂര്‍ണ്ണമായും കത്തിച്ചാമ്പലായ നിലയിലായിരുന്നു. പൊലീസുകാരന്റെ വീടിനു നേരെ ആക്രമണം ഉണ്ടായതോടെ ഉന്നത ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തി അന്വേഷണം ഊര്‍ജ്ജിതമാക്കി. എന്നാല്‍ പരിസരത്തെ സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തതയില്ലാതിരുന്നത് തുടക്കത്തില്‍ പൊലീസിനെ കുഴക്കി.
ഇരുട്ടിന്റെ മറവില്‍ നടന്ന കൃത്യമായതിനാല്‍ പ്രതികളെ കണ്ടെത്താന്‍ ശാസ്ത്രീയമായ വഴികളാണ് പൊലീസ് തേടിയത്. സംഭവസമയം ആര്‍ച്ചല്‍ പരിസരത്തു വന്നുപോയ വാഹനങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം ഒടുവില്‍ ഒരു ഓട്ടോറിക്ഷയില്‍ ചെന്നെത്തി. തുടര്‍ന്ന് ഓട്ടോ ഡ്രൈവറെ കണ്ടെത്തി ചോദ്യം ചെയ്തതോടെയാണ് കേസിലെ നിര്‍ണ്ണായക വഴിത്തിരിവിലേക്ക് പൊലീസ് എത്തിയത്.
രാത്രിയില്‍ സംശയകരമായ സാഹചര്യത്തില്‍ രണ്ടു യുവതികള്‍ യാത്ര ചെയ്തിരുന്നതായി ഡ്രൈവര്‍ പൊലീസിനോട് സമ്മതിച്ചു. യാത്രക്കൂലി ഇവര്‍ ഡിജിറ്റല്‍ ഇടപാടിലൂടെയാണ് നല്‍കിയതെന്ന വിവരമാണ് അന്വേഷണത്തില്‍ നിര്‍ണ്ണായകമായത്. ഗൂഗിള്‍ പേ വഴി പണം കൈമാറിയ ഫോണ്‍ നമ്പറിന്റെ ഉടമസ്ഥരെ കേന്ദ്രീകരിച്ച് സൈബര്‍ സെല്‍ നടത്തിയ അന്വേഷണം ഒടുവില്‍ ആരതിയിലേക്കും ഗായത്രിയിലേക്കും എത്തിക്കുകയായിരുന്നു.
തൊട്ടുപിന്നാലെ ഡിജിറ്റല്‍ രേഖകളുടെ അടിസ്ഥാനത്തില്‍ സംശയമുള്ളവരുടെ ചിത്രങ്ങള്‍ പൊലീസ് തയ്യാറാക്കി. ഈ ചിത്രങ്ങള്‍ ഓട്ടോ ഡ്രൈവറെ കാണിച്ചപ്പോള്‍, അന്നു രാത്രി തന്റെ വണ്ടിയില്‍ യാത്ര ചെയ്തവര്‍ ഇവര്‍ തന്നെയെന്ന് ഡ്രൈവര്‍ തിരിച്ചറിഞ്ഞു. ഇതോടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കൂടി പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമാണ് പൊലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്.
അറസ്റ്റിലായ ആരതി രാജും പൊലീസുകാരനായ വിവേകും തമ്മില്‍ മുന്‍പ് വിവാഹനിശ്ചയം കഴിഞ്ഞിരുന്നതായി പൊലീസ് പറഞ്ഞു. എന്നാല്‍ പിന്നീട് ചില കുടുംബ പ്രശ്‌നങ്ങളെത്തുടര്‍ന്ന് വിവേകിന്റെ വീട്ടുകാര്‍ ഈ ബന്ധത്തില്‍നിന്നു പിന്മാറുകയായിരുന്നു. ഇതിന്റെ വൈരാഗ്യമാണ് മുന്‍ പ്രതിശ്രുത വരന്റെ കുടുംബത്തെ പാഠം പഠിപ്പിക്കണമെന്ന കടുത്ത പ്രതികാര ചിന്തയിലേക്ക് യുവതിയെ നയിച്ചത്.
കൃത്യമായ പ്ലാനിങ്ങോടെയാണ് ഇരുവരും അഞ്ചലിലെത്തിയത്. ശനിയാഴ്ച പകല്‍സമയത്തു തന്നെ ആര്‍ച്ചലില്‍ എത്തിയ യുവതികള്‍ ആര്‍ക്കും സംശയം തോന്നാത്ത രീതിയില്‍ പ്രദേശത്തെ വായനശാലയുടെ പരിസരത്ത് ഒളിച്ചിരിക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരും വീട്ടുകാരും കടുത്ത ഉറക്കത്തിലായ പുലര്‍ച്ചെ സമയം നോക്കി വീട്ടുപറമ്പിലേക്ക് അതിക്രമിച്ചു കയറുകയും ബൈക്കില്‍ പെട്രോളൊഴിച്ച് തീയിടുകയുമായിരുന്നു.
കേസ് പൂര്‍ണ്ണമായും വഴിതിരിച്ചുവിടാനുള്ള നാടകീയ ശ്രമങ്ങളും യുവതികള്‍ നടത്തിയിരുന്നു. വിവേകിന്റെ വീടിയുടെ മുന്‍വശത്തെ പടികളില്‍ കരിഓയില്‍ ഒഴിച്ച ഇവര്‍, ഉമ്മറത്ത് ഒരു ഭീഷണിക്കത്തും ഉപേക്ഷിച്ചിരുന്നു. സംസ്ഥാനത്തെ പ്രമുഖമായ ഒരു വിദ്യാര്‍ത്ഥി സംഘടനയുടെ പേരാണ് കത്തില്‍ എഴുതിയിരുന്നത്. രാഷ്ട്രീയ വൈരാഗ്യം മൂലമുള്ള ആക്രമണമാണെന്ന് വരുത്തിത്തീര്‍ത്ത് പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനായിരുന്നു ഈ നീക്കമെന്ന് ഇവര്‍ സമ്മതിച്ചു.
എന്നാല്‍ കേവലം രണ്ട് യുവതികള്‍ക്ക് മാത്രമായി ഇത്രയും ആസൂത്രിതമായി പൊലീസിനെപ്പോലും വെട്ടിക്കുന്ന രീതിയില്‍ ഒരു കുറ്റകൃത്യം ചെയ്യാനാകില്ലെന്നാണ് അന്വേഷണസംഘം വിലയിരുത്തുന്നത്. പ്രമുഖ വിദ്യാര്‍ത്ഥി സംഘടനയുടെ പേര് കത്തില്‍ ഉപയോഗിച്ചതിന് പിന്നില്‍ കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടോ, അതോ കേസ് വഴിതിരിച്ചുവിടാന്‍ മറ്റാരെങ്കിലും ഉപദേശിച്ചതാണോ എന്ന കാര്യത്തില്‍ ശക്തമായ സംശയമുണ്ട്. ലോക്കപ്പിലെ ആത്മഹത്യാശ്രമം പോലും വലിയൊരു ലോബിയെ പുറത്തുകൊണ്ടുവരാതിരിക്കാനുള്ള ഭയം മൂലമാണോ എന്നും സംശയിക്കുന്നു.
സംഭവത്തില്‍ ഇവര്‍ക്ക് പ്രാദേശികമായി ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്ന് പൊലീസ് അതീവ ഗൗരവത്തോടെയാണ് അന്വേഷിക്കുന്നത്. അര്‍ദ്ധരാത്രി സമയത്ത് ഇന്ധനം സംഘടിപ്പിക്കാനും കൃത്യമായി വഴി മനസ്സിലാക്കാനും മറ്റാരെങ്കിലും ഒത്താശ ചെയ്‌തോ എന്നറിയാന്‍ പ്രതികളുടെ ഫോണ്‍ കോള്‍ വിവരങ്ങളും സോഷ്യല്‍ മീഡിയ ചാറ്റുകളും സൈബര്‍ സെല്ലിന്റെ സഹായത്തോടെ വിശദമായി പരിശോധിക്കുകയാണ്. പ്രതികളുടെ പിന്നില്‍ വലിയൊരു ഗൂഢാലോചന സംഘം തന്നെയുണ്ടെന്ന സംശയത്തില്‍ വരും ദിവസങ്ങളില്‍ കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടായേക്കുമെന്നാണ് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


‘ഉത്തരേന്ത്യന്‍ മോഡല്‍’ കേരളത്തിലേക്ക്? കരോള്‍ സംഘത്തിനെതിരായ സംഘപരിവാര്‍ ആക്രമണം ന്യൂനപക്ഷ വേട്ടയുടെ തുടര്‍ച്ചയെന്ന് എസ്ഡിപിഐ – സംസ്ഥാന സെക്രട്ടറി അന്‍സാരി ഏനാത്ത്





