കോഴിക്കോട്: സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന പെൺകുട്ടിയെ തന്ത്രപരമായി വഴിയിൽ തടഞ്ഞുനിർത്തി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. കല്ലായി മുഖദാർ സ്വദേശി അറക്കത്തൊടിക വീട്ടിൽ അജ്മൽ ബിലാലിനെയാണ് (24) ചെമ്മങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. നേരത്തെ കാപ്പ നിയമപ്രകാരം നാടുകടത്തിയിരുന്ന പ്രതി, നിയമം ലംഘിച്ച് ജില്ലയിൽ തിരിച്ചെത്തിയ ശേഷമാണ് അതിക്രമം നടത്തിയത്.
സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന പെൺകുട്ടിയെ പ്രതി മറ്റൊരു സ്കൂട്ടറിൽ പിന്തുടരുകയായിരുന്നു. “ബാക്ക് ടയർ ഇളകുന്നുണ്ട്, നട്ട് ലൂസാണെന്ന്” പറഞ്ഞ് വിശ്വസിപ്പിച്ച പ്രതി വണ്ടി നന്നാക്കാൻ വർക്ക് ഷോപ്പ് കാണിച്ചുതരാമെന്ന് പറഞ്ഞ് പെൺകുട്ടിയെ വഴിതിരിച്ചുവിട്ടു. വാഹനം നിർത്തിയ പെൺകുട്ടിയെ പ്രതി പീഡിപ്പിക്കാൻ ശ്രമിച്ചു. അവിടെനിന്ന് രക്ഷപ്പെട്ട് സ്കൂട്ടറുമായി പോയ പെൺകുട്ടിയെ പ്രതി വീണ്ടും പിന്തുടർന്ന് തടഞ്ഞുനിർത്തി ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു. പെൺകുട്ടി ഉറക്കെ നിലവിളിച്ചതോടെ ആളുകൾ ഓടിക്കൂടി. ഇതോടെ പ്രതി സംഭവസ്ഥലത്തുനിന്ന് സ്കൂട്ടറിൽ പാഞ്ഞുപോയി.
പോലീസിന് സ്ഥിരം തലവേദനയായ അജ്മൽ ബിലാൽ ഒട്ടേറെ കേസുകളിൽ പ്രതിയാണെന്ന് പോലീസ് വ്യക്തമാക്കി.കേസുകളുടെ പട്ടിക: മോഷണം, മയക്കുമരുന്ന് ഉപയോഗം, മാരകായുധം കാണിച്ച് ഭീഷണിപ്പെടുത്തൽ, സ്ത്രീകളെ വീട്ടിൽക്കയറി ആക്രമിക്കൽ തുടങ്ങി കോഴിക്കോട് നഗരത്തിലെ വിവിധ സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ നിരവധി കേസുകളുണ്ട്.കുറ്റകൃത്യങ്ങൾ ആവർത്തിച്ചതോടെ ഇയാളെ ഒരു വർഷത്തേക്ക് കാപ്പ ചുമത്തി നാടുകടത്തിയിരുന്നു. ഇത് ലംഘിച്ചാണ് ഇയാൾ വീണ്ടും കോഴിക്കോട്ട് എത്തിയത്.ചെമ്മങ്ങാട് ഇൻസ്പെക്ടർ ജോബി തോമസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ചക്കുംകടവിലുള്ള വീട്ടിൽനിന്ന് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


അലുവ അതുൽ കേസ്: ജെ.കെ. ദിനിലിന് അന്വേഷണ മേൽനോട്ട ചുമതല





