മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കൽ ; വിധി നടപ്പാക്കാൻ സർക്കാരിന് രണ്ടാഴ്ച കൂടി സമയം നൽകി ഹൈക്കോടതി

എറണാകുളം : എറണാകുളം മലയിടംതുരുത്തിലെ   കുടിയൊഴിപ്പിക്കൽ നടപടിയുമായി ബന്ധപ്പെട്ട കേസിൽ കർശന നിലപാടെടുത്ത് ഹൈക്കോടതി. കോടതി വിധിയെ മാനിച്ച് വിധി നടപ്പാക്കുകയല്ലാതെ സർക്കാരിന് മുന്നിൽ മറ്റ് മാർഗ്ഗങ്ങളില്ലെന്നാണ് സിംഗിൾ ബെഞ്ച് വ്യക്തമാക്കിയത്. കുടിയൊഴിപ്പിക്കലിന്റെ സാങ്കേതികത്വം പറയാതെ, വിധി സംരക്ഷിക്കാൻ  സർക്കാരിന് ബാധ്യതയുള്ളതായും ഹൈക്കോടതി ഓർമ്മിപ്പിച്ചു.

അതേസമയം, കോളനി നിവാസികളായ കുടുംബങ്ങളെ പെരുവഴിയിലാക്കാതെ പ്രശ്നം സമാധാനപരമായി പരിഹരിക്കാൻ രണ്ടാഴ്ചത്തെ സമയം കൂടി വേണമെന്ന സർക്കാരിന്റെ അടിയന്തര ആവശ്യം കോടതി അംഗീകരിച്ചു. സാധ്യമായ എല്ലാ നടപടികളും സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്ന് അഡ്വക്കേറ്റ് ജനറൽ കോടതിയെ അറിയിച്ചതിനെ തുടർന്നാണ് കോടതി രണ്ടാഴ്ചത്തെ സാവകാശം അനുവദിച്ചത്. മുൻ ഉത്തരവ് പ്രകാരം മെയ് 26-നകം കുടിയൊഴിപ്പിക്കൽ പൂർത്തിയാക്കാനായിരുന്നു കോടതി നിർദ്ദേശം.

തർക്കഭൂമിയിൽ തുടരണമെങ്കിൽ അവിടെ താമസിക്കുന്നവർക്ക് കൃത്യമായ നിയമപരമായ അവകാശം ഉണ്ടാകേണ്ടതുണ്ട്. എന്നാൽ ഈ അവകാശം നേടിയെടുക്കാനായി കുടുംബങ്ങൾ ഒരു നിയമവഴിയും സ്വീകരിച്ചിട്ടില്ല. ഒരുതരത്തിലും കോടതിയെ സമീപിക്കാത്തിടത്തോളം കാലം നിയമപ്രകാരമുള്ള കുടിയൊഴിപ്പിക്കൽ തടയാനാകില്ലെന്നും ഹൈക്കോടതി സിംഗിൾ ബെഞ്ച് അഭിപ്രായപ്പെട്ടു.

ഇക്കഴിഞ്ഞ മാർച്ച് 19-ന് ഹർജി പരിഗണിച്ച ഹൈക്കോടതി ഉത്തരവ് ഉടനടി നടപ്പാക്കാൻ നിർദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം അഭിഭാഷക കമ്മീഷൻ അഡ്വ. ജയപാലിന്റെ നേതൃത്വത്തിൽ അധികൃതർ മലയിടംതുരുത്തിൽ ഒഴിപ്പിക്കലിനായി എത്തിയപ്പോൾ വലിയ രീതിയിലുള്ള പ്രതിഷേധവും പോലീസ് ലാത്തിച്ചാർജ്ജും അരങ്ങേറിയിരുന്നു. ഈ സംഘർഷ പശ്ചാത്തലം കൂടി കണക്കിലെടുത്താണ് സർക്കാർ കോടതിയിൽ കൂടുതൽ സമയം ആവശ്യപ്പെട്ടത്. കേസ്  രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും ഹൈക്കോടതി പരിഗണിക്കും.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.