തിരുവനന്തപുരം: പോലീസ് അസോസിയേഷൻ തിരുവനന്തപുരം റൂറൽ ജില്ലാ സമ്മേളനത്തിൽ എസ്എഫ്ഐ പ്രവർത്തകർ പോലീസ് ഉദ്യോഗസ്ഥനെ മർദ്ദിച്ച സംഭവത്തെച്ചൊല്ലി വൻ വാക്കുതർക്കം. നഗരത്തിലെ ഷോപ്പിംഗ് മാളിൽ വെച്ച് സിപിഒ മിഥുൻ റോയിയെ എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ച സംഭവത്തിൽ പ്രമേയം അവതരിപ്പിക്കുന്നതിനിടെയാണ് ഒരു വിഭാഗം ഉദ്യോഗസ്ഥർ എതിർപ്പുമായി രംഗത്തെത്തിയത്. ഇതോടെ സമ്മേളനം തർക്കത്തിൽ കലാശിച്ചു. നേരത്തെ സിറ്റി സമ്മേളനത്തിലും സമാനമായ രീതിയിൽ വാക്കേറ്റം ഉണ്ടായിരുന്നു.
കഴിഞ്ഞ പുതുവത്സര ആഘോഷത്തിനിടെ ശംഖുമുഖത്തുണ്ടായ തർക്കത്തിന്റെ പ്രതികാരമായാണ് നന്ദാവനം എആർ ക്യാമ്പിലെ സി.പി.ഒ മിഥുൻ റോയിയെ എസ്എഫ്ഐ പ്രവർത്തകർ പിന്തുടർന്നെത്തി മർദ്ദിച്ചത്. സംഭവത്തിൽ വിനയ്, സുർജിത് എന്നീ എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിലായെങ്കിലും അവർക്കെതിരെ ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് പേട്ട പോലീസ് ചുമത്തിയത്. എന്നാൽ, മിഥുൻ റോയിക്കും കൂടെയുണ്ടായിരുന്ന യുവതിക്കുമെതിരെ വഞ്ചിയൂർ പോലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തതാണ് സേനയ്ക്കുള്ളിൽ വലിയ അമർഷത്തിന് കാരണമായത്. മിഥുൻ ഇടിവള ഉപയോഗിച്ച് തിരിച്ചാക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതാണ് അദ്ദേഹത്തിനെതിരെ കർശന നടപടി സ്വീകരിക്കാൻ പോലീസിനെ പ്രേരിപ്പിച്ചത്.
തന്റെ സഹപ്രവർത്തകനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തിയതിലുള്ള പ്രതിഷേധം അസോസിയേഷൻ സമ്മേളനത്തിൽ അണപൊട്ടിയൊഴുകിയെങ്കിലും, രാഷ്ട്രീയ താല്പര്യങ്ങൾ മുൻനിർത്തി ഒരു വിഭാഗം ഇതിനെ എതിർത്തത് ഗ്രൂപ്പ് തിരിഞ്ഞുള്ള തർക്കത്തിന് വഴിമാറി. സംഭവത്തിൽ എസിപിയോട് സിറ്റി പോലീസ് കമ്മീഷണർ കെ. കാർത്തിക് റിപ്പോർട്ട് തേടിയിട്ടുണ്ട്. ഉദ്യോഗസ്ഥനെതിരെ ഇത്രയും ഗുരുതരമായ വകുപ്പുകൾ ചുമത്തിയത് എന്തിനാണെന്ന് പരിശോധിക്കുമെന്നും മുൻപ് മിഥുനെതിരെ ലഭിച്ച പരാതികളും അന്വേഷിക്കുമെന്നും കമ്മീഷണർ വ്യക്തമാക്കി. സേനാംഗങ്ങൾക്കിടയിലെ ഈ ഭിന്നത വരും ദിവസങ്ങളിൽ കൂടുതൽ ചർച്ചകൾക്ക് വഴിവെക്കും.


“സച്ചിദാനന്ദന്റേത് സ്വന്തം അഭിപ്രായം; തുടർഭരണം വന്നാൽ കേരളത്തിൽ ‘പാവപ്പെട്ടവർ’എന്ന വാക്ക് ഉണ്ടാവില്ല : എംവി ഗോവിന്ദന്
നിയമസഭ നയപ്രഖ്യാപന പ്രസംഗ വിവാദത്തില്‍ സ്പീക്കര്‍ക്കെതിരെ ഗവര്‍ണര്‍ ; ഭരണഘടനാ പദവിയിലിരിക്കുന്ന സ്പീക്കര്‍ കത്തിന് മറുപടി നല്‍കില്ലെന്ന് പറയുന്നത് ശരിയായ നടപടിയല്ല





