തിരുവനന്തപുരം: സംസ്ഥാനത്ത് പോലീസുകാർക്ക് നേരെ തുടർച്ചയായുണ്ടാകുന്ന ആക്രമണങ്ങളിലും തുടർന്ന് സ്വീകരിക്കുന്ന വിവാദ നടപടികളിലും ആഭ്യന്തര വകുപ്പിനെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ . തിരുവനന്തപുരത്തെ ഷോപ്പിംഗ് മാളിൽ വെച്ച് എസ്.എഫ്.ഐ പ്രവർത്തകർ പോലീസുകാരനെ വളഞ്ഞിട്ട് മർദ്ദിച്ച സംഭവത്തിൽ, മർദ്ദനമേറ്റ ഉദ്യോഗസ്ഥനെതിരെയും കൂടെയുണ്ടായിരുന്ന സഹോദരിക്കെതിരെയും ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത് നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു.
സംഭവത്തിന്റെ ദൃശ്യങ്ങൾ മാധ്യമങ്ങൾ പുറത്തുവിട്ടിട്ടും അക്രമികൾക്ക് പകരം ഇരകളെ വേട്ടയാടുന്ന സമീപനമാണ് പോലീസ് സ്വീകരിക്കുന്നത്. ആയുധം ഉപയോഗിച്ച് ആക്രമിച്ചു എന്നാരോപിച്ചാണ് പോലീസുകാരനെ പ്രതിയാക്കിയിരിക്കുന്നത്. എന്നാൽ, പോലീസുകാരനെ പ്രകോപിപ്പിക്കുന്നതും പിന്നാലെ നടന്ന് മർദ്ദിക്കുന്നതുമായ വീഡിയോ ദൃശ്യങ്ങളിൽ എസ്.എഫ്.ഐ സംഘത്തിനെതിരെ നിസ്സാര വകുപ്പുകൾ മാത്രമാണ് ചുമത്തിയിട്ടുള്ളത്.
ഇരട്ടച്ചങ്കൻ എന്ന് പി.ആർ ഏജൻസികൾ വിശേഷിപ്പിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഭരിക്കുന്ന ആഭ്യന്തര വകുപ്പിന് കീഴിൽ പോലീസുകാർക്ക് പോലും രക്ഷയില്ലാത്ത അവസ്ഥയാണ് .കോഴിക്കോട് ടൗൺ സ്റ്റേഷനിലെ എസ്.ഐക്ക് നേരെ കഴിഞ്ഞ ദിവസം വധശ്രമമുണ്ടായതും ആഭ്യന്തര വകുപ്പിന്റെ കഴിവ് കേടാണ് .
സ്വന്തം പാർട്ടിയിലുള്ള ക്രിമിനൽ സംഘങ്ങളെയും അക്രമികളെയും സംരക്ഷിക്കാൻ സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്യുകയാണ്. പോലീസുകാരന്റെ സഹോദരിയെ വരെ പ്രതിയാക്കിയത് നീതിനിർവ്വഹണത്തിന്റെ പരാജയമാണ് .
സി.പി.എം ദശാബ്ദങ്ങൾ ഭരിച്ച പശ്ചിമ ബംഗാളിന്റെ അന്ത്യനാളുകളിൽ സംഭവിച്ചതിന് സമാനമായ കാര്യങ്ങളാണ് കേരളത്തിലും നടക്കുന്നത്. ഭരണകക്ഷിയിലെ ക്രിമിനലുകളെ വഴിവിട്ട് സഹായിക്കുന്ന രീതി ജനങ്ങൾക്കിടയിൽ വലിയ അമർഷത്തിന് കാരണമായിട്ടുണ്ട്.
അയ്യപ്പസംഗമത്തിലെ സാമ്പത്തിക തിരിമറികൾ ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉയർത്തിക്കാട്ടി, അഴിമതിക്കാരുടെ കൂടാരമായി സർക്കാർ മാറിയെന്നും ആക്ഷേപമുണ്ട്.
ക്രിമിനലുകളെ വളർത്തുന്ന ഈ ‘കാട്ടുനീതി’ ജനം വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ തിരിച്ചറിയുമെന്നും സർക്കാരിന്റെ ഇത്തരം നടപടികൾ ജനാധിപത്യത്തിന് ഭീഷണിയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു .
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ആലപ്പുഴയിൽ രണ്ട് പ്ലസ് വൺ വിദ്യാർഥിനികൾ വീടുകൾക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ; നെടുമുടി പോലീസ് അന്വേഷണം ആരംഭിച്ചു





