തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പുകഴിയുന്നതുവരെ ഗൃഹസമ്പര്‍ക്ക പരിപാടികള്‍ തുടരണമെന്ന് സി.പി.എം നിര്‍ദ്ദേശം. തദ്ദേശതെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ സി.പി.എം ആസൂത്രണം ചെയ്ത ഭവനസന്ദര്‍ശനവും ജനങ്ങളുമായുള്ള ബന്ധപ്പെടലും നിയമസഭാ തെരഞ്ഞെടുപ്പു കഴിയുന്നതുവരെ തുടരാനാണ് കീഴ് കമ്മിറ്റികള്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദ്ദേശം. നേരത്തെ സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം വേണ്ട വിധത്തില്‍ ഗൃഹസമ്പര്‍ക്ക പരിപാടി നടത്താത്ത കമ്മിറ്റികളോട് അക്കാര്യത്തില്‍ ശ്രദ്ധ ചെലുത്താനും ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയുടെ കാരണങ്ങള്‍ അന്വേഷിച്ചുകൊണ്ട് കഴിഞ്ഞ മാസം സി.പി.എം ഭവനസന്ദര്‍ശന പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. എല്ലാ വീടുകളിലും നേതാക്കളും പ്രവര്‍ത്തകരും നേരിട്ട് എത്തി അവരുടെ പരാതികള്‍ ശ്രദ്ധിച്ചുകേള്ക്കണമെന്നായിരുന്നു നല്‍കിയിരുന്ന നിര്‍ദ്ദേശം. ബഹുഭൂരിപക്ഷം കമ്മിറ്റികളും അത് പാലിച്ചുവെങ്കിലും തലസ്ഥാനജില്ലയിലുള്പ്പെടെ ചിലേടങ്ങളില്‍ അതില്‍ വീഴ്ചവരികയും ചെയ്തിട്ടുണ്ട്. അത് പരിഹരിക്കാനാണ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.
അതോടൊപ്പം തന്നെ തെരഞ്ഞെടുപ്പുകഴിയുന്നതുവരെ നിരന്തരമായി ഇത്തരം ഭവനസന്ദര്‍ശന പരിപാടികള്‍ പ്രാദേശിക നേതൃത്വങ്ങള്‍ മുന്‍കൈയെടുത്ത് നടത്തണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സര്‍ക്കാരിന്റെ ജനക്ഷേമപ്രവര്ത്തനങ്ങളെക്കുറിച്ചും മറ്റും പൊതുജനങ്ങളില്‍ അവബോധം ഉണ്ടാക്കുന്നതിന് ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇത് അനിവാര്യമാണെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. പ്രത്യേകിച്ച് മുഖ്യധാരാ മാദ്ധ്യമങ്ങള്‍ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കാതെ വിവാദങ്ങള്‍ക്ക് പിന്നാലെ പോകുന്ന പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ എന്തുചെയ്യുന്നുവെന്ന് ജനങ്ങളെ
ബോദ്ധ്യപ്പെടുത്താന്‍ പാര്‍ട്ടി അണികള്‍ തന്നെ രംഗത്തിറങ്ങണമെന്നാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്.
കൂടാതെ സി.പി.എമ്മിന്റെ ശക്തികേന്ദ്രങ്ങളിലുള്‍പ്പെടെ വലിയതോതില്‍ വര്‍ഗ്ഗീയ വിഭജനത്തിനുള്ള ശ്രമം നടക്കുന്നതായി അവര്‍ കരുതുന്നുണ്ട്. മാത്രമല്ല, വിവിധ സാമുദായിക വിഭാഗങ്ങള്‍ക്കിടയില്‍ പ്രത്യേകിച്ച് മുസ്ലീം ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണാജനകമായ പല കാര്യങ്ങളും പ്രചരിപ്പിച്ച് അവരെ സി.പി.എമ്മിനും സര്‍ക്കാരിനും എതിരായി തിരിക്കുന്നതിനുള്ള ശ്രമവും സജീവമാണ്. ജമാ അത്തെ ഇസ്ലാമിയുടെയും മുസ്ലീം ലീഗിന്റെയും നേതൃത്വത്തിലാണ് ഇത് നടക്കുന്നത്.
തദ്ദേശതെരഞ്ഞെടുപ്പില്‍ മതം പറഞ്ഞുകൊണ്ടുതന്നെ അത്തരത്തില്‍ വലിയതോതില്‍ പ്രചാരണം നടത്തി. അതു പരിഹരിക്കാന്‍ കഴിയാത്തതാണ് ആ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിക്ക് കാരണം. അതുകൊണ്ട് പരമാവധി കഴിയുന്നത്ര സമയങ്ങളില്‍ തെരഞ്ഞെടുപ്പു വേളയിലായാലും അല്ലാതുള്ള സമയത്തായാലും വീടുകള്‍ സന്ദര്‍ശിച്ച് സൗഹൃദം പുതുക്കി. വസ്തുതകള്‍ ഓരോരുത്തരേയും ബോദ്ധ്യപ്പെടുത്തണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഭവനസന്ദര്‍ശനവേളയില്‍ ജനങ്ങളില്‍ നിന്നുയര്‍ന്ന പൊതുവായ സംശയങ്ങള്‍ക്കും ആശങ്കകള്‍ക്കുമാണ് ഇടതുമുന്നണിയുടെ നേതൃത്വത്തില്‍ ആരംഭിച്ചിരിക്കുന്ന മേഖലാ ജാഥകളില്‍ നേതാക്കള്‍ മറുപടി നല്‍കുന്നത്. അതിന് പുറമെ അവരുടെ സംശയങ്ങളും ആശങ്കകളും വിശദീകരിക്കുന്നതിനായി കുടുംബയോഗങ്ങള്‍ വിളിക്കുന്നതിനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്. ഇതിലൂടെയൊക്കെ തുടര്‍ച്ചയായി മൂന്നാമതും ഭരണത്തില്‍ എത്താനാകുമെന്ന വിലയിരുത്തലാണ് സി.പി.എമ്മിനുള്ളത്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
Also Read
മുഖ്യമന്ത്രിയുടെ സന്ദേശത്തിൽ നിയമവിരുദ്ധമായി ഒന്നുമില്ല; സർക്കാരിന് ഹൈക്കോടതിയിൽ വലിയ വിജയം
മുഖ്യമന്ത്രിയുടെ സന്ദേശത്തിൽ നിയമവിരുദ്ധമായി ഒന്നുമില്ല; സർക്കാരിന് ഹൈക്കോടതിയിൽ വലിയ വിജയം







