ന്യൂഡൽഹി: ഡൽഹിയിൽ നടന്ന ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടിയിൽ ചൈനീസ് നിർമിത റോബോട്ടിക് നായയെ തങ്ങൾ വികസിപ്പിച്ചെടുത്തതാണെന്ന് അവകാശപ്പെട്ട് പ്രദർശിപ്പിച്ച ഗാൽഗോട്ടിയാസ് സർവകലാശാല കുരുക്കിൽ. ചൈനീസ് കമ്പനിയായ ‘യൂണിട്രീ’ നിർമിച്ച റോബോട്ടിനെ ‘ഓറിയോൺ’ എന്ന പേരിൽ തദ്ദേശീയമായി വികസിപ്പിച്ചതാണെന്നായിരുന്നു സർവകലാശാലയുടെ അവകാശവാദം. എന്നാൽ ഇത് വ്യാജമാണെന്ന് തെളിഞ്ഞതോടെ വലിയ സൈബർ ആക്രമണമാണ് സ്ഥാപനം നേരിടുന്നത്.വിവാദത്തെത്തുടർന്ന് ഉച്ചകോടിയിൽ നിന്ന് സർവകലാശാലയോട് പുറത്തുപോകാൻ അധികൃതർ ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്
. സർവകലാശാല പ്രൊഫസറായ നേഹ സിംഗ് പങ്കുവെച്ച വീഡിയോയിൽ, യൂണിട്രീയുടെ റോബോട്ടിനെ സർവകലാശാല വികസിപ്പിച്ചതാണെന്ന് അവകാശപ്പെട്ടിരുന്നു. വിപണിയിൽ ഏകദേശം 2 ലക്ഷം രൂപ മുതൽ ലഭ്യമായ ഈ ചൈനീസ് റോബോട്ടിനെ ഇന്ത്യൻ നിർമിതമെന്ന് വിശേഷിപ്പിച്ചതാണ് പ്രതിഷേധത്തിന് കാരണമായത്. ഓൺലൈൻ പ്രതിഷേധം കനത്തതോടെ, ഉപകരണം നിർമിച്ചതായി തങ്ങൾ അവകാശപ്പെട്ടിട്ടില്ലെന്ന് പറഞ്ഞ് സർവകലാശാല രംഗത്തെത്തി. വിദ്യാർത്ഥികൾക്ക് പഠനത്തിനും പരീക്ഷണങ്ങൾക്കുമായി യൂണിട്രീയിൽ നിന്ന് വാങ്ങിയ ഉപകരണം മാത്രമാണിതെന്ന് അവർ എക്സിൽ വിശദീകരിച്ചു എന്നാൽ, ഉച്ചകോടിയിൽ വെച്ച് സർവകലാശാലാ പ്രതിനിധി ഈ റോബോട്ടിനെ സ്വന്തം കണ്ടുപിടുത്തമായി വിവരിക്കുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇത് സർവകലാശാലയുടെ വിശദീകരണത്തിലെ വൈരുദ്ധ്യം തുറന്നുകാട്ടുന്നു. ചൈനീസ് ഉൽപ്പന്നം സ്വന്തമെന്ന് പറഞ്ഞ് പ്രദർശിപ്പിച്ചതിന് പിന്നാലെ ഉച്ചകോടിയിൽ നിന്ന് പുറത്തുപോകാൻ സർക്കാർ നിർദ്ദേശിച്ചതായി റിപ്പോർട്ടുകൾ വന്നുവെങ്കിലും അത്തരമൊരു ഉത്തരവ് ലഭിച്ചിട്ടില്ലെന്നാണ് സർവകലാശാലയുടെ നിലപാട്.
ഗവേഷണ മികവിനേക്കാൾ കൂടുതൽ പിആർ (PR) തന്ത്രങ്ങൾക്ക് മുൻഗണന നൽകുന്ന സർവകലാശാലയുടെ നടപടി വിദ്യാഭ്യാസ രംഗത്ത് വലിയ ചർച്ചകൾക്ക് വഴിമരുന്നിട്ടിരിക്കുകയാണ്. ചൈനീസ് റോബോട്ടിന് ‘ഓറിയോൺ’ എന്ന് പേരിട്ട് സ്വന്തമെന്ന് അവകാശപ്പെട്ടത് ഇന്ത്യൻ സ്റ്റാർട്ടപ്പ് മേഖലയെയും ഗവേഷണ രംഗത്തെയും അപമാനിക്കുന്നതാണെന്നാണ് ടെക് വിദഗ്ധരുടെ അഭിപ്രായം.


പിണറായി സർക്കാരിന്റെ ‘ഇഷ്ട നിയമനങ്ങൾക്ക്’ പൂട്ട്; ഐഎഎസ് കേഡർ ചട്ടങ്ങളിൽ വിട്ടുവീഴ്ചയില്ലെന്ന് ട്രിബ്യൂണൽ
നിലപാടിലുറച്ച് സച്ചിദാനന്ദന്! കേരളത്തില്‍ ഭരണമാറ്റം വേണം; ബംഗാള്‍ ആവര്‍ത്തിക്കരുത്; കമ്മ്യൂണിസ്റ്റുകാര്‍ ജനങ്ങളില്‍ നിന്ന് അകന്നു; വെള്ളാപ്പള്ളിയെ പ്രീണിപ്പിക്കുന്നത് മതേതരത്വത്തിന് ഭൂഷണമല്ല!





