രണ്ടിലധികം കുട്ടികളുണ്ടോ? 25,000 രൂപ അക്കൗണ്ടിലെത്തും! ആന്ധ്രയിൽ ചന്ദ്രബാബു നായിഡുവിന്റെ വമ്പൻ പ്രഖ്യാപനം

ഹൈദരാബാദ്: സംസ്ഥാനത്ത് കുറഞ്ഞുവരുന്ന ജനനനിരക്ക് പരിഹരിക്കുന്നതിനായി ദമ്പതികൾക്ക് ആകർഷകമായ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് ആന്ധ്ര സർക്കാർ. രണ്ടോ അതിലധികമോ കുട്ടികൾക്ക് ജന്മം നൽകുന്ന മാതാപിതാക്കൾക്ക് 25,000 രൂപ പ്രോത്സാഹന സമ്മാനമായി നൽകുമെന്ന് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു നിയമസഭയിൽ അറിയിച്ചു. നിലവിൽ 1.5 ആയി താഴ്ന്ന സംസ്ഥാനത്തെ മൊത്തം പ്രജനന നിരക്ക് (TFR) 2.1 ലേക്ക് ഉയർത്തുകയാണ് സർക്കാരിന്റെ ലക്ഷ്യം. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ യുവാക്കളുടെ എണ്ണം കുറയുന്നതും പ്രായമായവരുടെ എണ്ണം വർധിക്കുന്നതും വലിയ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

ജപ്പാൻ, ദക്ഷിണ കൊറിയ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിൽ ജനനനിരക്ക് കുറഞ്ഞത് ആ രാജ്യങ്ങളുടെ വളർച്ചയെ എങ്ങനെയെല്ലാം ബാധിച്ചുവെന്ന് നായിഡു ചൂണ്ടിക്കാട്ടി. 1993-ൽ 3.0 ആയിരുന്ന ആന്ധ്രയിലെ പ്രജനന നിരക്ക് ഇപ്പോൾ പകുതിയായി കുറഞ്ഞിരിക്കുകയാണ്. ഈ പോക്ക് തുടർന്നാൽ ഭാവിയിൽ തൊഴിലെടുക്കാൻ ശേഷിയുള്ള യുവാക്കളുടെ അഭാവം സംസ്ഥാനത്തെ മന്ദഗതിയിലാക്കും. 2047-ഓടെ ആകെ ജനസംഖ്യയുടെ 23 ശതമാനവും പ്രായമായവരായിരിക്കുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2023-ൽ പ്രതിവർഷം 6.7 ലക്ഷം ജനനങ്ങൾ മാത്രമാണ് ആന്ധ്രയിൽ രേഖപ്പെടുത്തിയത്.

പുതിയ നയം നടപ്പിലാക്കുന്നതിലൂടെ ജനസംഖ്യാപരമായ വെല്ലുവിളികളെ അതിജീവിക്കാൻ കഴിയുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. കുട്ടികളുടെ എണ്ണം കൂടുന്നതിനനുസരിച്ച് കൂടുതൽ ആനുകൂല്യങ്ങൾ നൽകുന്നതിനെക്കുറിച്ച് സർക്കാർ ഗൗരവമായി ആലോചിക്കുന്നുണ്ടെന്നും നായിഡു കൂട്ടിച്ചേർത്തു. നേരത്തെ രണ്ടിലധികം കുട്ടികളുള്ളവർക്ക് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ ഏർപ്പെടുത്തിയിരുന്ന വിലക്ക് നീക്കാനും ആന്ധ്ര സർക്കാർ തീരുമാനിച്ചിരുന്നു.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.