കാസര്‍ഗോഡ്: കുറ്റകൃത്യങ്ങളുടെ നിഴല്‍ ലോകത്ത് ഭീതിയുടെ വിത്തുപാകി, അതിര്‍ത്തി ഗ്രാമങ്ങളില്‍ പാവങ്ങളുടെ ‘രക്ഷകന്‍’ എന്ന വ്യാജ പ്രതിച്ഛായ ചമച്ച അതിര്‍ത്തിയിലെ വിഖ്യാത അധോലോക നായകന്‍ ഉപ്പള കായര്‍ക്കട്ട സ്വദേശി യൂസഫ് സിയ (ജിയ) ഒടുവില്‍ വീണ്ടും പോലീസ് വലയില്‍. കേരള കാസര്‍ഗോഡ് ജില്ലയിലെയും കര്‍ണാടക മഞ്ചേശ്വരം അതിര്‍ത്തികളിലെയും ക്വട്ടേഷന്‍ സംഘങ്ങളുടെ മാസ്റ്റര്‍ ബ്രെയിനായ ഇയാളെ അതിസാഹസികവും തന്ത്രപരവുമായ നീക്കങ്ങളിലൂടെയാണ് കേരള പോലീസ് പിടികൂടിയത്.
ഒരുവശത്ത് പോലീസിന്റെ കണ്ണിലെ കുപ്രസിദ്ധ കുറ്റവാളിയായിരിക്കുമ്പോഴും, മറുഭാഗത്ത് നാട്ടിലെ പാവപ്പെട്ടവര്‍ക്ക് സാമ്പത്തിക സഹായങ്ങള്‍ നല്‍കിയും പ്രാദേശിക തര്‍ക്കങ്ങളില്‍ ഇടപെട്ട് ‘തീര്‍പ്പ് കല്‍പ്പിച്ചും’ സമാന്തര ഭരണം നടത്താനാണ് സിയ ശ്രമിച്ചിരുന്നത്. സമൂഹമാധ്യമങ്ങളിലൂടെയും ക്വട്ടേഷന്‍ സംഘങ്ങള്‍ വഴിയും കൃത്യമായി നടപ്പാക്കിയ പി.ആര്‍ പണികളിലൂടെ കൗമാരക്കാരെയും യുവാക്കളെയും ആകര്‍ഷിച്ച് റോള്‍ മോഡലാക്കി മാറ്റാനും ഇയാള്‍ക്ക് സാധിച്ചിരുന്നു. എന്നാല്‍ ഇയാളുടെ റോബിന്‍ഹുഡ് പരിവേഷത്തിന് പിന്നില്‍ കൊലപാതകങ്ങളും വെടിവെപ്പുകളും നിറഞ്ഞ രക്തരൂക്ഷിതമായ കറുത്ത ലോകമാണുള്ളത്. കരുതല്‍ തടങ്കലിലായ ഇയാളുടെ മുന്‍കാല കേസുകളുടെ വിവരങ്ങള്‍ പോലീസ് വീണ്ടും പൊടിതട്ടിയെടുക്കുകയാണ്.
കേരളത്തെ നടുക്കിയ കൊച്ചി കടവന്ത്രയിലെ നടി ലീന മരിയ പോളിന്റെ ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസില്‍ വന്‍ ഗൂഢാലോചനയാണ് സിയ നടത്തിയത്. അന്താരാഷ്ട്ര അധോലോക കുറ്റവാളി രവി പൂജാരിയെ ഉപയോഗിച്ച് ലീനയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ നിര്‍ദ്ദേശം നല്‍കിയത് സിയയാണെന്ന് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അന്ന് കണ്ടെത്തിയിരുന്നു. ഇതിനുപുറമെ, വ്യാജ പാസ്പോര്‍ട്ട് ഉപയോഗിച്ച് വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കവേ മുന്‍പ് മുംബൈ വിമാനത്താവളത്തില്‍ വെച്ചും ഇയാള്‍ പിടിയിലായിട്ടുണ്ട്.
ദുബായ് കേന്ദ്രീകരിച്ച് മലബാര്‍ മേഖലയിലേക്ക് കോടികളുടെ സ്വര്‍ണ്ണക്കടത്തും ഹവാല ഇടപാടുകളും നടത്തുന്ന വന്‍ സിന്‍ഡിക്കേറ്റിന്റെ തലവനാണ് ഇയാള്‍. നാലിലധികം കൊലപാതക കേസുകളില്‍ നേരിട്ട് പങ്കുള്ളതായി സംശയിക്കുന്ന സിയ, കേസുകളിലെ മറ്റ് പ്രതികള്‍ക്ക് വിദേശത്ത് ഒളിത്താവളമൊരുക്കുന്നതിലും വിദഗ്ദ്ധനായിരുന്നു.
കാസര്‍ഗോഡ്, മംഗളൂരു, ഉഡുപ്പി തുടങ്ങി വിവിധ പോലീസ് സ്റ്റേഷന്‍ അതിര്‍ത്തികളില്‍ പതിനഞ്ചിലേറെ ഗുരുതര കുറ്റകൃത്യങ്ങളിലെ പ്രതിയാണ് സിയ. കര്‍ണാടകയെയും കാസര്‍ഗോഡിനെയും വിറപ്പിച്ചിരുന്ന പ്രമുഖ ഗുണ്ടാ നേതാക്കളായ കാലിയ റഫീഖിനെ (2017), ഡോണ്‍ തസ്ലീമിനെ (2020) എന്നിവരെ വധിച്ച കേസിന്റെ മുഖ്യ സൂത്രധാരന്‍ സിയയാണെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു.
കൂടാതെ ബേവിഞ്ചയിലെ കരാറുകാരന്റെ വീടിന് നേരെ നടത്തിയ വെടിവെപ്പ്, പ്രവാസി സിദ്ധിഖിനെ തട്ടിക്കൊണ്ടുപോയി പൈവളിഗെയിലെ പഴയ കെട്ടിടത്തില്‍ ബന്ദിയാക്കി ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവം തുടങ്ങി വിറപ്പിക്കുന്ന കേസ് ഡയറിയാണ് ഇയാളുടേത്. കോടികളുടെ വിദേശ കറന്‍സിയും സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളുമാണ് ഈ ആക്രമണങ്ങള്‍ക്കെല്ലാം പിന്നില്‍ പ്രവര്‍ത്തിച്ചത്.
വി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ അതീവ സുരക്ഷാ സെല്ലില്‍ കഴിഞ്ഞിരുന്ന സിയയെ പിന്നീട് കാസര്‍ഗോഡ് സബ് ജയിലിലേക്ക് മാറ്റിയത് വന്‍ സുരക്ഷാ ഭീഷണിയാണെന്ന് സംസ്ഥാന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തുടര്‍ന്ന് ജാമ്യത്തിലിറങ്ങി വീണ്ടും കുറ്റകൃത്യങ്ങളില്‍ സജീവമാകാനുള്ള സിയയുടെ നീക്കത്തിനാണ് ഇപ്പോള്‍ കേരള പോലീസിന്റെ കര്‍ശന നടപടിയിലൂടെ വിരാമമായിരിക്കുന്നത്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


കുരുക്കത്തൂര്‍ സ്ഫോടനത്തില്‍ വന്‍ മാഫിയാ ബന്ധം? പടക്കനിര്‍മ്മാണത്തിന്റെ മറവില്‍ ബോംബ് നിര്‍മ്മാണമെന്ന് സംശയം; ഉന്നതതല അന്വേഷണം വേണമെന്ന് ആവശ്യം; പ്രതിയുടെ അറസ്റ്റ് നിര്‍ണ്ണായകം





