കോഴിക്കോട്: കുന്ദമംഗലം കുരുക്കത്തൂരിലെ വാടകവീട്ടിലുണ്ടായ ഉഗ്രസ്ഫോടനം കേവലമൊരു അപകടമായി കണ്ട് തള്ളിക്കളയാനാവില്ലെന്ന് പുതിയ തെളിവുകള്‍ സൂചിപ്പിക്കുന്നു. സ്ഫോടനത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെടുകയും വീട് പൂര്‍ണ്ണമായും തകരുകയും ചെയ്ത സംഭവത്തിന് പിന്നില്‍ വന്‍ സ്ഫോടകവസ്തു മാഫിയയുടെ സാന്നിധ്യമുണ്ടെന്ന സംശയം ബലപ്പെടുകയാണ്. കേസില്‍ മുഖ്യപ്രതി വിഷ്ണുവിനെ പോലീസ് അറസ്റ്റ് ചെയ്തതോടെ, സ്ഫോടനത്തിന്റെ പ്രഹരശേഷിയും സാഹചര്യങ്ങളും പരിശോധിക്കുമ്പോള്‍ ഇതിന് പിന്നില്‍ വലിയൊരു ക്രിമിനല്‍ ശൃംഖല തന്നെയുണ്ടെന്നാണ് നിഗമനം.
തിരഞ്ഞെടുപ്പ് പടിവാതില്ക്കല് നില്‍ക്കെ ജനവാസമേഖലയില്‍ ഇത്ര വലിയ തോതില്‍ സ്ഫോടകവസ്തുക്കള്‍ ശേഖരിച്ചത് എന്തിനാണെന്നതാണ് പ്രധാന ചോദ്യം. വെറും വിഷു വിപണി ലക്ഷ്യമിട്ടുള്ള പടക്കനിര്മ്മാണമാണോ അതോ രാഷ്ട്രീയ അക്രമങ്ങള്‍ക്കായി ബോംബുകള്‍ നിര്‍മ്മിച്ച് നല്കുന്ന ക്വട്ടേഷന്‍ സംഘങ്ങളാണോ ഇതിന് പിന്നിലെന്ന് എന്‍.ഐ.എ ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ പരിശോധിക്കണമെന്ന ആവശ്യം ശക്തമായി. സ്ഫോടനത്തിന്റെ ആഘാതം ഒരു കിലോമീറ്റര്‍ അകലെ വരെ അനുഭവപ്പെട്ടുവെന്നത് സംഭവത്തിന്റെ തീവ്രത വെളിപ്പെടുത്തുന്നു. പടക്ക നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന വെടിമരുന്നിനേക്കാള്‍ പ്രഹരശേഷിയുള്ള സ്ഫോടകവസ്തുക്കള്‍ അവിടെ കൈകാര്യം ചെയ്തിരുന്നോ എന്ന സംശയം ഇതോടെ ബലപ്പെട്ടു.
കുരുക്കത്തൂര്‍ കേന്ദ്രീകരിച്ച് തയ്യാറാക്കുന്ന അസംസ്കൃത വസ്തുക്കള്‍ അത്തോളി, ഉള്ളിയേരി മേഖലകളിലേക്കാണ് കടത്തിയിരുന്നതെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അവിടെ വിശാലമായ ഒരു പറമ്പില്‍ കെട്ടിടവും വലിയ കിണറും സജ്ജമാക്കി വിപുലമായ തോതില്‍ നിര്‍മ്മാണ യൂണിറ്റ് തുടങ്ങാന്‍ സംഘം ശ്രമം നടത്തിയിരുന്നതായാണ് സൂചന. പടക്ക നിര്‍മ്മാണത്തിന്റെ മറവില്‍ വലിയ തോതിലുള്ള സ്ഫോടകവസ്തു ശേഖരണമാണ് മാഫിയ ലക്ഷ്യമിട്ടിരുന്നത് എന്ന് കരുതേണ്ടിയിരിക്കുന്നു. സംഭവസ്ഥലത്ത് വന്നുപോയിരുന്ന ചില വാഹനങ്ങളുടെ നമ്പറുകള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. സ്ഫോടനം നടന്ന ഉടന്‍ അവിടെ നിന്ന് കടന്നുകളഞ്ഞവര്‍ ആരൊക്കെയെന്ന് കണ്ടെത്തുന്നത് ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ സഹായിക്കും.
കുന്ദമംഗലം പെരിങ്ങൊളം മില്‍മ പാലുല്‍പ്പാദന കേന്ദ്രത്തിന് സമീപമുള്ള കുരുക്കത്തൂരില്‍ ഇത്രയും വലിയൊരു സ്ഫോടകവസ്തു കേന്ദ്രം പ്രവര്‍ത്തിച്ചിട്ടും ഇന്റലിജന്‍സ് വിഭാഗത്തിന് അറിയാന്‍ കഴിയാത്തത് ഗുരുതരമായ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്. വീടിന്റെ മുറ്റത്ത് കെട്ടുകെട്ടായി പനയോലകള്‍ സൂക്ഷിച്ചിരുന്നതും അവ മുറിച്ചു നിശ്ചിത അളവിലാക്കിയിരുന്നതും നാട്ടുകാരില്‍ പലര്‍ക്കും അറിയാമായിരുന്നു. പനയോലയുടെ ബാക്കിഭാഗങ്ങള്‍ കത്തിക്കാന്‍ അയല്‍വാസികള്‍ കൊണ്ടുപോയിരുന്നതായും പറയപ്പെടുന്നു. ഇത്രയധികം വീടുകളുള്ള ഒരു ഗ്രാമപ്രദേശത്ത് എല്ലാവരുടെയും കണ്മുന്നില് വച്ച് ഇത്തരമൊരു അപകടം പുകഞ്ഞിട്ടും അധികൃതര്‍ അറിഞ്ഞില്ലെന്നത് വിശ്വസിക്കാനാവുന്നില്ല.
അര്‍ദ്ധരാത്രിയോടെ സംഭവസ്ഥലത്തെത്തിയ ഉത്തരമേഖലാ ഐ.ജി. രാജ്പാല് മീണയ്ക്ക് ലഭിച്ച രഹസ്യവിവരങ്ങള്‍ അന്വേഷണത്തില്‍ നിര്‍ണ്ണായകമാണ്. നിലവില്‍ മനഃപൂര്‍വ്വമല്ലാത്ത നരഹത്യാകുറ്റമാണ് ചുമത്തിയിരിക്കുന്നതെങ്കിലും സ്ഫോടകവസ്തു നിരോധന നിയമത്തിലെ കര്‍ശന വകുപ്പുകള്‍ കൂടി ഉള്‍പ്പെടുത്തണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ശിവകാശിയില്‍ നിന്ന് പടക്കങ്ങള്‍ എത്തിച്ച് വിതരണം ചെയ്യുന്ന സംഘങ്ങള്‍ക്ക് ഇതിലുള്ള പങ്കും അന്വേഷണ പരിധിയിലുണ്ട്. ഈ ഉഗ്രസ്ഫോടനത്തിന് പിന്നിലെ യഥാര്‍ത്ഥ സൂത്രധാരന്മാരെയും മാഫിയാ തലവന്മാരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ വിപുലമായ അന്വേഷണം അനിവാര്യമാണ്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


കൊല്ലത്ത് പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു





