വിഴിഞ്ഞം കടലിൽ കപ്പലും ബോട്ടും കൂട്ടിയിടിച്ചു; 9 മത്സ്യത്തൊഴിലാളികളെ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി; രണ്ടുപേർക്കായി തിരച്ചിൽ തുടരുന്നു

തിരുവനന്തപുരം: വിഴിഞ്ഞത്തിന് സമീപം കടലിൽ വെച്ച് വിദേശ കപ്പലുമായി കൂട്ടിയിടിച്ച് മത്സ്യബന്ധന ബോട്ട് മുങ്ങി. അപകടത്തിൽപ്പെട്ട ഒൻപത് മത്സ്യത്തൊഴിലാളികളെ ഇന്ത്യൻ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി. അപകടത്തെത്തുടർന്ന് കാണാതായ രണ്ട് പേർക്കായി കടലിൽ തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്. വിഴിഞ്ഞത്ത് നിന്ന് ഏകദേശം 80 നോട്ടിക്കൽ മൈൽ അകലെ വെച്ചാണ് അപകടമുണ്ടായത്.

കൊല്ലം മരുതടി സ്വദേശി രാജേഷ് മാത്യുവിന്റെ ഉടമസ്ഥതയിലുള്ള ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ഒമാനിൽ നിന്ന് കൊളംബോയിലേക്ക് പോവുകയായിരുന്ന പനാമ രജിസ്ട്രേഷനുള്ള ‘എം.ടി സോളിസ്’ എന്ന വ്യാപാര കപ്പലുമായി ബോട്ട് കൂട്ടിയിടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. ഏഴാം തീയതി ഉച്ചയ്ക്ക് ഒന്നേമുക്കാൽ മണിയോടെയാണ് ബോട്ട് മുങ്ങിയെന്ന വിവരം മുംബൈയിലെ കോസ്റ്റ് ഗാർഡ് മാരിടൈം റെസ്‌ക്യൂ കോർഡിനേഷൻ സെന്ററിൽ ലഭിച്ചത്.

വിഴിഞ്ഞത്ത് നിന്നുള്ള കോസ്റ്റ് ഗാർഡ് കപ്പലായ ‘അനഘ്’ ഉടനടി സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. രക്ഷപ്പെടുത്തിയ തൊഴിലാളികൾക്ക് പ്രാഥമിക ചികിത്സ നൽകിയ ശേഷം വിഴിഞ്ഞം തുറമുഖത്തെത്തിച്ചു. ഇവരെ പിന്നീട് കൂടുതൽ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

സംഭവത്തിൽ ഷിപ്പിംഗ് ഡയറക്ടർ ജനറൽ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കാണാതായ രണ്ട് പേർക്കായി വിമാനങ്ങളുടെയും മറ്റ് കപ്പലുകളുടെയും സഹായത്തോടെ കോസ്റ്റ് ഗാർഡ് തിരച്ചിൽ തുടരുകയാണ്. കപ്പലിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണോ അപകടത്തിന് കാരണമെന്ന് അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂ.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.