ലോക്സഭയിൽ പോര് മുറുകുന്നു! രാഹുൽ ഗാന്ധിയെ അയോഗ്യനാക്കണമെന്ന് ബിജെപി; ലോക്സഭയിൽ പ്രമേയം അവതരിപ്പിച്ചു,

ന്യൂഡൽഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ പാർലമെന്റിൽ നിന്ന് അയോഗ്യനാക്കാനുള്ള നീക്കവുമായി ബിജെപി. ബിജെപി എംപി നിഷികാന്ത് ദുബെയാണ് ഇത് സംബന്ധിച്ച പ്രമേയം സഭയിൽ അവതരിപ്പിച്ചത്. കേന്ദ്രമന്ത്രിമാർക്കെതിരായ ആരോപണങ്ങളും രാജ്യത്തെ സാമ്പത്തിക വ്യവസ്ഥയെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങളും ചൂണ്ടിക്കാട്ടിയാണ് ബിജെപിയുടെ അപ്രതീക്ഷിത നീക്കം.

മുൻ സൈനിക മേധാവി ജനറൽ എം.എം. നരവനെയുടെ പ്രസിദ്ധീകരിക്കാത്ത പുസ്തകത്തെക്കുറിച്ചുള്ള പരാമർശങ്ങളും, എപ്‌സ്റ്റീൻ ഫയലിൽ കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരിയുടെ പേരുണ്ടെന്ന ആരോപണവുമാണ് സഭയിൽ ഭരണ-പ്രതിപക്ഷ വാഗ്വാദത്തിന് വഴിവെച്ചത്. ഇതിന് പിന്നാലെയാണ് രാഹുലിന്റെ അംഗത്വം റദ്ദാക്കണമെന്ന ആവശ്യവുമായി ബിജെപി രംഗത്തെത്തിയത്.

സർക്കാരിനെ അധിക്ഷേപിക്കാനും പൊതുജന വികാരം ഇളക്കിവിടാനും അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് രാഹുൽ ഗാന്ധി സഭയിൽ ഉന്നയിക്കുന്നതെന്ന് പ്രമേയത്തിൽ പറയുന്നു. സോറോസ് ഫൗണ്ടേഷനുമായി രാഹുൽ ഗാന്ധിക്ക് ബന്ധമുണ്ടെന്നും രാജ്യത്തെ അസ്ഥിരപ്പെടുത്താൻ ആരാണ് അദ്ദേഹത്തെ ഫണ്ട് ചെയ്യുന്നതെന്ന് അന്വേഷിക്കണമെന്നും നിഷികാന്ത് ദുബെ ആവശ്യപ്പെട്ടു.ഇന്ത്യൻ കോർപ്പറേറ്റുകളെയും ബാങ്കിംഗ് സംവിധാനത്തെയും മോശമായി ചിത്രീകരിച്ച് രാജ്യത്തെ സാമ്പത്തികമായി തകർക്കാൻ രാഹുൽ ശ്രമിക്കുന്നുവെന്നും ബിജെപി ആരോപിച്ചു.

2023-ൽ മോദി എന്ന കുടുംബപ്പേരുമായി ബന്ധപ്പെട്ട മാനനഷ്ടക്കേസിൽ ശിക്ഷിക്കപ്പെട്ടതിനെത്തുടർന്ന് രാഹുൽ ഗാന്ധിക്ക് എംപി സ്ഥാനം നഷ്ടമായിരുന്നു. പിന്നീട് സുപ്രീം കോടതി വിധിയിലൂടെയാണ് അദ്ദേഹം സഭയിൽ തിരിച്ചെത്തിയത്. വീണ്ടും അയോഗ്യതാ ഭീഷണി ഉയർന്നതോടെ രാജ്യം മറ്റൊരു വലിയ നിയമ-രാഷ്ട്രീയ പോരാട്ടത്തിന് സാക്ഷ്യം വഹിക്കുമെന്ന് ഉറപ്പായി.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.