തിരുവനന്തപുരം: ‘ഒന്നിച്ചങ്ങ് ഇറങ്ങുവല്ലേ’ എന്ന ഉശിരന്‍ ടാഗ് ലൈനുമായി ഹാട്രിക് വിജയം ലക്ഷ്യമിട്ട് തിരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങിയ സി.പി.എമ്മിന് സ്വന്തം പാളയത്തില്‍ നിന്ന് തന്നെ അപ്രതീക്ഷിത പ്രഹരം. മുഖ്യമന്ത്രി പിണറായി വിജയന്റെ ചോദ്യം ചെയ്യപ്പെടാത്ത അപ്രമാദിത്വത്തിന് (പിണറായിസം) പോറലേറ്റതായും പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദന്റെ കര്‍ക്കശ ശൈലി (ഗോവിന്ദനിസം) മുതിര്‍ന്ന നേതാക്കളെപ്പോലും ചൊടിപ്പിക്കുന്നതായും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. പാര്‍ട്ടിയുടെ ഉരുക്കുകോട്ടയായ കണ്ണൂരില്‍ നിന്നുതന്നെ വിമതസ്വരങ്ങള്‍ ഇരമ്പുന്നത് നേതൃത്വത്തെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്.
തളിപ്പറമ്പില്‍ എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമളയെ സ്ഥാനാര്‍ത്ഥിയാക്കിയതിനെതിരെ ആറു പതിറ്റാണ്ടിന്റെ പാര്‍ട്ടി ബന്ധം ഉപേക്ഷിച്ച് മുതിര്‍ന്ന നേതാവ് ടി.കെ. ഗോവിന്ദന്‍ രംഗത്തെത്തിയത് കണ്ണൂരിലെ വിഭാഗീയതയുടെ ആഴം വ്യക്തമാക്കുന്നു. ‘കുടുംബ വാഴ്ച’ ആരോപിച്ച് പാര്‍ട്ടി വിട്ട ടി.കെ. ഗോവിന്ദന്‍ തളിപ്പറമ്പില്‍ സ്വതന്ത്രനായി മത്സരിക്കാന്‍ തീരുമാനിച്ചത് ഗോവിന്ദനിസത്തിനെതിരെയുള്ള നേരിട്ടുള്ള യുദ്ധപ്രഖ്യാപനമായാണ് കണക്കാക്കുന്നത്. അഴിമതി ആരോപണം ഉന്നയിച്ച പയ്യന്നൂരിലെ വി. കുഞ്ഞികൃഷ്ണനും സമാനമായ രീതിയില്‍ പടയ്ക്കിറങ്ങിയതോടെ കണ്ണൂരില്‍ സി.പി.എം പ്രതിരോധത്തിലായി.
മുന്‍ മന്ത്രി ജി. സുധാകരന്‍ അമ്പലപ്പുഴയില്‍ പാര്‍ട്ടിക്ക് പുറത്തായതും പി.കെ. ശശി, എ. സുരേഷ് തുടങ്ങിയവര്‍ വിമതസ്വരം ഉയര്‍ത്തുന്നതും പിണറായി വിജയന്റെ മുന്‍പത്തെ അപ്രമാദിത്വത്തിന് വലിയ വെല്ലുവിളിയാണ്. പഴയകാലത്ത് വി.എസ്. അച്യുതാനന്ദനെ ഒതുക്കിയതുപോലെ വിമതരെ തള്ളിപ്പറഞ്ഞ് മുന്നോട്ടുപോകാമെന്നാണ് നേതൃത്വം കണക്കാക്കുന്നത്. എന്നാല്‍, മുതിര്‍ന്ന നേതാക്കള്‍ പരസ്യമായി രംഗത്തുവരുന്നതും പലരും യു.ഡി.എഫ് പിന്തുണയോടെ മത്സരിക്കാന്‍ ഒരുങ്ങുന്നതും വോട്ടെടുപ്പില്‍ വലിയ തിരിച്ചടിയുണ്ടാക്കുമെന്ന് അണികള്‍ ഭയപ്പെടുന്നു.
കുറ്റ്യാടിയിലും പൊന്നാനിയിലും മുന്‍പുണ്ടായ ജനകീയ പ്രതിഷേധങ്ങള്‍ തിരുത്താന്‍ പാര്‍ട്ടി നിര്‍ബന്ധിതമായ ചരിത്രമുണ്ട്. എന്നാല്‍ ഇത്തവണ നേതാക്കള്‍ തന്നെ നേരിട്ട് വെല്ലുവിളിക്കുന്ന സാഹചര്യം ഗോവിന്ദനും പിണറായിക്കും വലിയ പരീക്ഷണമാണ്. കണ്ണൂരിലെ മലപ്പട്ടത്ത് ടി.കെ. ഗോവിന്ദനെതിരെ പ്രതിഷേധ റാലി നടത്തി പ്രതിരോധിക്കാന്‍ ശ്രമിക്കുമ്പോഴും, താഴെത്തട്ടില്‍ അണികള്‍ക്കിടയില്‍ പുകയുന്ന അതൃപ്തി ചങ്കിടിപ്പേറ്റുന്നു.
പി. ജയരാജനും ഇ.പി. ജയരാജനും പുലര്‍ത്തുന്ന തന്ത്രപരമായ മൗനം പാര്‍ട്ടി നേതൃത്വത്തെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്. ഈ തിരഞ്ഞെടുപ്പില്‍ കാലിടറിയാല്‍ സി.പി.എമ്മിലെ ആഭ്യന്തര പ്രതിസന്ധി നിയന്ത്രണാതീതമാകുമെന്നുറപ്പാണ്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ഭരണവിരുദ്ധ വോട്ടുകള്‍ ഭിന്നിക്കരുത്; മാറ്റം വേണമെങ്കില്‍ അത് യുഡിഎഫിലൂടെ മാത്രം: തരൂരിന്റെ ‘മാസ്റ്റര്‍ പ്ലാന്‍’ ഇങ്ങനെ; ഈ തന്ത്രം ആദ്യം അവതരിപ്പിക്കുന്നത് ഈ നേതാവ്




