കണ്ണൂര്‍: ചരിത്രത്തിലാദ്യമായി പാര്‍ട്ടിയുടെ പരമാധികാര കോട്ടയായ കണ്ണൂരില്‍ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമെതിരെ അണികളുടെ സമാനതകളില്ലാത്ത പടയൊരുക്കവും പരസ്യവിമര്‍ശനവും. മാധ്യമങ്ങള്‍ക്ക് മുന്പില് ആര്‍ക്കും മനസ്സിലാകാത്ത കടിച്ചാല്‍ പൊട്ടാത്ത സിദ്ധാന്തങ്ങള്‍ പറഞ്ഞ് എം.വി. ഗോവിന്ദന് പാര്‍ട്ടിയെ ട്രോളന്മാര്ക്ക് മുന്പില് എറിഞ്ഞുകൊടുത്തുവെന്ന് കണ്ണൂര്‍ ജില്ലാ കമ്മിറ്റി യോഗത്തില്‍ രൂക്ഷവിമര്‍ശനമുയര്‍ന്നു. സിനിമയിലെ പ്രശസ്തമായ ‘കുമാരപിള്ള സാര്‍’ എന്ന കഥാപാത്രത്തെപ്പോലെയാണ് ഗോവിന്ദന്റെ ശൈലിയെന്ന് അംഗങ്ങള്‍ പരിഹസിച്ചു. തനിക്ക് പകരം സ്വന്തം ഭാര്യ പി.കെ. ശ്യാമളയെ തളിപ്പറമ്പില്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ വാശിപിടിച്ച ഗോവിന്ദന്, പാര്‍ട്ടിയുടെ ഉറച്ച കോട്ട എതിരാളികള്‍ക്ക് തളികയില്‍ വെച്ചുനല്കിയെന്നും ഒരംഗം തുറന്നടിച്ചു. തിരഞ്ഞെടുപ്പ് പരാജയത്തിന് കാരണം ഭരണവിരുദ്ധവികാരമല്ല, മറിച്ച് ഈ രണ്ട് നേതാക്കളുടെയും അഹങ്കാരവും ധാര്‍ഷ്ട്യവുമാണെന്നാണ് യോഗത്തിന്റെ വിലയിരുത്തല്‍.
തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മുന്പില് ‘വീട്ടില്‍ പോയി ചോദിച്ചാല്‍ മതി’ എന്ന പിണറായി വിജയന്റെ എടുത്തടിച്ചപോലെയുള്ള പ്രയോഗം ജനങ്ങള്‍ക്കിടയില്‍ കടുത്ത അവമതിപ്പുണ്ടാക്കി. മറുപടി പിന്നീട് പറയാമെന്ന് പറഞ്ഞ് തന്ത്രപരമായി ഒഴിഞ്ഞുമാറുന്നതിന് പകരം മുഖ്യമന്ത്രി കാണിച്ച അഹങ്കാരം മാധ്യമങ്ങള്‍ വന്‍തോതില്‍ ആഘോഷിച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ജനക്കൂട്ടത്തില്‍ നിന്നും മാധ്യമങ്ങളില്‍ നിന്നും ഉയര്‍ന്ന കടുത്ത ചോദ്യങ്ങളെപ്പോലും എത്ര തന്മയത്വത്തോടെയാണ് കൈകാര്യം ചെയ്തിരുന്നതെന്ന് കാണിക്കുന്ന പഴയ ചാനല്‍ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ യു.ഡി.എഫ്. ഗ്രൂപ്പുകള്‍ കുത്തിപ്പൊക്കിയത് പാര്‍ട്ടിയുടെ അടിത്തറ ഇളക്കാന്‍ കാരണമായെന്ന് അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.
അമ്പതുവര്‍ഷത്തെ ദൃഢമായ പാര്‍ട്ടി ബന്ധം ഉപേക്ഷിച്ച് മുതിര്‍ന്ന നേതാവ് ടി.കെ. ഗോവിന്ദന് വിമതനായി മത്സരിച്ചതും പാര്‍ട്ടി കോട്ടകള്‍ തകര്‍ത്തതും നേതൃത്വത്തിന്റെ നിഷ്ക്രിയത്വം കൊണ്ടാണ്. കേന്ദ്ര കമ്മിറ്റിയംഗം ഇ.പി. ജയരാജനെയും സംസ്ഥാന സെക്രട്ടറിയേറ്റംഗം എം.വി. ജയരാജനെയും നേരില്‍ കണ്ട് തളിപ്പറമ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലുള്ള അതൃപ്തി ടി.കെ. ഗോവിന്ദന് വ്യക്തമാക്കിയിട്ടും അദ്ദേഹത്തെ തടഞ്ഞുനിര്‍ത്താന്‍ രണ്ട് നേതാക്കള്‍ക്കും കഴിഞ്ഞില്ല. ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷും ഈ പ്രതിസന്ധി ഘട്ടത്തില്‍ നിഷ്ക്രിയനായി നിന്നു. മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് ഒന്ന് ഫോണ്‍ വിളിച്ചിരുന്നുവെങ്കില്‍ താന്‍ പാര്‍ട്ടി വിടില്ലായിരുന്നു എന്ന് ടി.കെ. ഗോവിന്ദന് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കണ്ണൂരിലെ എല്ലാ വിവരങ്ങളും മുഖ്യമന്ത്രിയെ കൃത്യമായി ധരിപ്പിക്കുന്ന കെ.കെ. രാഗേഷ് എന്തുകൊണ്ട് ഈ വിവരം മറച്ചുവെച്ചുവെന്ന് യോഗത്തില്‍ ചോദ്യമുയര്‍ന്നു. ‘പോകുന്നവര്‍ പോകട്ടെ’ എന്ന ഉന്നത നേതൃത്വത്തിന്റെ ധാര്‍ഷ്ട്യമാണ് വലിയ തിരിച്ചടിയായത്.
സാമ്പത്തിക ക്രമക്കേട് ഉള്‍പ്പെടെയുള്ള ഗുരുതര ആരോപണങ്ങളില്‍ ജനങ്ങള്‍ സംശയിക്കുന്ന ടി.ഐ. മധുസൂദനനെ വീണ്ടും വാശിപ്പുറത്ത് മത്സരിപ്പിച്ചതാണ് അരനൂറ്റാണ്ടിന് ശേഷം പയ്യന്നൂര്‍ മണ്ഡലം സി.പി.എമ്മിന് നഷ്ടപ്പെടാന്‍ കാരണമായത്. വി. കുഞ്ഞികൃഷ്ണനെ മുന്‍നിര്‍ത്തി യു.ഡി.എഫ്. നടത്തിയ രാഷ്ട്രീയ ചൂതാട്ടം ബുദ്ധിപരമായിരുന്നു. പയ്യന്നൂരില്‍ ടി.ഐ. മധുസൂദനനെതിരെ വോട്ട് മറിക്കാന്‍ സ്വന്തം ഏരിയാ കമ്മിറ്റി അംഗങ്ങളും ലോക്കല്‍ നേതാക്കളും വരെ രഹസ്യമായി രംഗത്തിറങ്ങി. ലോക്കല്‍ നേതാക്കള്‍ ചിലയിടങ്ങളില്‍ ഓപ്പണ്‍ വോട്ടുകള്‍ വരെ പരസ്യമായി യു.ഡി.എഫിന് മറിച്ചുനല്‍കി.
തളിപ്പറമ്പില്‍ വിമതനായി മത്സരിച്ച ടി.കെ. ഗോവിന്ദന്റെ അട്ടിമറി വിജയം പാര്‍ട്ടിയെ ഞെട്ടിക്കുന്നതാണ്. പി.കെ. ശ്യാമളയ്ക്ക് പകരം താഴെത്തട്ടില്‍ നിന്നും ഭൂരിഭാഗം പേരും നിര്‍ദ്ദേശിച്ച എന്‍. സുകന്യയെ സ്ഥാനാര്‍ത്ഥിയാക്കിയിരുന്നുവെങ്കില്‍ പാര്‍ട്ടിക്ക് വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കാമായിരുന്നു. തളിപ്പറമ്പിലെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടികയില്‍ സുകന്യയുടെ പേരുണ്ടായിരുന്നിട്ടും, ജില്ലാ സെക്രട്ടറിയും സെക്രട്ടേറിയറ്റ് അംഗവും ചേര്‍ന്ന് സംസ്ഥാന സെക്രട്ടറിക്ക് കൈമാറിയ അന്തിമ പട്ടികയില്‍ പി.കെ. ശ്യാമളയുടെ പേര് മാത്രമായി വെട്ടിച്ചുരുക്കുകയായിരുന്നു. പയ്യന്നൂരില്‍ മധുസൂദനന് പകരം സി. കൃഷ്ണനെയോ സരിന് ശശിയെയോ നിര്‍ത്താതിരുന്നതും വലിയ വീഴ്ചയായി.
സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ സ്വന്തം വീട് സ്ഥിതി ചെയ്യുന്ന മോറാഴയിലും പാര്‍ട്ടിയുടെ ജീവനാഡിയായ ആന്തൂര്‍, മലപ്പട്ടം, മയ്യില്‍ തുടങ്ങിയ പാര്‍ട്ടി ഗ്രാമങ്ങളിലും എല്‍.ഡി.എഫ്. വോട്ടുകളില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തിയത്. മോറാഴയില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥിക്ക് നേരിയ ഭൂരിപക്ഷം മാത്രമാണ് ലഭിച്ചത്. മട്ടന്നൂരും കല്യാശ്ശേരിയിലും അഴീക്കോടും കഷ്ടിച്ച് ജയിച്ചുവെങ്കിലും വോട്ടുകള്‍ വന്‍തോതില്‍ ചോര്‍ന്നു. കൂത്തുപറമ്പില്‍ മുസ്ലിം ലീഗിലെ ആഭ്യന്തര തല്ലുകാരണം മാത്രമാണ് എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി കഷ്ടിച്ച് രക്ഷപ്പെട്ടത്. ജനങ്ങള്‍ പൂര്‍ണ്ണമായും വെറുത്തുതുടങ്ങിയ രാമചന്ദ്രന് കടന്നപ്പള്ളിയെ മൂന്നാമതും കണ്ണൂരില്‍ സ്ഥാനാര്‍ത്ഥിയാക്കിയത് രാഷ്ട്രീയ ആത്മഹത്യയായിരുന്നു എന്നും അംഗങ്ങള്‍ കുറ്റപ്പെടുത്തി.
സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്, കേന്ദ്ര കമ്മിറ്റിയംഗങ്ങളായ ഇ.പി. ജയരാജന്, കെ.കെ. ശൈലജ, പി.കെ. ശ്രീമതി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ജയരാജന്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി. ജയരാജന്, എ.എന്‍. ഷംസീര്‍ തുടങ്ങിയ ഉന്നത നേതാക്കളുടെ സാന്നിധ്യത്തിലാണ് കണ്ണൂരിലെ അണികള്‍ നേതൃത്വത്തെ കീറിമുറിച്ച് പരിശോധിച്ചത്. കണ്ണൂരിലെ ഈ അസാധാരണ പൊട്ടിത്തെറി വരും ദിവസങ്ങളില്‍ സംസ്ഥാന സി.പി.എമ്മില്‍ വലിയൊരു നേതൃമാറ്റത്തിന് വഴിവെക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


വിഴിഞ്ഞത്തെ മരണത്തില്‍ ട്വിസ്റ്റ്: ഭക്ഷ്യവിഷബാധയല്ലെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രാഥമിക റിപ്പോർട്ട്




