വിഴിഞ്ഞത്തെ മരണത്തില്‍ ട്വിസ്റ്റ്‌: ഭക്ഷ്യവിഷബാധയല്ലെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രാഥമിക റിപ്പോർട്ട്

തിരുവനന്തപുരം വിഴിഞ്ഞത്തെ ഹോട്ടലിൽ നിന്ന് കടൽ വിഭവം കഴിച്ചതിന് പിന്നാലെ രണ്ടുപേർ മരിച്ച സംഭവത്തിൽ ഹോട്ടലിന് ക്ലീൻ ചിറ്റ് നൽകിക്കൊണ്ടുള്ള ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രാഥമിക റിപ്പോർട്ട് പുറത്തുവന്നു. മരിച്ചവരുടെ ശരീരത്തിൽ ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങൾ കണ്ടെത്താനായിട്ടില്ലെന്നും ഇതേ ഭക്ഷണം കഴിച്ച മറ്റ് ഇരുന്നൂറോളം പേർക്ക് യാതൊരുവിധ ആരോഗ്യ പ്രശ്നങ്ങളും ഉണ്ടായിട്ടില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലും ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ, മരണകാരണം അലർജിയാകാനാണ് സാധ്യതയെന്നാണ് നിലവിലെ നിഗമനം.

കൊല്ലം നിലമേൽ സ്വദേശികളായ റഷീദ ബീവി, മരുമകൻ ഷാജി എന്നിവരാണ് മരണപ്പെട്ടത്. അഞ്ചംഗ സംഘമാണ് വിഴിഞ്ഞത്തെ അംഗീകൃത ഹോട്ടലിൽ നിന്ന് മീൻ വിഭവങ്ങൾ കഴിച്ചത്. എന്നാൽ മരിച്ചവർക്ക് കടൽ വിഭവങ്ങൾ അലർജി ഉണ്ടാക്കാറുണ്ടെന്ന ബന്ധുക്കളുടെ മൊഴി അന്വേഷണത്തിൽ നിർണ്ണായകമായിട്ടുണ്ട്. മടങ്ങുന്ന വഴി ദേഹാസ്വാസ്ഥ്യവും ഛർദ്ദിയും അനുഭവപ്പെട്ടതിനെത്തുടർന്നാണ് ഇവർ ചികിത്സ തേടിയത്. ഭക്ഷണത്തിന്റെ പത്ത് സാമ്പിളുകൾ വിദഗ്ദ്ധ പരിശോധനയ്ക്കായി കൊച്ചിയിലെ ലാബിലേക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം കൂടി ലഭിച്ച ശേഷമേ അന്തിമ റിപ്പോർട്ട് ആരോഗ്യവകുപ്പ് മന്ത്രിക്ക് സമർപ്പിക്കുകയുള്ളൂ.

ബന്ധുക്കളുടെ പ്രാഥമിക ആരോപണത്തെത്തുടർന്ന് പോലീസ് ഇടപെട്ട് ഹോട്ടൽ താൽക്കാലികമായി അടപ്പിച്ചിരുന്നു. എന്നാൽ സർക്കാർ അംഗീകാരമുള്ള ഈ ഹോട്ടലിലെ ഭക്ഷണത്തിൽ പിഴവുകളില്ലെന്നാണ് പ്രാഥമിക നിഗമനം. വിഴിഞ്ഞത്തെ മത്സ്യവിഭവങ്ങൾ കഴിച്ച മറ്റാർക്കും ഇത്തരത്തിലുള്ള ശാരീരിക അസ്വാസ്ഥ്യങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലാത്തതും ഹോട്ടലിന് അനുകൂലമായ ഘടകമാണ്. ചികിത്സയിലായിരുന്ന സജി മോളിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും ലാബ് പരിശോധനാ ഫലം വന്നാലുടൻ ദുരൂഹതകൾ നീങ്ങുമെന്നും അധികൃതർ അറിയിച്ചു.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.