ആക്കുളം കണ്ണാടി പാലം തകർച്ച: കരാറുകാരുടെ വാദം പൊളിഞ്ഞു; ശാസ്ത്രീയ പരിശോധനാ റിപ്പോർട്ട് പുറത്ത്!

തിരുവനന്തപുരം: ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ കണ്ണാടി പാലം നിർമാണത്തിനിടെ പൊട്ടിയ സംഭവത്തിൽ കരാറുകാരുടെ വാദം പൊളിച്ച് ശാസ്ത്രീയ പരിശോധനനാ റിപ്പോർട്ട്. പോലീസ് അന്വേഷണത്തിന്റെ ഭാഗമായി സയന്റിഫിക് അസിസ്റ്റന്റ്, ഫോറൻസിക് ഫോട്ടോഗ്രാഫർ എന്നിവർ നടത്തിയ ശാസ്ത്രീയ പരിശോധനയുടെ റിപ്പോർട്ടിലാണ് കരാറുകാരുടെ വാദം പൊളിക്കുന്ന വസ്തുതകളു ള്ളത്.
കണ്ണാടി പാലം നിർമ്മാണത്തിന്റെ ഭാഗമായി മൂന്ന് പാളികളായി ഫിറ്റ്ചെയ്തിട്ടുള്ള ഗ്ലാസ്‌ സ്ലാബിന്റെ ഏറ്റവും അടിഭാഗത്തുള്ള പാളിയിലാണ് കേടുപാടുകൾ വന്നതെന്ന് പരിശോധനയിൽ വ്യക്തമായിട്ടുണ്ട്.
‘വൈബ്സ് കോ’എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന വട്ടിയൂർകാവ് യൂത്ത് ബ്രിഗേഡ് എന്റർപ്രിണേ ഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് ന്റെ കീഴിലുള്ള ‘വൈബ് ഗ്രീൻ ആൻഡ് ടൂറിസം ‘ആണ് കണ്ണാടി പാലത്തിന്റെ നിർമ്മാണ ചുമതല ഏറ്റെടുത്തിരുന്നത്.
സിപിഎം നേതാവും വട്ടിയൂർകാവ് എംഎൽഎയുമായ വി കെ പ്രശാന്തിന്റെ നേതൃത്വത്തിലുള്ള സഹകരണ സ്ഥാപനമാണ് വൈബ്സ് കോ.
പാലം നിർമ്മാണത്തിൽ വേണ്ടത്ര മുൻ പരിചയം ഇല്ലാതിരുന്നിട്ടും രാഷ്ട്രീയ സ്വാധീനത്തിലാണ് ഈ സൊസൈറ്റിക്ക് കണ്ണാടി പാലം നിർമ്മാണത്തിന്റെ കരാർ നൽകിയതെന്ന് അന്നുതന്നെ ആരോപണം ഉയർന്നിരുന്നു.തകരാർ ഉണ്ടായത് നിർമാണത്തിലെ അപാകതയാണ് എന്ന് പരാതിയുംഉയർന്നിരുന്നു.

എന്നാൽ ആരോ കരുതിക്കൂട്ടി പാലത്തിന്റെ ഗ്ലാസ് തകർത്തതാണ് എന്നായിരുന്നു വൈബ്സ് കോ യുടെ വിശദീകരണം. കരുതിക്കൂട്ടിയുള്ള അട്ടിമറി ശ്രമമാണ് ഉണ്ടായതെന്നും സൊസൈറ്റി ഭാരവാഹികൾ ആരോപിച്ചിരുന്നു.

തുടർന്ന് സൊസൈറ്റി പ്രസിഡന്റ് സി എസ് രതീഷ് ശ്രീകാര്യം പോലീസിൽ പരാതി നൽകി. “2024 ഏപ്രിൽ മാസം 28 ആം തീയതിയ്ക്ക് മുൻപുള്ള ഏതോ ദിവസം ഏതോ സാമൂഹിക ദ്രോഹികൾ പാ ർക്കിനുള്ളിൽ അതിക്രമിച്ചു കയറി ഏതോ വിധം കണ്ണാടി പാലത്തിന് കേടുവരുത്തി സൊസൈറ്റിക്ക് അന്യായ നഷ്ടം ഉണ്ടാക്കി” എന്നായിരുന്നു പരാതി.

പരാതിയുടെ അടിസ്ഥാനത്തിൽ 2024 മെയ് രണ്ടിന് ശ്രീകാര്യം പോലീസ് ക്രൈം 442 /2024 നമ്പരായി കേസ് രജിസ്റ്റർചെയ്തു. ഇന്ത്യൻ ശിക്ഷാനിയമം 447, ( കുറ്റകരമായ വസ്തു കയ്യേറ്റം ),427( 50 രൂപയ്ക്ക് മുകളിൽ നഷ്ടമുണ്ടാക്കുന്ന ദ്രോഹം) എന്നീ വകുപ്പുകൾ പ്രകാരമായിരുന്നു കേസ്.

വേണ്ടത്ര മുൻ പരിചയം ഇല്ലാതെ നടത്തിയ നിർമ്മാണ പ്രവർത്തനത്തിനിടെ ഉണ്ടായ പാകപ്പിഴവാണ് ഗ്ലാസ് പൊട്ടാൻ കാരണമെന്ന വസ്തുത മറച്ചുവയ്ക്കാനായിരുന്നു ഈ കേസിലൂടെ സൊസൈറ്റിയുടെ ശ്രമം.എന്നാൽ ശാസ്ത്രീയ പരിശോധനയിൽ സൊസൈറ്റിയുടെ ഈ ശ്രമം പൊളിയുകയായിരുന്നു.
‘പുറത്തുനിന്നുള്ള ഒരു വസ്തുവിന്റെയോ ആയുധത്തിന്റെയോ ആഘാതം മൂലം ഗ്ലാസ് പൊട്ടിയതിന്റെ ലക്ഷണങ്ങളൊ ന്നും കണ്ടെത്താനായില്ല'(No signs indicating that the glass was fractured by an impact caused by a projectile or tool could be detected) എന്നതായിരുന്നു ശാസ്ത്രീയ അന്വേഷണ സംഘത്തിന്റെ പരിശോധനയുടെ റിപ്പോർട്ട്.

24 മണിക്കൂറും സുരക്ഷാ ജീവനക്കാരും സുരക്ഷാ സംവിധാനങ്ങളുമുള്ള ആക്കുളം ടൂറിസ്റ്റ് വില്ലേജിൽ അസ്വാഭാവികമായി ഒന്നും നടന്നിട്ടില്ല എന്ന് ശ്രീകാര്യം പോലീസിന്റെ അന്വേഷണത്തിലും കണ്ടെത്തിയിരുന്നു.

പരിശോധന റിപ്പോർട്ട് ലഭിച്ച സാഹചര്യത്തിലും അന്വേഷണത്തിൽ മറ്റു തെളിവുകൾ കിട്ടാത്ത സാഹചര്യത്തിലും കേസ് ‘മറ്റു നടപടികൾ അവസാനിപ്പിക്കുന്നു ‘എന്നു പറഞ്ഞ് കോടതിയിൽ റിപ്പോർട്ട് നൽകി അവസാനിപ്പിക്കാനാണ് പോലീസിന്റെ തീരുമാനം.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.