കൊച്ചി: ഹൃദയശസ്ത്രക്രിയയെത്തുടർന്ന് എറണാകുളം രാജഗിരി ആശുപത്രിയിൽ ചികിത്സയിലായിരുന്ന നടനും മിമിക്രി താരവുമായ കണ്ണൻ സാഗർ ആശുപത്രി വിട്ടു. ബ്ലോക്കിനെത്തുടർന്ന് ശസ്ത്രക്രിയ ആവശ്യമായി വന്നപ്പോൾ താരം സമൂഹമാധ്യമങ്ങളിലൂടെ സഹായം അഭ്യർത്ഥിച്ചിരുന്നു. ഇതിനു പിന്നാലെ താരത്തിന് തുണയായി സിനിമാ ലോകം ഒന്നടങ്കം എത്തുകയായിരുന്നു.
ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയ വിവരം കണ്ണൻ സാഗർ തന്നെയാണ് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവെച്ചത്. തന്നെ പരിചരിച്ച ഡോക്ടർമാർക്കും നഴ്സുമാർക്കും ഒപ്പമുള്ള ചിത്രം പങ്കുവെച്ചാണ് അദ്ദേഹം നന്ദി അറിയിച്ചത്. രാജഗിരി ആശുപത്രിയിലെ കാർഡിയോളജി തോറാസിസിക് സർജറി വിഭാഗത്തിലെ ഡോക്ടർമാരെയും ജീവനക്കാരെയും അദ്ദേഹം പ്രത്യേകമായി പരാമർശിച്ചു. തന്റെ ചികിത്സാ വേളയിൽ കൂടെ നിന്നവരെയും സഹായിച്ചവരെയും കണ്ണൻ സാഗർ ഹൃദയംഗമമായ കുറിപ്പിലൂടെ ഓർക്കുന്നു
ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം മുൻകൈ എടുത്ത് ഒരുക്കിയത് രമേഷ് പിഷാരടിയാണ്.മമ്മൂട്ടി ഫൗണ്ടേഷന്റെ ഭാഗമായി ഓസ്ട്രേലിയയിൽ നിന്ന് റോബർട്ട് ജിൻസ് നിരന്തരം വിവരങ്ങൾ അന്വേഷിക്കുകയും ധൈര്യം പകരുകയും ചെയ്തു. മഹാനടൻ മമ്മൂട്ടിയോട് കടപ്പാട് അറിയിക്കുന്നതായും കണ്ണൻ സാഗർ കുറിച്ചു. സഹപ്രവർത്തകരും സുഹൃത്തുക്കളും സാമ്പത്തികമായും അല്ലാതെയും വലിയ പിന്തുണയാണ് നൽകിയത്. സാജു കൊടിയൻ, കെ.എസ്. പ്രസാദ് എന്നിവർ ആശുപത്രിയിൽ കൂടെത്തന്നെയുണ്ടായിരുന്നു. മിമിക്രി താരങ്ങളുടെ സംഘടനയായ ‘മാ’യും സഹായവുമായി രംഗത്തുണ്ടായിരുന്നു.
രാഹുലുമായും ഖാര്‍ഗെയുമായും ഡല്‍ഹിയില്‍ ചര്‍ച്ച; പിണക്കം മാറി തരൂര്‍ പ്രചാരണത്തിന്; എല്ലാം പ്രശ്നങ്ങളും പരിഹരിച്ചെന്ന് ശശിതൂര്‍
ചികിത്സയിലായിരുന്ന സമയത്താണ് കണ്ണൻ സാഗർ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്ത ‘ആട് 3’-യും ‘വാഴ 2’-വും റിലീസ് ചെയ്തത്. ‘വാഴ 2’-ലെ ബിജുക്കുട്ടന്റെ മൂത്ത സഹോദരനായുള്ള താരത്തിന്റെ പ്രകടനം വലിയ രീതിയിൽ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. വേദനയ്ക്കിടയിലും തന്റെ സിനിമകളെക്കുറിച്ചുള്ള വിശേഷങ്ങൾ ഡോക്ടർമാരും സ്റ്റാഫുകളും പങ്കുവെച്ചത് വലിയ ആശ്വാസമായെന്ന് അദ്ദേഹം പറയുന്നു.
തുടർ ചികിത്സകൾക്കായി ആശുപത്രിയിലേക്ക് മടങ്ങിയെത്തണമെന്ന നിർദ്ദേശത്തോടെയാണ് താരം ആശുപത്രി വിട്ടിരിക്കുന്നത്. തന്റെ ജീവിതത്തിലേക്ക് തിരികെ എത്താൻ സഹായിച്ച എല്ലാവർക്കും നന്ദി പറഞ്ഞുകൊണ്ടാണ് കണ്ണൻ സാഗറിന്റെ ഫെയ്സ്ബുക്ക് കുറിപ്പ് അവസാനിക്കുന്നത്.


പാലക്കാട് പോരാട്ടത്തിന് രമേഷ് പിഷാരടി; മമ്മൂട്ടിയുടെ അനുഗ്രഹം വാങ്ങി പ്രചാരണത്തിലേക്ക്; സ്വന്തം മണ്ഡലത്തിൽ കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കുന്നത് വലിയ ഭാഗ്യം




