എൽഡിഎഫ് മൂന്നാം തവണയും അധികാരത്തിലെത്തിയാൽ വനിതാ മുഖ്യമന്ത്രിയെക്കുറിച്ച് ആലോചിക്കും: പി.കെ. ശ്രീമതി

കണ്ണൂർ: എൽഡിഎഫ് മൂന്നാം തവണയും അധികാരത്തിൽ വന്നാൽ കേരളത്തിൽ ഒരു വനിതാ മുഖ്യമന്ത്രിയെക്കുറിച്ച് പാർട്ടി ഗൗരവമായി ആലോചിക്കുമെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ പ്രസിഡന്റുമായ പി.കെ. ശ്രീമതി. സ്ത്രീപക്ഷ നയങ്ങളുടെ തുടർച്ചയായി ഇത്തരമൊരു സാധ്യത പാർട്ടി പരിഗണിക്കുമെന്നും അവർ പറഞ്ഞു. ഒരു പ്രമുഖ ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ശ്രീമതി ടീച്ചറുടെ ഈ നിർണ്ണായക വെളിപ്പെടുത്തൽ.

കഴിഞ്ഞ പത്ത് വർഷമായി സ്ത്രീകളെ ചേർത്തുപിടിക്കുന്ന നയങ്ങളാണ് സർക്കാർ നടപ്പിലാക്കിയതെന്ന് പി.കെ. ശ്രീമതി അവകാശപ്പെട്ടു. “വനിതകൾക്ക് ജീവിതമാർഗ്ഗം കണ്ടെത്താനും ആനുകൂല്യങ്ങൾ ഉറപ്പാക്കാനും സർക്കാരിന് കഴിഞ്ഞു. എൽഡിഎഫ് വീണ്ടും അധികാരത്തിൽ വരിക എന്നതാണ് പ്രധാനം. മൂന്നാം തവണയും ഇടതുപക്ഷം ഭരണം നിലനിർത്തും. അതിനുശേഷം വനിതാ മുഖ്യമന്ത്രി ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കാം,” അവർ വ്യക്തമാക്കി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സ്ത്രീകൾക്ക് മികച്ച പ്രാധാന്യം നൽകുന്നതിൽ സിപിഐഎം എപ്പോഴും മുന്നിലാണെന്നും അവർ കൂട്ടിച്ചേർത്തു.

അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പിൽ വനിതാ പ്രാതിനിധ്യം കുറവാണെന്ന യാഥാർത്ഥ്യം പി.കെ. ശ്രീമതി സമ്മതിച്ചു. 140 മണ്ഡലങ്ങളിൽ പത്ത് ശതമാനം പോലും സീറ്റുകൾ വനിതകൾക്ക് ലഭിക്കുന്നില്ല. പല രാഷ്ട്രീയ പാർട്ടികളും ജയസാധ്യതയില്ലാത്ത സീറ്റുകളിലാണ് സ്ത്രീകളെ മത്സരിപ്പിക്കുന്നത്. എന്നാൽ കോൺഗ്രസിനെയും ലീഗിനെയും അപേക്ഷിച്ച് വനിതകൾക്ക് കൂടുതൽ പരിഗണന നൽകുന്നത് സിപിഐഎം ആണെന്നും അവർ പറഞ്ഞു.നിയമസഭയിൽ വനിതാ സീറ്റുകളുടെ എണ്ണം വർധിക്കുന്നില്ല എന്നത് വാസ്തവമാണെങ്കിലും എൽഡിഎഫ് നൽകുന്ന പ്രാധാന്യം പോലും പ്രതിപക്ഷം നൽകുന്നില്ലെന്ന് ശ്രീമതി കുറ്റപ്പെടുത്തി.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.