സംസ്കൃത സർവ്വകലാശാലയിൽ ഫയൽ അട്ടിമറി; ഗീതാകുമാരി വിരമിച്ച ശേഷം 40 ഫയലുകളിൽ ഒപ്പിട്ടു

തിരുവനന്തപുരം: സംസ്കൃത സർവകലാശാലയുടെ വൈസ് ചാൻസിലർ സ്ഥാനത്തുനിന്നും ഒഴിവാക്കിയശേഷവും പ്രൊഫ:കെ.കെ. ഗീതാകുമാരി നിരവധി ഫയലുകൾക്ക് അംഗീകാരം നൽകിയെന്ന പരാതി ശരിയാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

ലോക് ഭവനിൽ നിന്നുള്ള വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ മാർച്ച് അഞ്ചിന് വൈകിട്ട് നാലുമണിക്ക്
ഗീതാകുമാരി വൈസ് ചാൻസിലർ പദവി ഒഴിഞ്ഞിരുന്നു. എന്നാൽ അന്ന് ഏറെ വൈകിയും നിരവധി ഫയലുകളിൽ
വി സി തീർപ്പ്കൽപ്പിച്ചതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ഫയലുകളിൽ ആരാണ് തീർപ്പ് കല്പിച്ചതെന്നത് വിശദമായ അന്വേഷണത്തിൽ മാത്രമേ കണ്ടെത്താനാവുകയുള്ളു.

ഗീതാകുമാരി സ്ഥാനമൊഴിഞ്ഞശേഷം വി സി യുടെ കമ്പ്യൂട്ടർ പാസ്സ് വേർഡ് മറ്റാരെങ്കിലും ഉപയോഗിക്കാനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്. നാലുമണിക്ക് ശേഷം അംഗീകരിക്കപ്പെട്ട എല്ലാ ഫയലുകളിലെയും ഉത്തരവുകൾ പുതിയ വി സി ഡോ: സിസാ തോമസ് റദ്ദാക്കി. റദ്ദാക്കിയ എല്ലാ ഫയലുകളും നേരിട്ട് വിസിക്ക് സമർപ്പിക്കാൻ രജിസ്ട്രാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

ഏത് സാഹചര്യത്തിലാണ് ഗീതാകുമാരി വി സി സ്ഥാനം ഒഴിഞ്ഞശേഷവും ഫയലുകൾ അംഗീകരിക്കപ്പെട്ടതെന്ന് അന്വേഷിച്ച് ഉടനടി റിപ്പോർട്ട് സമർപ്പിക്കാൻ റജിസ്ട്രാർക്ക് സിസാ തോമസ് നിർദേശം നൽകിയിട്ടുണ്ട്. പ്രധാനപ്പെട്ട 40 ഓളം ഫയലുകൾ അനധികൃതമായി അംഗീകരിക്കപ്പെട്ടതായാണ് പ്രാഥമിക വിവരം.

വിദ്യാർത്ഥി പ്രവേശനം, പരീക്ഷ നടത്തിപ്പ് എന്നിവയിൽ സർവ്വകലാശാലയിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി വ്യാപക ക്രമക്കേട് നടക്കുന്നതായി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്കും വി സിക്കും പരാതി നൽകിയിരുന്നു.
ഗീതാകുമാരി ചുമതല ഒഴിഞ്ഞശേഷവും നിരവധി ഫയലുകൾ അംഗീകരിക്കപ്പെട്ടത് സംബന്ധിച്ച പരാതിയും കമ്മിറ്റിയാണ് പുതിയ വി സി യ്ക്ക് നൽകിയത്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.