എലത്തൂര്‍ തുടര്‍ച്ചയായി നാലാം തവണയും മത്സരിക്കാന്‍ എ.കെ.ശശീന്ദ്രന്‍, തോമസ് കെ തോമസ് കുട്ടനാട്ടില്‍; എന്‍സിപി സ്ഥാനാര്‍ത്ഥികളായി

ന്യൂഡല്‍ഹി: കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി – ശരദ്ചന്ദ്ര പവാര്‍ വിഭാഗം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി രാജീവ് ഝാ സംസ്ഥാന പ്രസിഡന്റും എംഎല്‍എയുമായ തോമസ് കെ. തോമസിന് അയച്ച ഔദ്യോഗിക കത്തിലാണ് മൂന്നംഗ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടിരിക്കുന്നത്.

മന്ത്രി എ. കെ. ശശീന്ദ്രന്‍ സിറ്റിംഗ് സീറ്റായ എലത്തൂരില്‍ നിന്ന് തന്നെ വീണ്ടും ജനവിധി തേടും. കുട്ടനാട്ടില്‍ നിലവിലെ എംഎല്‍എയും എന്‍സിപി സംസ്ഥാന പ്രസിഡന്റുമായ തോമസ് കെ. തോമസ് തന്നെയാകും പാര്‍ട്ടിക്കായി കളത്തിലിറങ്ങുക. മൂന്നാമത്തെ സീറ്റായ മലപ്പുറത്ത് കെ. ടി. മുജീബ് എന്‍സിപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കും.

കേന്ദ്ര പാര്‍ലമെന്ററി ബോര്‍ഡ് സംസ്ഥാന കമ്മിറ്റിയുമായി കൂടിയാലോചിച്ചാണ് അന്തിമ സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചത്.എലത്തൂര്‍ മണ്ഡലത്തില്‍ തുടര്‍ച്ചയായ നാലാം തവണയും ജനവിധി തേടാനുള്ള മന്ത്രി എ. കെ. ശശീന്ദ്രന്റെ നീക്കത്തിനെതിരെ സ്വന്തം പാര്‍ട്ടിയില്‍ നിന്ന് തന്നെ വലിയ തോതിലുള്ള എതിര്‍പ്പുയര്‍ന്നിരുന്നെങങ്കിലും കേന്ദ്രനേതൃത്വം ശശീന്ദ്രനൊപ്പം നില്‍ക്കുകയായിരുന്നു.
ശശീന്ദ്രന്‍ ഇത്തവണ മാറിനില്‍ക്കണമെന്നും, പകരം പാര്‍ട്ടി ജില്ലാ പ്രസിഡന്റും എല്‍ഡിഎഫ് കോഴിക്കോട് ജില്ലാ കണ്‍വീനറുമായ മുക്കം മുഹമ്മദിനെ സ്ഥാനാര്‍ത്ഥിയാക്കണം എന്നുമാണ് പാര്‍ട്ടിയുടെ യുവജന വിഭാഗമായ നാഷണലിസ്റ്റ് യൂത്ത് കോണ്‍ഗ്രസ് ഉള്‍പ്പെടെ ആവശ്യപ്പെട്ടിരുന്നു.

2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എലത്തൂര്‍, കുട്ടനാട് എന്നിവയ്ക്ക് പുറമെ കോട്ടയ്ക്കല്‍ സീറ്റിലായിരുന്നു എന്‍സിപി മത്സരിച്ചിരുന്നത്. എന്നാല്‍ ഇത്തവണ കോട്ടയ്ക്കലിന് പകരമായി എല്‍ഡിഎഫില്‍ നിന്നും മലപ്പുറം സീറ്റാണ് എന്‍സിപിക്ക് ലഭിച്ചിരിക്കുന്നത്. തുടര്‍ന്നാണ് കെ. ടി. മുജീബ് മലപ്പുറത്ത് നിന്ന് സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചത്.

 

 

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.