തിരുവനന്തപുരം: ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പിൽ മുന്നൊരുക്കങ്ങളുമായി കേരള പോലീസ്. ഇതിന്റെ ഭാഗമായി നിയമസഭാ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള പോലീസ് ഉദ്യോഗസ്ഥർക്കായുള്ള കൈപ്പുസ്തകം പ്രസിദ്ധീകരിച്ചു. പോലീസ് ആസ്ഥാനത്തുനിന്നും പ്രസിദ്ധീകരിച്ചിട്ടുള്ള ഈ കൈപ്പുസ്തകത്തിൽ സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖറാണ് ഒപ്പുവച്ചിട്ടുള്ളത്.
തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുന്ന തീയതി മുതൽ ഫലപ്രഖ്യാപനം വരെയുള്ള കാലയളവിൽ സംസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിയന്ത്രണത്തിലും ചുമതലയിലും അച്ചടക്കത്തിനും വിധേയമായിട്ടായിരിക്കും പ്രവർത്തിക്കുകയെന്ന് കൈപുസ്തകത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
തെരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെട്ട പോലീസ് ഉദ്യോഗസ്ഥർ പ്രിസൈഡിങ് ഓഫീസറുടെ നിർദ്ദേശാനുസരണം പോളിംഗ് സ്റ്റേഷൻ ഡ്യൂട്ടിക്കായി പ്രവർത്തി ചെയ്യുവാൻ ബാധ്യസ്ഥരായിരിക്കും. എല്ലാ പോലീസ് ഉദ്യോഗസ്ഥരും അവരവരുടെ തിരിച്ചറിയൽ കാർഡും ഡ്യൂട്ടി കാർഡും എപ്പോഴും കൈവശം വെക്കണമെന്നും കൈപ്പുസ്തകത്തിൽ പറയുന്നു.
പ്രിസൈഡിങ് ഓഫീസറുടെ നിർദ്ദേശം ഇല്ലാതെ ഒരു പോലീസ് ഉദ്യോഗസ്ഥനും പോളിംഗ് ബൂത്തിനുള്ളിൽ പ്രവേശിക്കാൻ പാടില്ല. പ്രിസൈഡിങ് ഓഫീസറുടെ ഉത്തരവില്ലാതെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഇരിക്കുന്ന ക്യാബിൻ ഭാഗത്തെ സമീപിക്കാനും പാടില്ല.
സ്ത്രീകൾ, പ്രായമായവർ, ദുർബല വിഭാഗങ്ങൾ എന്നിവർക്ക് സമാധാനപരമായും നിർഭയമായും വോട്ട് ചെയ്യാൻ കഴിയുമെന്ന് ഉറപ്പാക്കേണ്ട ചുമതല ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥർക്കാണ്. പോളിംഗ് സ്റ്റേഷന്റെ 100 മീറ്റർ പരിധിയിൽ വോട്ടർമാരെ സ്വാധീനിക്കുന്നതിനായി നടത്തുന്ന നീക്കങ്ങൾ യാതൊരുകാരണവശാലും അനുവദിക്കാൻ പാടുള്ളതല്ല.
പോലീസ് ഉദ്യോഗസ്ഥർ തങ്ങളുടെ ജോലിയിൽ തീർത്തും നിഷ്പക്ഷമായ നിലപാട് പുലർത്തേണ്ടതും തികഞ്ഞ ആത്മധൈര്യം പ്രകടമാക്കേണ്ടതുമാണ്. എല്ലാവരോടും മാന്യമായപെരുമാറ്റം ഉറപ്പുവരുത്തണം. പോളിങ്ങുമായി ബന്ധപ്പെട്ട ഒരു തർക്കത്തിലും പ്രസൈഡിങ് ഓഫീസറുടെ നിർദ്ദേശമില്ലാതെ പോലീസ് ഇടപെടരുതെന്ന് കൈപ്പുസ്തകത്തിൽ നിർദ്ദേശിച്ചിട്ടുണ്ട്.
2023ലെ ഭാരതീയ ന്യായ സംഹിത (ബി എൻ എസ്) പ്രകാരം തെരഞ്ഞെടുപ്പ്മായി ബന്ധപ്പെട്ടുവരുന്ന കുറ്റകൃത്യങ്ങളുടെ വിശദാംശങ്ങളും സെക്ഷനുകളും കൈപ്പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 1951ലെ ജനപ്രാതിനിധ്യ നിയമ പ്രകാരമുള്ള കുറ്റങ്ങളും അവയുടെ സെക്ഷനുകളും 1959ലെ ആയുധനിരോധന നിയമത്തിലെ വകുപ്പുകളും പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
മോട്ടോർ വാഹന നിയമം, മതസ്ഥാപനങ്ങൾ ദുരുപയോഗം ചെയ്യൽ തടയൽ നിയമം, കേരള പോലീസ് ആക്ട്, സാമൂഹ്യവിരുദ്ധ പ്രവർത്തനം തടയൽ നിയമം, ശബ്ദം മലിനീകരണം തടയൽ നിയമം, പൊതുമുതൽ നശീകരണ നിരോധന നിയമം, പൊതുയോഗം തടസ്സപ്പെടുത്തൽ നിരോധന നിയമം തുടങ്ങിയവയിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രസക്ത സെക്ഷനുകളും പോലീസ് ഉദ്യോഗസ്ഥർക്ക് പെട്ടെന്ന് മനസ്സിലാക്കുന്നതിനായി കൈപ്പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
Also Read
ലൈംഗികാതിക്രമക്കേസ്: സംവിധായകൻ രഞ്ജിത്തിന് ജാമ്യമില്ല; തിങ്കളാഴ്ച വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു
ലൈംഗികാതിക്രമക്കേസ്: സംവിധായകൻ രഞ്ജിത്തിന് ജാമ്യമില്ല; തിങ്കളാഴ്ച വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു







