തിരുവനന്തപുരം: കേരളത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നത് നീളുന്നതിനിടയില്‍ ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവിയെ ബാധിക്കുന്ന എസ്.എസ്.എല്‍.സി. ഫലപ്രഖ്യാപനവും അനിശ്ചിതത്വത്തില്‍. മുന്‍ വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ചതനുസരിച്ച് ഈ വെള്ളിയാഴ്ച (മെയ് 15) ഫലം പുറത്തുവരേണ്ടതാണ്. എന്നാല്‍, നിലവില്‍ പുതിയ മുഖ്യമന്ത്രിയോ വിദ്യാഭ്യാസ മന്ത്രിയോ ഇല്ലാത്തത് ഫലപ്രഖ്യാപനം ആര് നടത്തുമെന്ന കാര്യത്തില്‍ വലിയ അവ്യക്തത സൃഷ്ടിച്ചിരിക്കുകയാണ്.
പരീക്ഷാ മൂല്യനിര്‍ണ്ണയവും ടാബുലേഷന്‍ നടപടികളും പൂര്‍ത്തിയാക്കി പരീക്ഷാ ബോര്‍ഡ് ബുധനാഴ്ച യോഗം ചേരാനിരിക്കുകയാണ്. ഈ യോഗം ഫലത്തിന് അന്തിമരൂപം നല്‍കുമെങ്കിലും, അത് ഔദ്യോഗികമായി പ്രഖ്യാപിക്കാന്‍ നാഥനില്ലാത്ത അവസ്ഥയാണ് പരീക്ഷാഭവനെ കുഴപ്പിക്കുന്നത്. പത്താം ക്ലാസ് പരീക്ഷാഫലം സാധാരണഗതിയില്‍ വിദ്യാഭ്യാസ മന്ത്രിയാണ് വാര്‍ത്താസമ്മേളനത്തിലൂടെ പുറത്തുവിടുന്നത്. പുതിയ മന്ത്രിസഭ വരാത്ത സാഹചര്യത്തില്‍ ഉദ്യോഗസ്ഥ തലത്തില്‍ പ്രഖ്യാപനം നടത്തണോ എന്ന കാര്യത്തില്‍ ഇതുവരെ ധാരണയായിട്ടില്ല.
2021-ലെ തിരഞ്ഞെടുപ്പ് കാലത്ത് സമാനമായ സാഹചര്യം ഉണ്ടായപ്പോള്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറിയാണ് ഫലപ്രഖ്യാപനം നടത്തിയത്. ഇത്തവണയും അത്തരം ഒരു നീക്കം ഉണ്ടാകുമോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നല്കാന് ഉദ്യോഗസ്ഥര്‍ തയ്യാറാകുന്നില്ല. ഭരണത്തലപ്പത്തെ അനിശ്ചിതത്വം ഉദ്യോഗസ്ഥരെയും ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്.
പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന കെ. വാസുകി സ്ഥലംമാറിപ്പോയതും പ്രതിസന്ധിയുടെ ആഴം കൂട്ടുന്നു. നിലവില്‍ ഷര്‍മിള മേരി ജോസഫിനാണ് സെക്രട്ടറിയുടെ ചുമതല. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എന്‍.എസ്.കെ. ഉമേഷും സെക്രട്ടറിയും ചേര്‍ന്ന് തീരുമാനമെടുത്താല്‍ ഫലപ്രഖ്യാപനം നടത്താമെങ്കിലും, അതിനുള്ള രാഷ്ട്രീയ അനുമതിയോ കൃത്യമായ നിര്‍ദ്ദേശമോ ലഭിക്കാത്തതാണ് പ്രധാന തടസ്സം.
സി.ബി.എസ്.ഇ. ഉള്‍പ്പെടെയുള്ള ദേശീയ ബോര്‍ഡുകള്‍ ഫലപ്രഖ്യാപനം നടത്തിക്കഴിഞ്ഞ സാഹചര്യത്തില്‍ കേരളത്തിലെ കുട്ടികളുടെ ഉപരിപഠന സാധ്യതകള്‍ക്ക് ഈ താമസം തിരിച്ചടിയാകുമോ എന്ന ആശങ്ക രക്ഷിതാക്കള്‍ പങ്കുവെക്കുന്നുണ്ട്. ഫലപ്രഖ്യാപനം വൈകുന്നത് പ്ലസ് വണ്‍ പ്രവേശന നടപടികളെയും ബാധിക്കും. മുന്‍ നിശ്ചയിച്ച പ്രകാരം വെള്ളിയാഴ്ച തന്നെ ഫലം പ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെട്ട് അധ്യാപക സംഘടനയായ എ.കെ.എസ്.ടി.യു. വിദ്യാഭ്യാസ വകുപ്പിന് നിവേദനം നല്‍കിയിട്ടുണ്ട്.
ഭരണമാറ്റത്തിന്റെ ഭാഗമായുള്ള തര്‍ക്കങ്ങള്‍ കുട്ടികളുടെ ഭാവിയെ ബാധിക്കരുതെന്നാണ് പൊതുവികാരമെങ്കിലും, മെയ് 15-ന് ഫലം വരുമോ എന്ന കാര്യത്തില്‍ പരീക്ഷാഭവന് ഇപ്പോഴും ഉറപ്പില്ല. ഉദ്യോഗസ്ഥതലത്തില്‍ തീരുമാനമെടുക്കാന്‍ വൈകുന്നത് സര്‍ക്കാരിന്റെ അഭാവം സൃഷ്ടിക്കുന്ന ഭരണസ്തംഭനത്തിന്റെ തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു. പരീക്ഷാ ബോര്‍ഡ് യോഗത്തിന് ശേഷമേ ഇക്കാര്യത്തില്‍ അന്തിമമായ ഒരു ചിത്രം തെളിയുകയുള്ളൂ.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


അയ്യപ്പസംഗമ വിവാദം: ദേവസ്വം ബോര്‍ഡിനെതിരെ സിപിഎം; ജയകുമാറിനോട് കടുത്ത അതൃപ്തി; മന്ത്രി വാസവനെ പ്രതിക്കൂട്ടിലാക്കാന്‍ ബോര്‍ഡ് ഒത്തുകളിച്ചോ? സര്‍ക്കാരിനും സിപിഎമ്മിനും സംശയം; പ്രതിപക്ഷ ഗൂഢാലോചനയെന്ന് വിലയിരുത്തല്‍; ഇടതിനെ അയ്യപ്പ കോപം വിടാതെ പിന്തുടരുമ്പോള്





