പുനലൂര്‍: പത്തനാപുരത്ത് എല്ലാ തിരഞ്ഞെടുപ്പുകാലത്തെയും സ്ഥിരം കാഴ്ചയായിരുന്നു മോഹന്‍ലാലിന്റെ സാന്നിധ്യം. പ്രിയ സുഹൃത്ത് ഗണേഷ് കുമാറിനായി വോട്ട് ചോദിക്കാന്‍ ലാലേട്ടന്‍ എത്തുന്നതോടെ പത്തനാപുരം താരശോഭയിലാകും. എന്നാല്‍ ഇത്തവണ ഗണേഷിന്റെ പോരാട്ടം തനിച്ചാകുമെന്നാണ് സൂചന. മന്ത്രിക്കെതിരെ ഉയര്‍ന്നിരിക്കുന്ന ഗുരുതരമായ അഴിമതി ആരോപണങ്ങളും കുടുംബപ്രശ്‌നങ്ങളും മുന്‍നിര്‍ത്തി ഇത്തവണ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മോഹന്‍ലാല്‍ എത്തില്ലെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.
ഈ തിരഞ്ഞെടുപ്പില്‍ ആര്‍ക്കും വേണ്ടി പരസ്യമായ രാഷ്ട്രീയ പ്രതികരണം വേണ്ടെന്നാണ് മോഹന്‍ലാലിന്റെ ഇപ്പോഴത്തെ നിലപാട്. ഗണേഷ് കുമാറിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ തന്റെ പ്രതിച്ഛായയെ ബാധിക്കുമെന്ന ആശങ്കയും ഇതിനു പിന്നിലുണ്ടെന്നാണ് സൂചന. എന്നാല്‍ ലാലിനെ എങ്ങനെയെങ്കിലും പത്തനാപുരത്ത് എത്തിക്കാന്‍ ഗണേഷിന്റെ ഭാഗത്തുനിന്ന് വലിയ സമ്മര്‍ദ്ദമാണ് നടക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മോഹന്‍ലാല്‍ എത്തിയത് വലിയ ചര്‍ച്ചയായിരുന്നു. ഇത്തവണ ലാല്‍ കൈവിട്ടാല്‍ അത് വോട്ടര്‍മാര്‍ക്കിടയില്‍ തെറ്റായ സന്ദേശം നല്‍കുമെന്ന് ഗണേഷ് ഭയക്കുന്നു. ജഗദീഷ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചപ്പോഴും വോട്ട് പിടിക്കാന്‍ ലാല്‍ എത്തിയിരുന്നു.
മന്ത്രിക്ക് സ്വന്തം തട്ടകത്തില്‍ കനത്ത പ്രഹരമേല്‍പ്പിച്ചാണ് പത്തനാപുരം എന്‍.എസ്.എസ് താലൂക്ക് യൂണിയന്‍ ഭരണസമിതി പിരിച്ചുവിട്ടത്. പത്മ കഫെ അഴിമതിയും ഏകാധിപത്യ പ്രവണതയും ചൂണ്ടിക്കാട്ടി ജി. സുകുമാരന്‍ നായര്‍ ഗണേഷിനെ പടിക്ക് പുറത്താക്കി കഴിഞ്ഞു. ഇതിനു പുറമെ കൊട്ടാരക്കര കോടതിയിലെ സോളാര്‍ ഗൂഢാലോചന കേസും വാളകത്തെ കുടുംബപ്രശ്‌നങ്ങളും മന്ത്രിയുടെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചു. ഇതിനിടെ ഭാര്യയ്ക്ക് സര്‍ക്കാര്‍ കരാറുകള്‍ ലഭിച്ചതുമായി ബന്ധപ്പെട്ടും പുതിയ വിവാദങ്ങള്‍ പുകയുകയാണ്. ഇത് വിജിലന്‍സ് കേസാകാന്‍ സാധ്യതയുണ്ട്. പരാതി വിജിലന്‍സിന് മുന്നിലുണ്ട്.
148 കരയോഗങ്ങളും സമുദായ സംഘടനയും ഒരുപോലെ തിരിഞ്ഞതോടെ പത്തനാപുരത്ത് ഇത്തവണ ഗണേഷിന് കാര്യങ്ങള്‍ അത്ര എളുപ്പമാകില്ല. സമുദായ വോട്ടുകള്‍ക്കൊപ്പം താരപ്രഭയും നഷ്ടമാകുന്നത് എല്‍.ഡി.എഫ് കേന്ദ്രങ്ങളെയും ആശങ്കയിലാക്കുന്നുണ്ട്. അഡ്ഹോക്ക് കമ്മിറ്റി യൂണിയന്റെ ഭരണം ഏറ്റെടുത്തതോടെ ഗണേഷിന്റെ അപ്രമാദിത്വത്തിന് അറുതിയായി. വലിയ ശത്രുക്കള്‍ ഗണേഷിന് ഈ മേഖലയിലുണ്ട്.
ആത്മമിത്രമായ മോഹന്‍ലാല്‍ കൂടി അകലം പാലിച്ചാല്‍ ഈ രാഷ്ട്രീയ അഗ്‌നിപരീക്ഷ ഗണേഷ് എങ്ങനെ അതിജീവിക്കുമെന്നാണ് കേരളം ഉറ്റുനോക്കുന്നത്. പത്തനാപുരത്ത് ഇത്തവണ അതുകൊണ്ട് തന്നെ ഗണേഷിന് ജീവന്‍ മരണ പോരാട്ടമാകും.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


യുഡിഎഫില്‍ ഘടകകക്ഷികളുമായി പ്രാഥമിക സീറ്റ് ചര്‍ച്ച കഴിഞ്ഞു ; മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഡല്‍ഹിയിലേക്ക്; അന്തിമ തീരുമാനം ഹൈക്കമാന്‍ഡുമായുളള കൂടിക്കാഴ്ചയ്ക്ക് ശേഷം





