തിരുവനന്തപുരം: എക്സൈസ് കമ്മീഷണർ സ്ഥാനത്തുനിന്ന് എം.ആർ. അജിത് കുമാറിനെ നീക്കി സംസ്ഥാന സർക്കാർ ഉത്തരവിറക്കി. ഐ.എ.എസ് ഇതര കേഡർ ഉദ്യോഗസ്ഥരെ എക്സൈസ് കമ്മീഷണറായി നിയമിക്കരുത് എന്ന കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ (CAT) ഉത്തരവ് പ്രകാരമാണ് ഈ നടപടി. ഇതോടെ അഡീഷണൽ എക്സൈസ് കമ്മീഷണർക്ക് കമ്മീഷണറുടെ താത്കാലിക ചുമതല നൽകി.
കഴിഞ്ഞ ജൂലൈയിൽ എക്സൈസ് കമ്മീഷണറായി ചുമതലയേറ്റ അജിത് കുമാർ തുടക്കം മുതൽ വിവാദങ്ങളിൽ നിറഞ്ഞുനിന്നിരുന്നു. തൃശൂർ പൂരം കലക്കൽ, അനധികൃത സ്വത്ത് സമ്പാദനം എന്നീ ആരോപണങ്ങൾക്ക് പുറമെ, എക്സൈസ് ഉദ്യോഗസ്ഥർ എക്സൈസ് മന്ത്രിക്ക് എസ്‌കോർട്ട് പോകണമെന്ന അദ്ദേഹത്തിന്റെ വിചിത്രമായ നിർദ്ദേശവും വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. നിലവിൽ അജിത് കുമാറിന് പകരം നിയമനം നൽകിയിട്ടില്ല.
തന്റെ സ്ഥലംമാറ്റത്തിനെതിരെ നിയമയുദ്ധം നടത്തി സർക്കാരിനെതിരെ വിധി വാങ്ങിയ മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ ബി. അശോകിനെയും സർക്കാർ തന്ത്രപരമായി മാറ്റി. കാർഷികോത്പാദന കമ്മീഷണർ, കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എന്നീ പദവികളിൽ നിന്നാണ് അദ്ദേഹത്തെ നീക്കിയത്. പ്രാധാന്യം കുറഞ്ഞ സൈനിക ക്ഷേമ വകുപ്പിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായാണ് പുതിയ നിയമനം. ഇതിനൊപ്പം യുവജന ക്ഷേമ വകുപ്പിന്റെ അധികച്ചുമതലയും അദ്ദേഹത്തിന് നൽകിയിട്ടുണ്ട്.
യുവനടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്: സംവിധായകൻ രഞ്ജിത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; അറസ്റ്റ് നടപടികൾക്കിടെ ഉയർന്ന രക്തസമ്മർദ്ദവും ശാരീരിക അസ്വസ്ഥതയും
കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിൽ നിന്ന് അനുകൂല ഉത്തരവ് നേടിയതിന് തൊട്ടുപിന്നാലെയാണ് അശോകിനെതിരെ സർക്കാർ ഇത്തരമൊരു നീക്കം നടത്തിയത് എന്നത് ശ്രദ്ധേയമാണ്. ഐ.പി.എസ് ഉദ്യോഗസ്ഥനായ അജിത് കുമാറിനെ എക്സൈസ് കമ്മീഷണറാക്കിയ നടപടിയും ട്രിബ്യൂണലിന്റെ ഇടപെടലോടെ സർക്കാരിന് തിരുത്തേണ്ടി വന്നു.


നിയമസഭാ പോരാട്ടത്തിന് ബി.ഡി.ജെ.എസ്; 12 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടു





