മണ്ഡലകാലത്ത് ശബരിമലയിൽ ശാന്തിമാരും ദേവസ്വം ജീവനക്കാരും നടത്തിയത് കോടികളുടെ നിക്ഷേപം ; മാളികപ്പുറം മേല്‍ശാന്തി മാത്രം എസ്ബിഐയില്‍ നിക്ഷേപിച്ചത് 46 ലക്ഷമെന്ന് വിജിലന്‍സ്‌

എറണാകുളം: ശബരിമല മണ്ഡലകാലത്ത് സന്നിധാനം കേന്ദ്രീകരിച്ച് ശാന്തിമാരും ദേവസ്വം ജീവനക്കാരും കോടികളുടെ  പണമിടപാട് നടത്തിയതായി ദേവസ്വം വിജിലൻസ് കണ്ടെത്തി. കഴിഞ്ഞ വർഷം നവംബർ 17 മുതൽ ഡിസംബർ 31 വരെയുള്ള ചുരുങ്ങിയ കാലയളവിൽ സന്നിധാനത്തെ വിവിധ ബാങ്കുകൾ വഴി എട്ട് കോടിയിലധികം രൂപയുടെ ഇടപാടുകൾ നടന്നതായാണ് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

മാളികപ്പുറം മേൽശാന്തി മാത്രം എസ്ബിഐ ബ്രാഞ്ചിൽ 46.51 ലക്ഷം രൂപ നിക്ഷേപിച്ചതായി കണ്ടെത്തി. അദ്ദേഹത്തിന്റെ സഹായി 1.17 ലക്ഷം രൂപയുടെ ഇടപാടും നടത്തിയിട്ടുണ്ട്. ധനലക്ഷ്മി ബാങ്ക് വഴി 941 ഇടപാടുകളിലായി 14.45 കോടി രൂപ എത്തിയതായും വിജിലൻസ് സ്ഥിരീകരിച്ചു. മേൽശാന്തി, കീഴ് ശാന്തിക്കാർ, കുത്തക പാട്ടക്കാർ എന്നിവരുൾപ്പെടെ 18 അക്കൗണ്ടുകൾ വഴിയാണ് ഈ തുക കൈമാറ്റം ചെയ്യപ്പെട്ടത്. ഇതിൽ ചിലർ നേരത്തെ വിവാദമായ ‘ആടിയ നെയ്യ് ശിഷ്ടം’ ക്രമക്കേടിലെ പ്രതികളാണെന്നത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.

ബാങ്ക് ഇടപാടുകൾക്ക് പുറമെ പോസ്റ്റ് ഓഫീസ് വഴി 14 ലക്ഷം രൂപയുടെ മണി ഓർഡറുകൾ അയച്ചതായും റിപ്പോർട്ടിലുണ്ട്. ദിവസക്കൂലിക്കാർ, ശുചീകരണ തൊഴിലാളികൾ, കടയുടമകൾ എന്നിവരുൾപ്പെടെ 16 പേരാണ് ഇത്തരത്തിൽ പണമയച്ചത്. സന്നിധാനത്ത് അനധികൃത പണമിടപാടുകൾ നടക്കുന്നുണ്ടെന്ന സ്പെഷ്യൽ കമ്മീഷണറുടെ രഹസ്യവിവരത്തെത്തുടർന്ന് കോടതി നിർദേശപ്രകാരമാണ് അന്വേഷണം നടന്നത്. എന്നാൽ, ഈ തുകയെല്ലാം ഭക്തർ നൽകിയ ദക്ഷിണയാണെന്നാണ് ആരോപണവിധേയർ വിജിലൻസിന് നൽകിയ മൊഴി. ശബരിമല സ്വർണ്ണക്കൊള്ള വിവാദം നിലനിൽക്കെ പുറത്തുവന്ന ഈ പുതിയ കണ്ടെത്തലുകൾ ദേവസ്വം ബോർഡിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.