ശബരിമല ആടിയ നെയ്യ് കേസിലെ ആദ്യ അറസ്റ്റ്; ദേവസ്വം ജീവനക്കാരന്‍ സുനില്‍ കുമാര്‍ പോറ്റി പിടിയില്‍; 35 ലക്ഷം രൂപ മുക്കിയത് ചുരുങ്ങിയ ദിവസത്തിനുള്ളില്‍

തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നാലെ ആടിയ നെയ്യ് വില്‍പ്പനയിലെ ലക്ഷങ്ങളുടെ ക്രമക്കേടിലും ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. ദേവസ്വം ബോര്‍ഡിലെ കീഴ്ശാന്തിയും കേസിലെ 13-ാം പ്രതിയുമായ സുനില്‍ കുമാര്‍ പോറ്റിയെ വിജിലന്‍സ് പ്രത്യേക സംഘം അറസ്റ്റ് ചെയ്തു. പത്തനംതിട്ട വിജിലന്‍സ് യൂണിറ്റാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

ശബരിമലയിലെ വിശിഷ്ട വഴിപാടായ ആടിയ നെയ്യ് പാക്കറ്റുകളാക്കി വില്‍ക്കുന്നതിലാണ് വന്‍ അഴിമതി നടന്നത്. ദേവസ്വം വിജിലന്‍സ് നടത്തിയ പ്രാഥമിക പരിശോധനയില്‍ ലക്ഷക്കണക്കിന് രൂപയുടെ കുറവ് കണ്ടെത്തി.ഏകദേശം 16,628 പാക്കറ്റ് നെയ്യുടെ പണം ദേവസ്വം ബോര്‍ഡിന്റെ അക്കൗണ്ടിലെത്തിയിട്ടില്ല. 100 മില്ലി നെയ്യിന് 100 രൂപയാണ് വില.

2025 നവംബര്‍ 17 മുതല്‍ ഡിസംബര്‍ 26 വരെയുള്ള ചുരുങ്ങിയ കാലയളവില്‍ മാത്രം 35 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നതായാണ് സൂചന. ഇതില്‍ 13.67 ലക്ഷം രൂപയുടെ കുറവ് രേഖകളില്‍ വ്യക്തമായി കണ്ടെത്തിയിട്ടുണ്ട്.

വിഷയം പരിഗണിച്ച ഹൈക്കോടതി സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തി. ‘ദേവസ്വം ബോര്‍ഡിലെ ചില ജീവനക്കാര്‍ക്ക് ജോലി ചെയ്യുന്നതിനേക്കാള്‍ താല്‍പ്പര്യം പണം കൊള്ളയടിക്കാനാണ്’ എന്ന് കോടതി നിരീക്ഷിച്ചു. സംസ്ഥാന വിജിലന്‍സ് കേസെടുത്ത് അന്വേഷിക്കണമെന്ന് കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് അറസ്റ്റ് നടപടികള്‍ വേഗത്തിലായത്.

ക്രമക്കേട് കണ്ടെത്തിയതിനെത്തുടര്‍ന്ന് സുനില്‍ കുമാര്‍ പോറ്റിയെ ദേവസ്വം ബോര്‍ഡ് നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു. നെയ്യ് പാക്കറ്റുകളുടെ വിതരണത്തിലും മഹസര്‍ തയ്യാറാക്കുന്നതിലും ഇയാള്‍ ഗുരുതര വീഴ്ച വരുത്തിയതായി വിജിലന്‍സ് കണ്ടെത്തി.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.