തിരുവനന്തപുരം: കേരള രാഷ്ട്രീയത്തില്‍ ഉമ്മന്‍ചാണ്ടി എന്ന അതികായന് ഒഴിഞ്ഞുപോയ ശൂന്യതയിലേക്ക്, ഹൈക്കമാന്‍ഡിന്റെ കരുത്തുമായി കെ.സി. വേണുഗോപാല്‍ ചുവടുറപ്പിക്കുന്നു. ഗ്രൂപ്പ് പോരിലും ഉഭയകക്ഷി തര്‍ക്കങ്ങളിലും ഉലയുന്ന യു.ഡി.എഫിനെ കൈപിടിച്ചുയര്‍ത്താന്‍ എ.ഐ.സി.സി സംഘടനാ ജനറല്‍ സെക്രട്ടറി നേരിട്ട് കളംപിടിക്കുമ്പോള്‍ കേരള കോണ്‍ഗ്രസില്‍ ഇത് ‘കെ.സി യുഗ’ത്തിന്റെ തുടക്കമാവുകയാണ്.
വൈകുന്ന ഉഭയകക്ഷി ചര്‍ച്ചകളും മുന്നണിയിലെ അസ്വാരസ്യങ്ങളും പരിഹരിക്കാന്‍ പി.കെ. കുഞ്ഞാലിക്കുട്ടി അടക്കം ഇന്ന് വിളിക്കുന്നത് ഒരേയൊരു നമ്പറിലേക്കാണ് അത് കെ.സി. വേണുഗോപാലിന്റേതാണ്. ഉമ്മന്‍ചാണ്ടിക്ക് ശേഷം ഘടകകക്ഷികള്‍ക്ക് ഒരുപോലെ സ്വീകാര്യനായ നേതാവായി കെ.സി മാറിക്കഴിഞ്ഞു. രാഹുല്‍ ഗാന്ധിയുടെ അതിവിശ്വസ്തന് എന്ന നിലയില്‍ കെ.സി നല്കുന്ന ഉറപ്പുകള്‍ക്ക് ഹൈക്കമാന്‍ഡിന്റെ മുദ്രയുണ്ടെന്ന വിശ്വാസമാണ് മുന്നണി നേതാക്കളെ അദ്ദേഹത്തിലേക്ക് അടുപ്പിക്കുന്നത്.
വെറുമൊരു രാഷ്ട്രീയ നേതാവെന്നതിലുപരി സമുദായ നേതാക്കള്‍ക്കിടയില്‍ കോണ്‍ഗ്രസിന്റെ ‘പാലം’ ആയി കെ.സി മാറി. ശിവഗിരി മഠത്തിന്റെ സഹകരണത്തോടെ മഹാത്മാഗാന്ധി-ശ്രീനാരായണ ഗുരു കൂടിക്കാഴ്ചയുടെ നൂറാം വാര്‍ഷികം ആഘോഷിക്കാന്‍ നിര്‍ദ്ദേശിച്ച കെ.സിയുടെ നീക്കം രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന ഒന്നാണ്. മാര്‍ച്ച് 6-ന് ആശ്രാമം മൈതാനത്ത് രാഹുല്‍ ഗാന്ധി ഈ ആഘോഷം ഉദ്ഘാടനം ചെയ്യുമ്പോള്‍, അത് കേരളത്തിലെ വോട്ടുബാങ്കുകളെ കോണ്‍ഗ്രസിലേക്ക് അടുപ്പിക്കാനുള്ള കെ.സിയുടെ മാസ്റ്റര്‍ സ്ട്രോക്ക് ആയി മാറും.
ഗ്രൂപ്പ് യുദ്ധത്തിന് അന്ത്യം കുറിക്കുമെന്നാണ് കെസി പറയുന്നത്. പോസ്റ്റര്‍ യുദ്ധവും പരസ്യ പ്രസ്താവനകളും ഇക്കുറിയില്ല; എല്ലാം കെ.സിയുടെ മേല്‍നോട്ടത്തില്‍ ഹൈക്കമാന്‍ഡ് നിയന്ത്രിക്കുന്നു. സീറ്റ് സര്‍വേയുടെ അടിസ്ഥാനത്തില്‍ മാത്രമാകും. ഗ്രൂപ്പ് വീതംവെപ്പ് അവസാനിച്ചു. വിജയസാധ്യത നോക്കി സര്‍വേയുടെ അടിസ്ഥാനത്തില്‍ മാത്രം സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം എന്ന വിപ്ലവകരമായ മാറ്റം കെ.സിയുടെ നിര്‍ദ്ദേശമാണ്. കെ. സുധാകരനും മുല്ലപ്പള്ളിയും അടൂര്‍ പ്രകാശും വരെ മനസ്സ് തുറക്കുന്നത് കെ.സിയോടാണ്.
പതിവില്‍ നിന്ന് വിപരീതമായി തദ്ദേശ തിരഞ്ഞെടുപ്പിനെ ഗൗരവമായി കാണാനും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ പ്രത്യേക ടാസ്ക് ഫോഴ്സിനെ നിയോഗിക്കാനും നിര്‍ദ്ദേശം നല്‍കിയത് കെ.സിയാണ്. ഇതോടെ സംസ്ഥാന ഭരണവിരുദ്ധ വികാരം വോട്ടാക്കി മാറ്റി കോണ്‍ഗ്രസിനെ അധികാരത്തില്‍ എത്തിക്കാനുള്ള പടയൊരുക്കം അദ്ദേഹം പൂര്‍ത്തിയാക്കി കഴിഞ്ഞു.
സമീപകാലത്തെ സര്‍വ്വേകളെല്ലാം യു.ഡി.എഫിന് അനുകൂലമാണ്. ഭരണമാറ്റം ഉണ്ടായാല്‍, ഉമ്മന്‍ചാണ്ടിക്ക് ശേഷം എല്ലാവരും ഒരേസ്വരത്തില്‍ അംഗീകരിക്കുന്ന കെ.സി. വേണുഗോപാല്‍ കേരളം ഭരിക്കാനുള്ള സാധ്യതകള്‍ ഏറെയാണ്. അങ്ങനെ എങ്കില്‍ കോണ്‍ഗ്രസിന്റെ അധികാര കസേരയിലെ നേതാവായി കെസി മാറാനുള്ള സാധ്യത ഏറെയാണ്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


അടൂർ സഹകരണ ബാങ്കിൽ വൻ അഴിമതി; സി.പി.എം നേതാവ് പ്രസിഡന്റ് സ്ഥാനം രാജിവച്ചു





