തിരുവനന്തപുരം: കേരളത്തിന്റെ സർക്കാർ ആരോഗ്യമേഖലയെ തകർക്കാൻ ബോധപൂർവ്വമായ ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സർക്കാർ ആശുപത്രികളിലെ ചികിത്സാ പിഴവുകൾ സംബന്ധിച്ച വാർത്തകളും പ്രതിപക്ഷ പ്രതിഷേധങ്ങളും ശക്തമാകുന്ന പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം. കേരളത്തിലെ ആരോഗ്യരംഗം തകർന്നെന്ന് വരുത്തിത്തീർക്കുന്നത് സ്വകാര്യ കുത്തകകളുടെ ആവശ്യമാണെന്നും, പാവപ്പെട്ടവർ ആശ്രയിക്കുന്ന ഈ മേഖലയെ ആർക്കും അടിയറവ് വെക്കാൻ സർക്കാർ തയ്യാറല്ലെന്നും മന്ത്രി വ്യക്തമാക്കി.
യൂത്ത് കോൺഗ്രസ് നടത്തുന്നത് സ്വകാര്യ ആശുപത്രി കുത്തകകൾക്ക് വേണ്ടിയുള്ള സമരമാണെന്ന് മന്ത്രി ആരോപിച്ചു. സ്വകാര്യ ആശുപത്രികളിലെ വീഴ്ചകൾ ആരെങ്കിലും റിപ്പോർട്ട് ചെയ്യാറുണ്ടോ എന്ന് ചോദിച്ച മന്ത്രി, അത്തരം സ്ഥാപനങ്ങൾക്കെതിരെ 600-ഓളം പരാതികൾ വന്നിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കുള്ളിൽ സർക്കാർ ആശുപത്രികളിൽ ഏർപ്പെടുത്തിയ മികച്ച ചികിത്സാ സൗകര്യങ്ങളെയും നേട്ടങ്ങളെയും മന്ത്രി അക്കമിട്ടു നിരത്തി. പത്തനംതിട്ടയുൾപ്പെടെയുള്ള ജില്ലകളിൽ വലിയ തോതിലുള്ള വികസനമാണ് ഈ രംഗത്തുണ്ടായതെന്നും മന്ത്രി അവകാശപ്പെട്ടു.
വണ്ടാനം മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയ പിഴവ് വിവാദത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. ഏതുകാലത്ത് നടന്ന സംഭവമാണെങ്കിലും അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്നതിന്റെ ഉദാഹരണമാണ് വണ്ടാനത്തെ സസ്പെൻഷൻ നടപടികൾ. ചട്ടപ്രകാരം നിലവിൽ ചെയ്യാവുന്ന പരമാവധി കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്നും, ഇനി കൂടുതൽ എന്ത് നടപടിയാണ് വേണ്ടതെന്ന് പ്രതിപക്ഷം വ്യക്തമാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. നിസ്സഹായരായ മനുഷ്യർക്ക് വേണ്ടിയുള്ള സർക്കാർ ആശുപത്രികളെ സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുമെന്നും വീണാ ജോർജ് വ്യക്തമാക്കി.
ആടിയ ശിഷ്ടം നെയ്യ് വിൽപന: ശബരിമലയിൽ നടന്നത് 21 ലക്ഷത്തിന്റെ ക്രമക്കേടെന്ന് വിജിലൻസ്


രഞ്ജിത്തിനെ ഒളിവില്‍ പോകാന്‍ സഹായിച്ചു; നടന് ബോബി കുര്യനും അസി. ഡയറക്ടര്‍ ശാലിനിയും പ്രതിപ്പട്ടികയിലേക്ക്?




