“വിഴിഞ്ഞം സമരത്തിന് പിന്നിൽ വിദേശ പോർട്ടുകൾ” തുറമുഖ വകുപ്പ് മന്ത്രി : മന്ത്രി വാസവനെതിരെ ലത്തീൻ അതിരൂപത

തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖ സമരത്തിന് പിന്നിൽ ദുബായ്, കൊളംബോ പോർട്ടുകളുടെ ഒത്താശയുണ്ടായിരുന്നുവെന്ന തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവന്റെ പ്രസ്താവനയ്ക്കെതിരെ ലത്തീൻ അതിരൂപത. മന്ത്രിയുടെ പരാമർശം തികച്ചും അടിസ്ഥാനരഹിതവും അപലപനീയവുമാണെന്ന് അതിരൂപത വ്യക്തമാക്കി. വിഴിഞ്ഞം സമരമുഖത്ത് നടന്ന പോലീസ് സ്റ്റേഷൻ ആക്രമണത്തെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും ഫാ. യൂജിൻ പെരേര ആവശ്യപ്പെട്ടു.
കേരള പോലീസ് അസോസിയേഷൻ ജില്ലാ സമ്മേളനത്തിൽ സംസാരിക്കവെയാണ് മന്ത്രി വിവാദ പരാമർശം നടത്തിയത്. വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാകുമ്പോൾ തങ്ങളുടെ ബിസിനസ് നഷ്ടപ്പെടുമെന്ന് ഭയന്ന കൊളംബോ, ദുബായ് പോർട്ടുകളാണ് സമരത്തിന് പിന്നിൽ പ്രവർത്തിച്ചതെന്ന് അദ്ദേഹം ആരോപിച്ചു. സമരം അക്രമാസക്തമായ ഘട്ടത്തിൽ തോക്കെടുക്കേണ്ട സാഹചര്യം പലതവണ ഉണ്ടായിട്ടും പോലീസ് സ്വീകരിച്ച സംയമനമാണ് പദ്ധതിയുടെ വിജയത്തിന് പിന്നിൽ , ഒരു വെടിവയ്പ്പ് നടന്നിരുന്നെങ്കിൽ പദ്ധതി തന്നെ തകിടം മറിയുമായിരുന്നുവെന്നും മന്ത്രി പറഞ്ഞു. ഗർഭിണികളെ മുന്നിൽ നിർത്തി പോലീസ് സ്റ്റേഷൻ ആക്രമിച്ചതും കേസ് ഡയറികൾ നശിപ്പിച്ചതും അദ്ദേഹം പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.
എന്നാൽ, മത്സ്യത്തൊഴിലാളികൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാത്ത സർക്കാർ വസ്തുതകൾ മറച്ചുവെക്കാൻ ശ്രമിക്കുകയാണെന്ന് ലത്തീൻ അതിരൂപത . ഏഴ് ആവശ്യങ്ങൾ നടപ്പിലാക്കുമെന്ന് ഉറപ്പ് നൽകിയിരുന്നെങ്കിലും ഫ്ലാറ്റുകളിലേക്ക് മാറ്റിപ്പാർപ്പിക്കുക മാത്രമാണ് ചെയ്തതെന്നും യൂജിൻ പെരേര കുറ്റപ്പെടുത്തി. രണ്ടാം വിമോചന സമരമാണ് പ്രതിപക്ഷം പ്രഖ്യാപിച്ചതെന്ന മന്ത്രിയുടെ ആരോപണം തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം പറഞ്ഞു
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.