ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ വയറ്റിൽ ഉപകരണം കുടുങ്ങിയ സംഭവത്തിൽ മുൻ ഗൈനക്കോളജി വിഭാഗം മേധാവി ഡോ. ലളിതാംബികയെ പ്രതിയാക്കി പോലീസ് കേസെടുത്തു. മനുഷ്യജീവനും വ്യക്തിസുരക്ഷയ്ക്കും അപകടകരമാംവിധം അശ്രദ്ധമായി പ്രവർത്തിച്ചു എന്ന കുറ്റത്തിനാണ് അമ്പലപ്പുഴ പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഉഷാ ജോസഫിന്റെ ഭർത്താവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. നിലവിൽ ഡോ. ലളിതാംബികയെ മാത്രമാണ് പ്രതി ചേർത്തിട്ടുള്ളതെങ്കിലും, അന്വേഷണത്തിന്റെ ഭാഗമായി ശസ്ത്രക്രിയയിൽ പങ്കെടുത്ത കൂടുതൽ പേരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു.
ഡോ. ലളിതാംബികയുടെ യൂണിറ്റിന് കീഴിലായിരുന്ന ഡോ. ഷാഹിദയാണ് യഥാർത്ഥത്തിൽ ശസ്ത്രക്രിയ നടത്തിയതെന്ന വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഡോ. ഷാഹിദയെയും നഴ്സിംഗ് ഓഫീസർ ധന്യയെയും നേരത്തെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ പോലീസ് കേസിൽ ഇപ്പോൾ ഡോ. ലളിതാംബികയെ മാത്രം പ്രതിയാക്കിയത് എന്തുകൊണ്ടാണെന്ന ചർച്ചകളും സജീവമാണ്. ഡോ. ലളിതാംബികയും നഴ്സും ചേർന്നാണ് ശസ്ത്രക്രിയ നടത്തിയതെന്ന് കുടുംബം പരാതിയിൽ ഉറച്ചുനിൽക്കുന്നതാണ് പോലീസിന്റെ ഇപ്പോഴത്തെ നീക്കത്തിന് കാരണം.
അതേസമയം, തനിക്കെതിരെയുള്ള ആരോപണങ്ങൾ ഡോ. ലളിതാംബിക ശക്തമായി നിഷേധിച്ചു. ശസ്ത്രക്രിയ നടത്തിയത് താനല്ലെന്നും വകുപ്പ് മേധാവി എന്ന നിലയിലാണ് തന്റെ പേര് വലിച്ചിഴയ്ക്കുന്നതെന്നും അവർ ആവർത്തിച്ചു. വയറ്റിൽ കുടുങ്ങിയത് കത്രികയല്ലെന്നും മസ്കിറ്റോ എന്ന ചെറിയ ഉപകരണമാണെന്നും, അത് ശരീരത്തിനുള്ളിൽ 50 വർഷം ഇരുന്നാലും ഒന്നും സംഭവിക്കില്ലെന്നുമുള്ള ഡോക്ടറുടെ മുൻപത്തെ പ്രസ്താവന വലിയ വിവാദമായിരുന്നു. മുൻപ് നടന്ന മറ്റേതെങ്കിലും ശസ്ത്രക്രിയയ്ക്കിടെയാകാം ഇത് സംഭവിച്ചതെന്ന ഡോക്ടറുടെ വാദം പോലീസ് ഗൗരവമായി പരിശോധിക്കുന്നുണ്ട്.


വിധിയെഴുതി കേരളം; ഇനി ഉറ്റുനോക്കുന്നത് മെയ് നാലിലേക്ക്; മുന്നണികള്‍ കണക്കുകൂട്ടലില്‍
വാക്കുതര്‍ക്കത്തിനിടയില്‍ ‘പോയി ചാകെ’ന്ന് പറഞ്ഞാല്‍ ആത്മഹത്യാ പ്രേരണയാകില്ല’,കാസര്‍കോട് സ്വദേശിനി മകളുമായി ജീവനൊടുക്കിയ കേസില്‍ ഹൈക്കോടതിയുടെ നിര്‍ണായ നിരീക്ഷണം, യുവാവിനെ കുറ്റവിമുക്തനാക്കി




