കോഴിക്കോട് രാജാവാര്; ഷാഫിയും രാഘവനും നേര്‍ക്കുനേര്‍; രണ്ടുപതിറ്റാണ്ടത്തെ സീറ്റുദാരിദ്ര്യം മറികടക്കാന്‍ പോര് പാരയാകുമോ

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ എം.കെ. രാഘവനും ഷാഫി പറമ്പിലും തമ്മിലുള്ള പോര് മുറുകുന്നു. നിര്‍ണ്ണായകമായ നിയമസഭാതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോഴിക്കോട് ജില്ലയില്‍ താനാണ് പ്രധാനി എന്നുകാട്ടാനാണ് ഷാഫി പറമ്പില്‍ ശ്രമിക്കുന്നതെന്നാണ് എം.കെ. രാഘവന്‍പക്ഷത്തിന്റെ ആരോപണം. കഴിഞ്ഞ രണ്ടുപതിറ്റാണ്ടിലേറെയായി ഒരു സീറ്റുപോലും കോണ്‍ഗ്രസിന് നേടാന്‍ കഴിയാത്ത ജില്ലയില്‍ ഇക്കുറി പ്രകടനം മെച്ചമാക്കാനുള്ള ശ്രമം നടക്കുന്ന വേളയിലാണ് മുതിര്‍ന്ന രണ്ടു നേതാക്കള്‍ തമ്മിലുള്ള ബലപരീക്ഷണം കോണ്‍ഗ്രസിന് തലവേദനയാകുന്നത്.

പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രയുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം കുറ്റ്യാടിയിലുണ്ടായ സംഭവങ്ങളുടെ തുടര്‍ച്ചയായാണ് നേതാക്കള്‍ തമ്മിലുള്ള പോരുമുറുകുന്നത്. ഷാഫി പറമ്പില്‍ എവിടെ പോയാലൂം അവിടെ താന്‍മാത്രം എന്ന സ്ഥിതിവിശേഷം ഉണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നാണ് ഡി.സി.സിയിലെ ഒരു വിഭാഗവും എം.കെ. രാഘവനെ അനുകൂലിക്കുന്നവരും വാദിക്കുന്നത്. കുറ്റ്യാടിയിലും സംഭവിച്ചത് അതാണ്. ഒടുവില്‍ നൂറിലേറെ സീറ്റ് നേടുമ്പോള്‍ അതില്‍ കുറ്റ്യാടി കൂടി കൂട്ടിക്കോളൂ എന്നൊരു അവകാശവാദവും വച്ചിട്ടാണ് ഷാഫി പോയതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

കെ. കരുണാകരന്റെ കാലത്തിന് ശേഷം മലബാറില്‍ പൊതുവേയും കോഴിക്കോട് പ്രത്യേകിച്ചും കോണ്‍ഗ്രസ് ദുര്‍ബലാവസ്ഥയിലാണ്. കോഴിക്കോട് ജില്ലയില്‍ നിന്ന് അതിന് ശേഷം നിയമസഭയിലേയ്ക്ക് ഒരു സീറ്റ് നേടാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ല. ഇത് പാര്‍ട്ടിയെ വല്ലാതെ വലയ്ക്കുന്നുണ്ട്. അത് ഏതുവിധേനയേയും മറികടക്കുക എന്നതാണ് ഇക്കുറി അവര്‍ ലക്ഷ്യം വയ്ക്കുന്നത്. മലബാറില്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാതെ ഭരണത്തില്‍ തിരികെയെത്താനാവില്ലെന്നതും കോണ്‍ഗ്രസിന് ഉറപ്പുണ്ട്. അതിന് നേതാക്കള്‍ തമ്മിലുള്ള പോര് പാരയാകുമോയെന്നാണ് നേതൃത്വത്തിന് മുന്നിലെ ആശങ്ക.

പാര്‍ട്ടിയെ മറികടന്നുകൊണ്ട് സ്വന്തം പ്രതിച്ഛായ സൃഷ്ടിച്ചെടുക്കാനുള്ള ശ്രമമാണ് ഷാഫി പറമ്പില്‍ എക്കാലത്തും നടത്തുന്നതെന്നാണ് പൊതുവിലെ ആരോപണം. ഷാഫി പാലക്കാട് എത്തിയപ്പോള്‍ അവിടുത്തെ ഡി.സി.സിയും പാര്‍ട്ടി സംവിധാനങ്ങളും തീര്‍ത്തും നിര്‍ജ്ജീവമായി. എല്ലാം ഷാഫി എന്ന നില വന്നു. പിന്നീട് അവിടെ നിന്നും അയാള്‍ വടകരയിലേയ്ക്ക് പോയതോടെയാണ് പാലക്കാട് കോണ്‍ഗ്രസിന്റെ സംഘടനാ ദൗര്‍ബല്യം കുറെയെങ്കിലും മാറിയത്. എന്നാല്‍ ഇപ്പോള്‍ കോഴിക്കോട് അദ്ദേഹം പിന്തുടരുന്നത് പഴയ അതേരീതിയാണ്. പാര്‍ട്ടിയെ പരിഗണിക്കാതെ താനാണ് എല്ലാം എന്ന് വരുത്താനുള്ള ശ്രമമാണ്. മാത്രമല്ല, ഇക്കുറി കോഴിക്കോട് നിയമസഭാസീറ്റുകളില്‍ ഏതെങ്കിലും വിജയിക്കാന്‍ കഴിഞ്ഞാല്‍ അത് തന്റെ നേട്ടമായി ചിത്രീകരിക്കാനുള്ള നീക്കവും ഷാഫിയുടെ നേതൃത്വത്തില്‍ നടക്കുന്നുവെന്നാണ് എം.കെ. രാഘവന്‍ പക്ഷം ആരോപിക്കുന്നത്.

എന്നാല്‍ അത് അങ്ങനെ എളുപ്പത്തില്‍ വിട്ടുകൊടുക്കാന്‍ രാഘവന്‍ പക്ഷം തയാറുമല്ല. തങ്ങള്‍ കഴിഞ്ഞ രണ്ടുപതിറ്റാണ്ടായി ഇവിടെ ശക്തമായി പ്രവര്‍ത്തിക്കുവെന്ന വാദമാണ് അദ്ദേഹം ഉയര്‍ത്തുന്നത്. ഇന്നലെ വന്ന ഷാഫിക്ക് ഇവിടെ ഒരു മാറ്റവും കൊണ്ടുവരാനായിട്ടില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. വടകരമണ്ഡലം ആദ്യമായി ഷാഫി ജയിച്ചതല്ല. കോണ്‍ഗ്രസിന്റെ കൈവശമുണ്ടായിരുന്ന മണ്ഡലം നിലനിര്‍ത്തുക മാത്രമായിരുന്നു. എന്നാല്‍ താന്‍ ഇടതുപക്ഷത്തിന്റെ കൈയിലിരുന്ന മണ്ഡലം പിടിച്ചെടുത്താണ് വിജയിച്ചതെന്നാണ് രാഘവന്റെ വാദം. എന്തായാലും നേതാക്കള്‍ തമ്മിലുള്ള ഈ പോര് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വലിയ തലവേദനയായി മാറുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തലും.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.