പുതുയുഗ യാത്രയുടെ വേദിയില്‍ വി.ഡി. സതീശനെ സാക്ഷിയാക്കി ഷാഫി പറമ്പിലിന്റെ നീരസ പ്രകടനം ; വേദിയില്‍ പരസ്യമായി തര്‍ക്കം

കോഴിക്കോട് : പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രയുടെ കോഴിക്കോട് കുറ്റ്യാടിയിലെ സ്വീകരണ വേദിയില്‍ നാടകീയ രംഗങ്ങള്‍. ജാഥാ ക്യാപ്റ്റനായ സതീശന്റെ പ്രസംഗത്തിന് മുന്‍പ് തന്നെ പ്രസംഗിക്കാന്‍ അനുവദിക്കാത്തതിനെച്ചൊല്ലി ഷാഫി പറമ്പില്‍ എം.പി.യും പ്രാദേശിക നേതാക്കളും തമ്മില്‍ വേദിയില്‍ വെച്ച് പരസ്യമായ പിടിവലിയുണ്ടായി.
സാധാരണ നിലയില്‍ ജാഥാ ക്യാപ്റ്റന്‍ സംസാരിക്കുന്നതിന് തൊട്ടുമുന്‍പാണ് പ്രധാന നേതാക്കള്‍ സംസാരിക്കാറുള്ളത്. എന്നാല്‍ കുറ്റ്യാടിയിലെ യോഗത്തില്‍ അധ്യക്ഷനായ ഡി.സി.സി. സെക്രട്ടറി പ്രമോദ് കക്കട്ടില്‍ ഷാഫി പറമ്പിലിനെ ഒഴിവാക്കി നേരിട്ട് വി.ഡി. സതീശനെ പ്രസംഗിക്കാന്‍ ക്ഷണിച്ചു. ഇതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്.
സതീശനെ ക്ഷണിച്ചതിന് പിന്നാലെ ഷാഫിയെ വിളിക്കണമെന്ന ആവശ്യം പ്രവര്‍ത്തകര്‍ക്കിടയില്‍ നിന്ന് ഉയര്‍ന്നു.
തുടര്‍ന്ന് ഷാഫിയെ ക്ഷണിക്കാനായി പ്രമോദ് കക്കട്ടില്‍ മൈക്കിനടുത്തേക്ക് എത്തിയപ്പോള്‍, ‘വിളിച്ചു കഴിഞ്ഞിട്ടാണോ എന്നെ വിളിക്കുന്നത്’ എന്ന് ചോദിച്ച് ഷാഫി അതൃപ്തി പ്രകടിപ്പിച്ചു.വി.ഡി. സതീശന്‍ പ്രസംഗം പൂര്‍ത്തിയാക്കിയ ശേഷം വീണ്ടും ഷാഫിയെ ക്ഷണിക്കാന്‍ ശ്രമിച്ച പ്രമോദ് കക്കട്ടിലിനെ ഷാഫി തടയാന്‍ ശ്രമിച്ചത് വേദിയില്‍ ചെറിയ രീതിയിലുള്ള പിടിവലിക്ക് കാരണമായി.
ഒടുവില്‍ മൈക്കിന് മുന്നിലെത്തിയ ഷാഫി പറമ്പില്‍ പ്രസംഗിക്കാന്‍ തയ്യാറായില്ല. വി.ഡി. സതീശനെ നോക്കി ‘പ്രതിപക്ഷ നേതാവിനോടാണ്, നൂറില്‍ കൂടുതല്‍ എണ്ണുമ്പോള്‍ കുറ്റ്യാടി കൂടി എണ്ണിക്കോളൂ’ എന്ന് മാത്രം പറഞ്ഞ് അദ്ദേഹം മൈക്ക് വിട്ടു. ജാഥ നിശ്ചയിച്ച സമയത്തേക്കാള്‍ വൈകിയതിനാലാണ് പ്രസംഗങ്ങളുടെ എണ്ണം കുറച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം. വേദിയില്‍ ആളുകള്‍ അധികമായി കയറിയത് നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കിയെന്നും നേതൃത്വം പറയുന്നു. തര്‍ക്കം നടക്കുമ്പോള്‍ പ്രതിപക്ഷ നേതാവ് ഇടപെടാതെ മാറിനില്‍ക്കുകയായിരുന്നു.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.