ഇസ്ലാമാബാദ്: പാകിസ്താൻ മുൻ പ്രധാനമന്ത്രിയും മുൻ ക്രിക്കറ്റ് താരവുമായ ഇമ്രാൻ ഖാൻ്റെ ആരോഗ്യനില അതീവ ഗുരുതരമെന്ന് റിപ്പോർട്ട്. പാക് സുപ്രീം കോടതി നിയോഗിച്ച അമികസ് ക്യൂറി സൽമാൻ സഫ്ദർ സമർപ്പിച്ച റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. ദീർഘകാലമായി അഡിയാല ജയിലിൽ ഏകാന്ത തടവിൽ കഴിയുന്ന ഇമ്രാൻ ഖാന് വലത് കണ്ണിൻ്റെ കാഴ്ചശക്തിയുടെ 85 ശതമാനവും നഷ്ടപ്പെട്ടതായാണ് ഔദ്യോഗിക സ്ഥിരീകരണം.
ജയിൽ അധികൃതർ മാസങ്ങളോളം കൃത്യമായ വൈദ്യസഹായം നിഷേധിച്ചതാണ് കാഴ്ചശക്തി നഷ്ടപ്പെടാൻ കാരണമായതെന്ന് റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു. 2025 ഒക്ടോബർ വരെ മികച്ച കാഴ്ചശക്തിയുണ്ടായിരുന്ന ഇമ്രാൻ ഖാൻ, കാഴ്ച മങ്ങുന്നതായി ജയിൽ സൂപ്രണ്ടിനെ പലതവണ അറിയിച്ചിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ല. ഒടുവിൽ വലത് കണ്ണിൻ്റെ കാഴ്ച പൂർണ്ണമായും നിലച്ചപ്പോഴാണ് നേത്രരോഗ വിദഗ്ദ്ധനെ എത്തിച്ചത്. കണ്ണിൽ രക്തം കട്ടപിടിച്ചതിനെ തുടർന്ന് നിലവിൽ 15 ശതമാനം കാഴ്ച മാത്രമാണ് അവശേഷിക്കുന്നത്.
രണ്ട് വർഷത്തിലേറെയായി ഇമ്രാൻ ഖാൻ ഏകാന്ത തടവിലാണ്. മനുഷ്യത്വരഹിതമായ പെരുമാറ്റമാണ് പാക് അധികൃതരിൽ നിന്നും ഉണ്ടാകുന്നതെന്ന് അഭിഭാഷകൻ ചൂണ്ടിക്കാട്ടി.കോടതി ഉത്തരവുണ്ടായിട്ടും സഹോദരിമാരെ കാണാൻ അനുവദിക്കുന്നില്ല. മക്കളുമായി കഴിഞ്ഞ ഒരു വർഷത്തിനിടെ രണ്ടു തവണ മാത്രമാണ് ഫോണിൽ സംസാരിക്കാനായത്. നിലവിൽ പത്നിക്ക് മാത്രമാണ് ആഴ്ചയിൽ അരമണിക്കൂർ സന്ദർശനാനുവാദമുള്ളത്.
ഇന്ധന പ്രതിസന്ധി: ഇന്ത്യയുടെ സാമ്പത്തിക ഭദ്രതയെ പുകഴ്ത്തി പാക് മന്ത്രി; തന്ത്രപരമായ എണ്ണശേഖരം ഇന്ത്യയ്ക്ക് തുണയായെന്ന് വെളിപ്പെടുത്തൽ

സന്ദർശന വേളയിൽ അതീവ ദുഃഖിതനായിരുന്ന ഇമ്രാൻ ഖാൻ്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നുവെന്നും ടിഷ്യൂ ഉപയോഗിച്ച് അദ്ദേഹം കണ്ണ് തുടയ്ക്കുന്നുണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.കഴിഞ്ഞ അഞ്ചു മാസമായി പ്രധാന അഭിഭാഷകരെയോ നിയമ സംഘത്തെയോ കാണാൻ ജയിൽ അധികൃതർ അനുവദിച്ചിട്ടില്ല.
73 വയസ്സുകാരനായ ഇമ്രാൻ ഖാന് ഇനിയും വൈദ്യസഹായം നിഷേധിക്കുന്നത് അദ്ദേഹത്തിൻ്റെ ജീവനുതന്നെ ഭീഷണിയായേക്കുമെന്ന മുന്നറിയിപ്പോടെയാണ് റിപ്പോർട്ട് അവസാനിക്കുന്നത്. പാക് ഭരണകൂടത്തിനെതിരെ അന്താരാഷ്ട്ര തലത്തിൽ വലിയ പ്രതിഷേധത്തിന് ഈ റിപ്പോർട്ട് കാരണമായേക്കും.


900 വാഗ്ദാനങ്ങൾ, 97 ശതമാനവും പൂർത്തിയായി; പത്താം വർഷത്തിൽ പ്രോഗ്രസ് റിപ്പോർട്ട് പുറത്തുവിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ





