സുപൗൽ (ബീഹാർ): പ്രശസ്ത ബോളിവുഡ് ഗായകൻ ഉദിത് നാരായണനെതിരെ അതീവ ഗുരുതരമായ ആരോപണങ്ങളുമായി ആദ്യ ഭാര്യ രഞ്ജന ഝാ രംഗത്ത്. തന്റെ അറിവോ സമ്മതമോ കൂടാതെ ഗർഭപാത്രം നീക്കം ചെയ്തുവെന്നും ഇതിന് പിന്നിൽ ഉദിത് നാരായണനും രണ്ടാം ഭാര്യ ദീപ നാരായണനും ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾക്ക് പങ്കുണ്ടെന്നും ആരോപിച്ച് രഞ്ജന ബീഹാറിലെ സുപൗൽ വനിതാ പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
ഫെബ്രുവരി 10-ന് അഭിഭാഷകനൊപ്പം നേരിട്ടെത്തിയാണ് രഞ്ജന രേഖാമൂലം പരാതി സമർപ്പിച്ചത്. 1996-ൽ ചികിത്സയ്ക്കെന്ന വ്യാജേന ഡൽഹിയിലെ ആശുപത്രിയിൽ എത്തിച്ച് ഗർഭപാത്രം നീക്കം ചെയ്തെന്നാണ് പരാതിയിലെ പ്രധാന ആരോപണം. വർഷങ്ങൾക്ക് ശേഷം നടത്തിയ വൈദ്യപരിശോധനയിലാണ് താൻ വഞ്ചിക്കപ്പെട്ട വിവരം തിരിച്ചറിഞ്ഞതെന്ന് രഞ്ജന പറയുന്നു.
വിവാഹിതരായ ശേഷം മുംബൈയിലേക്ക് മാറിയ ഉദിത് നാരായണൻ, 1985-ൽ തന്നെ അറിയിക്കാതെ ദീപ നാരായണനെ വിവാഹം കഴിച്ചുവെന്ന് രഞ്ജന ആരോപിക്കുന്നു. മുംബൈയിലെ വീട്ടിലും നേപ്പാളിലെ ഭർതൃവീട്ടിലും വെച്ച് തന്നെ അധിക്ഷേപിച്ച് പുറത്താക്കിയതായും, നിലവിൽ സ്വന്തം വീട്ടിലാണ് താമസിക്കുന്നതെന്നും അവർ വ്യക്തമാക്കി.
ഭർത്താവ് ജീവനൊടുക്കിയാൽ ഭാര്യക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്താനാവില്ല; നിർണ്ണായക നിരീക്ഷണവുമായി ബോംബെ ഹൈക്കോടതി
നേപ്പാളിലെ വസ്തു വിറ്റുകിട്ടിയ 18 ലക്ഷം രൂപ ഉദിത് കൈക്കലാക്കിയെന്നും, നിരന്തരം ആളുകളെ അയച്ച് ഭീഷണിപ്പെടുത്തുന്നതായും പരാതിയിലുണ്ട്. നേരത്തെ വനിതാ കമ്മീഷനെ സമീപിച്ചപ്പോൾ ഭാര്യയായി അംഗീകരിക്കാമെന്നും ഒത്തുതീർപ്പാക്കാമെന്നും ഉറപ്പുനൽകിയെങ്കിലും പിന്നീട് വാക്കുമാറ്റുകയും ജീവിതച്ചെലവ് നിഷേധിക്കുകയും ചെയ്തുവെന്ന് രഞ്ജന ചൂണ്ടിക്കാട്ടി.
പരാതി ലഭിച്ചതായും മൂന്ന് പതിറ്റാണ്ട് പഴക്കമുള്ള സംഭവമായതിനാൽ വസ്തുതകൾ വിശദമായി പരിശോധിച്ച ശേഷം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുമെന്നും സ്റ്റേഷൻ ഇൻ-ചാർജ് അഞ്ജു തിവാരി അറിയിച്ചു. വിഷയത്തിൽ ഉദിത് നാരായണൻ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.


ഇഷ യോഗ കേന്ദ്രത്തിൽ മഹാശിവരാത്രി ആഘോഷം: പ്രതിരോധമന്ത്രി രാജ്നാഥ് സിങ് മുഖ്യാതിഥിയാകും





