തൃശ്ശൂർ: തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണകുമാറിനെതിരെ പരാതികളുടെ കുത്തൊഴുക്ക്. ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർ തന്നെയാണ് പരാതിക്കാർ.
ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലെ എസ് എച്ച് ഒ മാരാണ് ഇപ്പോഴത്തെ പരാതികൾക്ക് പുറകിൽ. ആഴ്ച അവധിയും ഡ്യൂട്ടി അവധിയും അനുവദിക്കാതെ ജില്ലാ പോലീസ് മേധാവി രാപകൽ ജോലി ചെയ്യിപ്പിക്കുകയാണ് എന്നാണ് പ്രധാന പരാതി.
കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ഭാരവാഹികളോടാണ് സിഐ റാങ്കിലുള്ള എസ് എച്ച് ഒ മാരിൽ ഭൂരിപക്ഷവും പരാതി പറഞ്ഞിട്ടുള്ളത്. സംസ്ഥാന പോലീസ് മേധാവി അടക്കമുള്ള ഉന്നതർക്ക് മുന്നിൽ തങ്ങളുടെ ബുദ്ധിമുട്ട് അവതരിപ്പിച്ച് ഒരു പരിഹാരം കണ്ടെത്തണമെന്നാണ് എസ് എച്ച് ഒ മാരുടെ ആവശ്യം. എ എസ് ഐ മുതൽ സി ഐ മാർ വരെയുള്ള പോലീസ് ഉദ്യോഗസ്ഥരുടെ സംഘടനയാണ് കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ.
ജില്ലാ പോലീസ് മേധാവിയുടെ കടുംപിടുത്തം കാരണം തങ്ങൾ അനുഭവിക്കുന്ന മാനസികപീഡനത്തിന് കണക്കില്ലെന്ന് എസ് എച്ച് ഒ മാർ ചൂണ്ടിക്കാട്ടുന്നു. ഡ്യൂട്ടി അവധിയോ ആഴ്ച അവധിയോ അനുവദിക്കാറില്ല. കോടതി ഡ്യൂട്ടിക്ക്പോലും വിടാറില്ലെന്നും പരാതിയുണ്ട്.
എസ്എസ്എൽസി ഫലം മെയ് മൂന്നാം വാരം, പ്ലസ് ടു മെയ് 25-ന്; മൂല്യനിർണ്ണയം ആരംഭിച്ചതായി മന്ത്രി വി. ശിവൻകുട്ടി
എസ് എച്ച് ഒ മാർക്ക് അവധി നൽകാനുള്ള അധികാരം ഇപ്പോൾ ജില്ലാ പോലീസ് മേധാവി ഏറ്റെടുത്തിരിക്കുകയാണ്. നേരത്തെ പോലീസുകാർക്ക് എസ്ഐ മാരും എസ്ഐ മാർക്ക് സി ഐ മാരും സി ഐ മാർക്ക് അതത് ഡി.വൈ.എസ്.പി മാരുമാണ് അവധി അനുവദിച്ചിരുന്നത്. ഇപ്പോൾ ജില്ലാ പോലീസ് മേധാവി അറിയാതെ എസ്ഐയ്ക്കും, സി ഐ യ്ക്കും അവധി അനുവദിക്കാൻ കഴിയില്ല. എസ് എച്ച് ഒ മാർക്ക് ജില്ലാ പോലീസ് നേരിട്ടാണ് മേധാവിയെ അവധി അനുവദിക്കുന്നത്.
ജില്ലാ പോലീസ് മേധാവി വയർലെസ് സെറ്റിലൂടെ ഉൾപ്പെടെ പരുഷമായാണ് സംസാരിക്കുന്നതെന്നും പരാതിയുണ്ട്. ജില്ലാ പോലീസ് മേധാവിയെ കാണാൻ ചെല്ലുന്ന എസ് എച്ച് ഒ മാരെ മണിക്കൂറുകളോളം കാത്തിരുത്തുന്ന പരിപാടിയും ഉണ്ട്.
വനിതാ പോലീസ് സ്റ്റേഷനും അഴീക്കോട് തീരദേശ പോലീസ് സ്റ്റേഷനും ഉൾപ്പെടെ 15 എസ് എച്ച് ഒ മാരാണ് തൃശൂർ റൂറലിലുള്ളത്. വനിത, കൈപ്പമംഗലം, വാടാനപ്പള്ളി, വലപ്പാട്,അഴീക്കോട് തീരദേശം, മതിലകം, കൊടുങ്ങല്ലൂർ, വരന്തരപ്പള്ളി, പുതുക്കാട്, വെള്ളികുളങ്ങര, കൊടകര, മലക്കപ്പാറ, ആതിരപ്പള്ളി,കൊരട്ടി, ചാലക്കുടി എന്നിവയാണ് പോലീസ് സ്റ്റേഷനുകൾ.
റൂറൽ ജില്ലയിൽ ഇരിങ്ങാലക്കുട, ചാലക്കുടി, കൊടുങ്ങല്ലൂർ എന്നീ മൂന്ന് പോലീസ് സബ് ഡിവിഷനുകളാണുള്ളത്. 2021 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് ഇപ്പോഴത്തെ ജില്ലാ പോലീസ് മേധാവി കൃഷ്ണകുമാർ. 2023 നവംബർ 14നാണ് അദ്ദേഹം ജില്ലയിൽ ചുമതലയേറ്റത്.
എസ് ഐ യായി പോലീസ് സർവീസിൽ പ്രവേശിച്ച് പിന്നീട് ഐ പി എസ് ലഭിച്ചു ജില്ലാ പോലീസ് മേധാവിയായ ഇദ്ദേഹത്തിന് പോലീസ് ഉദ്യോഗസ്ഥരുടെ ജോലിസ്വഭാവവും അവധി കിട്ടാത്തതിലുള്ള ബുദ്ധിമുട്ടും ശരിക്കും അറിയാമെന്നാണ് എസ്എച്ച് ഒ പറയുന്നത്. എന്നിട്ടും അദ്ദേഹം തങ്ങളുടെ ആവശ്യത്തോട് മുഖം തിരിക്കുകയാണെന്ന് ഇവർ പരാതിപ്പെടുന്നു.
അവധി നിഷേധിച്ചതിൽ പ്രതിഷേധിച്ച് വെള്ളിക്കുളങ്ങര പോലീസ് സ്റ്റേഷനിലെ ഒരു സിവിൽ പോലീസ് ഓഫീസർ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. തീരദേശ പോലീസ് സ്റ്റേഷനിലെ ബോട്ട് കമാൻഡർ ഡ്യൂട്ടിയിലിരിക്ക അസുഖം വന്നെങ്കിലും സമയത്തിന് ചികിത്സ കിട്ടാതെ മരണമടയുകയും ചെയ്തിരുന്നു.


കുടകില്‍ ട്രക്കിങ്ങിനിടെ കാണാതായ മലയാളി യുവതി ശരണ്യയെ കണ്ടെത്തി; നാല് ദിവസത്തെ ആശങ്കകള്‍ക്ക് ശേഷം ആശ്വാസ വാര്‍ത്ത





