തിരുവല്ല പീഡനക്കേസില്‍ ഒരാള്‍ കൂടി പിടിയില്‍; അന്വേഷണം സഹപ്രവര്‍ത്തകയിലേക്കും; പ്രതികള്‍ക്കായി ലുക്കൗട്ട് നോട്ടീസ്

പത്തനംതിട്ട : തിരുവല്ലയിലെ സ്പാ ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ഒരാള്‍ കൂടി പോലീസിന്റെ പിടിയിലായി. നിരണം സ്വദേശി വരുണ്‍ ആണ് ആലുവയില്‍ വെച്ച് പിടിയിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി.

ആലുവയില്‍ ഒളിവില്‍ കഴിയുന്നതിനിടയിലാണ് വരുണിനെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. കേസിലെ ആറ് പ്രതികളില്‍ മുഖ്യപ്രതി ‘മരണ സുബിന്‍’, ബെര്‍ലിന്‍ ദാസ്, ഇപ്പോള്‍ പിടിയിലായ വരുണ്‍ എന്നിവരൊഴികെ ബാക്കി മൂന്ന് പേര്‍ ഒളിവിലാണ്.

ഒളിവിലുള്ള പ്രതികള്‍ തമിഴ്നാട് അല്ലെങ്കില്‍ കര്‍ണാടക അതിര്‍ത്തി കടന്നതായി സൂചനയുള്ളതിനാല്‍ അന്വേഷണം കേരളത്തിന് പുറത്തേക്കും വ്യാപിപ്പിക്കാന്‍ പോലീസ് തീരുമാനിച്ചു.

അതിജീവിത നല്‍കിയ നിര്‍ണ്ണായക മൊഴിയുടെ അടിസ്ഥാനത്തില്‍ സ്പായിലെ സഹപ്രവര്‍ത്തകയെ പോലീസ് വിശദമായി ചോദ്യം ചെയ്യും. പീഡനം നടക്കുമ്പോള്‍ സഹപ്രവര്‍ത്തക തടയാന്‍ ശ്രമിച്ചില്ലെന്നും അക്രമികളോട് സൗഹൃദപരമായാണ് പെരുമാറിയതെന്നും അതിജീവിത മൊഴി നല്‍കിയിട്ടുണ്ട്. ഈ സഹപ്രവര്‍ത്തകയുടെ ആണ്‍സുഹൃത്തിന് ബെംഗളൂരു കേന്ദ്രീകരിച്ചുള്ള ഗുണ്ടാസംഘങ്ങളുമായി ബന്ധമുണ്ടെന്നും, ഇയാളുടെ നിര്‍ദ്ദേശപ്രകാരമാണോ അക്രമികള്‍ എത്തിയതെന്നും പോലീസ് പരിശോധിക്കുന്നു. ഇത് സ്പാകള്‍ തമ്മിലുള്ള ‘ക്വട്ടേഷന്‍’ യുദ്ധമാണെന്ന സംശയം ഇതോടെ ശക്തമായി.

ഫെബ്രുവരി ഒന്നിന് വൈകുന്നേരം തിരുവല്ലയിലെ സ്പായില്‍ അതിക്രമിച്ചു കയറിയ ആറംഗ സംഘം 50,000 രൂപ ഗുണ്ടാ പിരിവ് ആവശ്യപ്പെടുകയും ജീവനക്കാരിയെ ക്രൂരമായി പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുകയുമായിരുന്നു.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.