അനാദികാലത്തേയ്ക്ക് കുറ്റപത്രം വൈകിയാല്‍ അത് ഗുണം ചെയ്യുക ഇരിക്കുന്ന കൊമ്പുതന്നെ മുറിയ്ക്കുന്ന ഒരുപറ്റം കള്ളന്മാര്‍ക്ക് തന്നെ; ഹൈക്കോടതി ആശ്വാസം നല്‍കുന്നെങ്കിലും കുറ്റപത്രം വൈകുന്നത് ആശങ്കയാകുന്നു; കുറ്റക്കാര്‍ക്ക് വിലസാന്‍ ഇതും മാര്‍ഗ്ഗം; ശബരിമലയില്‍ ‘നീതി’ വൈകുന്നുവോ?

കൊച്ചി: പാരടിയും തമ്മിലടിയും തകര്‍ക്കുമ്പോള്‍ കള്ളന്മാര്‍ ഒന്നൊന്നായി ജയിലില്‍ നിന്ന് പുറത്തിറങ്ങുകയാണ്. അതാണ് ശബരിമല സ്വര്‍ണ്ണപാളി കവര്‍ച്ച കേസിന്റെ ഇന്നത്തെ സ്ഥിതി. കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ശബരിമലയിലെ കളവ് ഒരു തെരഞ്ഞെടുപ്പ് വിഷയവും അധികാരത്തില്‍ ഏത്താനുള്ള സുവര്‍ണ്ണാവസരവുമായി മാറുമ്പോള്‍ കേസിന്റെ സ്ഥിതി എന്താകുമെന്ന ആശങ്കയാണ് പൊതുസമൂഹത്തിനെ പിടിച്ചുലയ്ക്കുന്നത്. കേസിന് ഒരു കുഴപ്പവും വരില്ലെന്നും കുറ്റക്കാര്‍ ആരായാലും ശിക്ഷിക്കപ്പെടുമെന്നും അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന കോടതി തന്നെ നല്‍കുന്ന ഉറപ്പുമാത്രമാണ് ഇന്ന് കേരള സമൂഹത്തിന് ആശ്വാസമായിട്ടുള്ളതും.
കഴിഞ്ഞ ഏതാനും മാസങ്ങളായി, അതായത് ആറുമാസത്തിലേറെക്കാലമായി കേരളത്തില്‍ ആകെ ഒരു ചര്‍ച്ചയാണ് നടക്കുന്നത് ശബരിമലയിലെ സ്വര്‍ണ്ണപാളി മോഷണം. ഒരു ചെറിയ കേസില്‍ തുടങ്ങി അത് ഇപ്പോള്‍ എത്തി നില്‍ക്കുന്നത് കാലാകാലങ്ങളായി ശബരിമല അയ്യപ്പസ്വാമിക്ക് ഭക്തര്‍ കാഴ്ചവച്ച അമൂല്യവസ്തുക്കളുടെ വലിയ കൊള്ളയിലാണ്. കേരള ഹൈക്കോടതിയുടെ ദേവസ്വംബഞ്ചിന്റെ നിരീക്ഷണത്തില്‍ ഒരു പ്രത്യേക അന്വേഷണസംഘത്തിന്റെ ചുമതലയില്‍ ഇതുമായി ബന്ധപ്പെട്ട് അന്വേഷണവും നടക്കുന്നുണ്ട്. അതിന്റെ ഭാഗമായി കളവിന് ചുക്കാന്‍ പിടിച്ച ഉണ്ണികൃഷ്ണന്‍ പോറ്റി മുതല്‍ അതിന് ഒത്താശചെയ്തുകൊടുത്ത മുന്‍ ദേവസ്വം പ്രസിഡന്റുമാരായ എ. പത്മകുമാര്‍, എന്‍. വാസു എന്നിവര്‍ വരെ അറസ്റ്റിലുമായി.
എല്ലാം നല്ലരീതിയില്‍ പോകുന്നുവെന്ന വിലയിരുത്തലിനിടയിലാണ് പ്രതികള്‍ സ്വാഭാവിക ജാമ്യം ലഭിച്ച് പുറത്തുവരുന്നത്. അന്വേഷണം ആരംഭിച്ച് 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം നല്‍കാത്തതാണ് ഇതിലേയ്ക്ക് വഴിവച്ചിരിക്കുന്നത്. ശബരിമല സ്വര്‍ണ്ണമോഷണത്തിന്റെ അന്വേഷണം ഇപ്പോള്‍ ഏകദേശം നിലച്ച നിലയിലോ അല്ലെങ്കില്‍ അവസാനിച്ച അവസ്ഥയിലോ ആണ്. അതിനിടയില്‍ കുറ്റപത്രം നല്‍കാന്‍ വൈകുന്നുവെന്നത് അന്വേഷണസംഘത്തിനെതിരായ ഒരു വലിയ കുറ്റചാര്‍ത്തായി മാറുന്നുമുണ്ട്. കേസില്‍ ഉള്‍പ്പെട്ട സി.പി.എം നേതാക്കള്‍ക്ക് പുറത്തുവരുന്നതിനുള്ള വഴിയൊരുക്കലിന്റെ ഭാഗമായാണ് കുറ്റപത്രം വൈകിക്കുന്നതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
ഏതൊരു കേസിലും മൂന്നുമാസം അല്ലെങ്കില്‍ 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ അറസ്റ്റിലായ പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യം ലഭിക്കും. മുന്‍കാലങ്ങളില്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ വ്യാപകമായി നടന്നിരുന്നുവെങ്കിലും അടുത്തകാലത്തായി അന്വേഷിക്കുന്ന കേസുകളില്‍ കൃത്യസമയത്തിനുള്ളില്‍ കുറ്റപത്രം നല്‍കുന്നതിനുള്ള നടപടികള്‍ കേരള പോലീസ് സ്വീകരിക്കാറുണ്ട്. എന്നാല്‍ അതിന് വ്യതസ്ഥമായ നിലയാണ് ശബരിമല സ്വര്‍ണ്ണമോഷണ കേസില്‍ എസ്.ഐ.ടിയുടെ ഭാഗത്തുനിന്നുണ്ടാകുന്നത്.
ശബരിമലയിലെ സ്വര്‍ണ്ണകൊള്ള പോലെ തന്നെ ഇതും ഒരു രാഷ്ട്രീയ വിഷയമായി മാറിയിട്ടുണ്ട്. കുറ്റപത്രം വൈകിക്കുന്നത് പ്രതികള്‍ക്ക് ജാമ്യം ലഭിക്കാന്‍ വേണ്ടിയാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. അതിന് മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടുന്നുവെന്നും അവര്‍ ആരോപിക്കുന്നു. ഈ ആരോപണം ഉന്നയിച്ചുകൊണ്ടാണ് കഴിഞ്ഞ ദിവസങ്ങളില്‍ പ്രതിപക്ഷം നിയമസഭ സ്തംഭിപ്പിച്ചതും. നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുന്ന അവസരത്തില്‍ ഇത് പ്രതിപക്ഷത്തിന് കൃത്യമായ ഒരു രാഷ്ട്രീയ ആയുധം തന്നെയാകുമെന്നതിലും തര്‍ക്കമില്ല.
എന്നാല്‍ പ്രതിപക്ഷത്തിന്റെ ഈ പ്രചരണങ്ങള്‍ക്ക് ഏറ്റവും വലിയ തിരിച്ചടിയുണ്ടാകുന്നത് ഹൈക്കോടതിയില്‍ നിന്നാണെന്നതാണ് ഏറെ പ്രസക്തം. കേസിന്റെ അന്വേഷണത്തില്‍ ഒരു പാളിച്ചയും അവര്‍ കാണുന്നില്ല. മാത്രമല്ല, കേസിന്റെ അന്വേഷണം ഏറ്റവും മികച്ച നിലയിലാണെന്നും അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന ഡിവിഷന്‍ ബഞ്ച് അസന്നിഗ്ധമായി വ്യക്തമാക്കുന്നുണ്ട്. കുറ്റപത്രം വൈകുന്നതില്‍ ആശങ്ക കോടതി പ്രകടിപ്പിക്കുന്നുമില്ല. മറിച്ച് നിരവധി മാനങ്ങളുള്ള കേസാണ് ഇതെന്നും കുറ്റക്കാര്‍ക്ക് കൃത്യമായി ശിക്ഷ നേടികൊടുക്കുന്നതിന് നിരവധി ഇഴകള്‍ കൂട്ടിയോജിപ്പിക്കേണ്ടതുണ്ടെന്നുമാണ് ഹൈക്കോടതി തന്നെ നിരീക്ഷിച്ചത്. അതുകൊണ്ടുതന്നെ സി.ബി.ഐ അന്വേഷണം എന്ന ആവശ്യവും കോടതി തളളിക്കളഞ്ഞിരുന്നു.
ഹൈക്കോടതിയുടെ നിരീക്ഷണങ്ങളും ഉത്തരവുകളും പ്രസക്തമാണെങ്കിലും കേസില്‍ ഉള്‍പ്പെട്ടവര്‍ പുറത്തിറങ്ങിയാല്‍ അത് അന്വേഷണത്തെ ഏത് വിധേന ബാധിക്കുമെന്നതിനെക്കുറിച്ച് എസ്.ഐ.ടി ബോദ്ധ്യവാന്മാരാകേണ്ടതുണ്ട്. ശബരിമല പോലെ ഇത്രയേറെ പ്രസിദ്ധമായ ഒരു കേന്ദ്രത്തില്‍ നിന്നും വളരെ ആസൂത്രിതമായി ഇത്തരം വലിയ കൊള്ളകള്‍ നടത്തിയ ഇക്കൂട്ടര്‍ പുറത്തിറങ്ങിയാല്‍ കേസിന്റെ തലവര തന്നെ മാറ്റിമറിച്ചേയ്ക്കാം. അതിനെ നിസാരമായി തള്ളിക്കളയാന്‍ കഴിയില്ല. ഇപ്പോള്‍ മോഷ്ടിച്ച സ്വര്‍ണ്ണം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. തൊണ്ടിമുതല്‍ കണ്ടെടുക്കാതെ ഒരു കേസില്‍ പ്രതികള്‍ക്കായിരിക്കും അത് ഗുണം ചെയ്യാന്‍ പോകുന്നതെന്ന വാദവും ഒരു ഭാഗത്തുനിന്നും ഉയരുന്നുണ്ട്.
ആ സാഹചര്യത്തില്‍ ഇത്രയും സ്വാധീനമുള്ള ആസൂത്രിതമായി കഴിഞ്ഞ രണ്ടുപതിറ്റാണ്ടിലേറെ അവിടെ കൊള്ള നടത്തികൊണ്ടിരുന്ന ഒരു സംഘം പുറത്തിറങ്ങിയാല്‍ അന്വേഷണത്തിന്റെ ഗതിവിഗതികളെ തന്നെ മാറ്റിമറിയ്ക്കാന്‍ അവര്‍ക്ക് കഴിഞ്ഞേയ്ക്കും. എന്നാല്‍ കട്ട സ്വര്‍ണ്ണത്തിന്റെ കണക്കും അതുപോലെ അതിന്റെ കാലവും കൃത്യമായി മനസിലാക്കുന്നതിനുള്ള പരിശോധനകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും അത് പൂര്‍ത്തിയാകാതെ കുറ്റപത്രം നല്‍കിയാല്‍ കുറ്റക്കാര്‍ക്ക് പഴുതുപയോഗിച്ച് രക്ഷപ്പെടാനാകുമെന്നുമാണ് അമന്വഷണസംഘവും കോടതിയും നിരീക്ഷിക്കുന്നത്. എന്തായാലും ഒളിഞ്ഞും തെളിഞ്ഞും കഴിഞ്ഞ രണ്ടുപതിറ്റാണ്ടിലേറെക്കാലമായി സുപ്രസിദ്ധമായ ഒരു ദേവാലയത്തില്‍ ഇത്തരത്തില്‍ വലിയ കൊള്ളകള്‍ നടത്തി ഒരു കൂട്ടം വാണരുളി എന്നത് കേരളത്തിന് ഏറെ അപമാനകരമാണ്.
കേരളത്തിലെ രാഷ്ട്രീയകക്ഷികള്‍ക്ക് ഇത് അധികാരം പിടിച്ചെടുക്കാനുള്ള ഒരു മാര്‍ഗ്ഗം മാത്രമാണ്്. രാഷ്ട്രീയത്തിനെ വര്‍ഗ്ഗീയ വികാരങ്ങളുമായി കൂട്ടിച്ചേര്‍ത്താല്‍ നേട്ടം കൊയ്യാനാകുമെന്ന് സമകാലിക ഇന്ത്യന്‍ രാഷ്ട്രീയം നമ്മെ പഠിപ്പിക്കുന്നുണ്ട്. അതിന്റെ മാതൃകകളാണ് കഴിഞ്ഞ കുറേക്കാലമായി കേരളത്തലും പയറ്റികൊണ്ടിരിക്കുന്നത്. ഇത് നൈമിഷികമായ ആഗ്രഹപൂര്‍ത്തീകരണത്തിന് അപ്പുറം എത്ര ഗുണകരമായിരിക്കുമെന്ന് ചിന്തിക്കേണ്ടത് അനാവശ്യവികാരങ്ങള്‍ ഇളക്കി വിടുന്നവര്‍ തന്നെയാണ്. ശബരിമലയിലെ വിഷയത്തെ രാഷ്ട്രീയത്തിന് അപ്പുറം ഒരു സാമൂഹിക പ്രശ്നമായാണ് വിലയിരുത്തേണ്ടത്. ആരാധനാലയങ്ങളുടെ പരിപാവനതയെ നിലനിര്‍ത്തേണ്ടവര്‍ തന്നെ അവിടെ മോഷണത്തിന് നേതൃത്വം നല്‍കുക, പൊതുസ്വത്തിനെ അപഹരിച്ചുകൊണ്ടുപോകുക എന്നിവയൊന്നും കേരളം പോലുള്ള ഒരു സമൂഹത്തിന് അത്ര നല്ലതായിരിക്കില്ല.
അതുകൊണ്ടുതന്നെ കേസുകളില്‍ അന്വേഷണം എല്ലാം പൂര്‍ത്തിയാക്കിയശേഷം കുറ്റപത്രം നല്‍കാമെന്ന നിലപാടും അത്ര ഗുണകരമാവില്ല. അനാദികാലത്തേയ്ക്ക് കുറ്റപത്രം വൈകിയാല്‍ അത് ഗുണം ചെയ്യുക ഇരിക്കുന്ന കൊമ്പുതന്നെ മുറിയ്ക്കുന്ന ഒരുപറ്റം കള്ളന്മാര്‍ക്കാകും എന്നതാണ് വസ്തുത. ഇനി ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ കൃത്യമായി തന്നെ കുറ്റപത്രം തയാറാക്കി എത്രയും വേഗം ഇവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവന്ന് അര്‍ഹമായ ശിക്ഷ വാങ്ങികൊടുക്കണം എന്ന ആഗ്രഹമാണ് രാഷ്ട്രീയത്തിലെ അധികാരത്തിനപ്പുറം നോക്കികാണുന്ന പൊതുസമൂഹത്തിനുള്ളത്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.