ശബരിമല സ്വര്‍ണ്ണ കവര്‍ച്ച ഇന്ന് നിര്‍ണ്ണായകം; കണ്ണുകളെല്ലാം ഹൈക്കോടതിയില്‍

ശബരിമല സ്വര്‍ണ്ണപാളി കവര്‍ച്ച കേസില്‍ ഇന്ന് നിര്‍ണ്ണായക ദിവസം. ഇന്നാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് കേസ് പരിഗണിക്കുന്നത്. അന്വേഷണത്തിന്റെ പുരോഗതി റിപ്പോര്‍ട്ട് ഇന്ന് പ്രത്യേക അന്വേഷണസംഘം കോടതിക്ക് കൈമാറും. ഇതുവരെ അന്വേഷണത്തിനോട് അനുകൂല നിലപാട് സ്വീകരിച്ച ഹൈക്കോടതി ഇന്ന് എന്തായിരിക്കും തീരുമാനിക്കുക എന്നത് വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഓമരാദിവസം കഴിയുന്തോറും ഈ കേസിന്റെ മാനങ്ങള്‍ വലുതായി വരുന്നതും വലിയ പ്രതിസന്ധിയായിട്ടുണ്ട്.

യു.ഡി.എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെ കഴിഞ്ഞദിവസം ചോദ്യം ചെയ്തതും ഇന്ന് കോടതിയില്‍ നല്‍കുന്ന റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തു. ഒപ്പം ഇനി ആരെയൊക്കെ ചോദ്യം ചെയ്യണമെന്നതും ഇതില്‍ വ്യക്തമായിരിക്കും. അതിനുപുറമെ ഹൈക്കോടതി ഇക്കാര്യത്തില്‍ കൃത്യമായ നിര്‍ദ്ദേശങ്ങളും നല്‍കുമെന്നാണ് ലഭിക്കുന്ന സൂചന. അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്തത് വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിട്ടുണ്ട്. കേസില്‍ ഉള്‍പ്പെട്ട് സി.പി.എം പ്രതിനിധികള്‍ അറസ്റ്റിലായിരിക്കുന്ന പശ്ചാത്തലത്തില്‍ തങ്ങള്‍ക്കുണ്ടായ കളങ്കം മറയ്ക്കാന്‍ സര്‍ക്കാര്‍ നടത്തിയ രാഷ്ട്രീയ ഇടപെടലാണ് ഈ ചോദ്യം ചെയ്യലിന് പിന്നില്‍ എന്ന ആരോപണമാണ് യു.ഡി.എഫ് കേന്ദ്രങ്ങള്‍ ഉന്നയിക്കുന്നത്. അടൂര്‍ പ്രകാശിന് പുറമെ ആന്റോ ആന്റണിയും ഈ ചോദ്യം ചെയ്യല്‍ പ്രക്രിയയില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്ന വാര്‍ത്തകൂടി പുറത്തുവരുന്നു പശ്ചാത്തലത്തില്‍ ആ ആരോപണങ്ങള്‍ കൂടുതല്‍ ശക്തമാകുകയും ചെയ്യും. എന്നാല്‍ കേസില്‍ സര്‍ക്കാരിനോ രാഷ്ട്രീയപാര്‍ട്ടികള്‍ക്കോ ഒരു കാര്യവുമില്ലെന്നും അത് തങ്ങളാണ് നേരിട്ട് നിയന്ത്രിക്കുന്നതെന്നും കഴിഞ്ഞദിവസം ഹൈക്കോടതി നടത്തിയ പരാമര്‍ശം ചൂണ്ടിക്കാട്ടിയാണ് ഈ ആരോപണത്തില്‍ നിന്നും സി.പി.എമ്മും സര്‍ക്കാരും തലയൂരുന്നതും.

നിയമസഭാതെരഞ്ഞെടുപ്പുകഴിയുന്നതുവരെ ഈ വിഷയം വലിയ രാഷ്ട്രീയ ചര്‍ച്ചയായി നിലനില്‍ക്കും എന്ന് വ്യക്തമായിരിക്കുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് ഈ പ്രശ്‌നത്തില്‍ ഹൈക്കോടതിയുടെ നിലപാട് ഏറെ പ്രസക്തമാകുന്നത്. കേസില്‍ അറസ്റ്റിലായ ഓരോരുത്തര്‍ക്കായി സ്വാഭാവിക ജാമ്യം ലഭിക്കുകയാണ്. ഇനി ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റുമാരായ എന്‍. വാസുവും പത്മകുമാറും മറ്റുമാണ് പുറത്തിറങ്ങാനുള്ളത്. കുറ്റപത്രം സമര്‍പ്പിക്കാത്ത പശ്ചാത്തലത്തില്‍ അവരുടെ മോചനവും ഉടന്‍ ഉണ്ടാകുമെന്നാണ് വിലയിരുത്തുന്നത്.

എന്നാല്‍ ഇപ്പോള്‍ എസ്.ഐ.ടി കണ്ടെത്തിയിട്ടുള്ള കാര്യങ്ങള്‍ അതിനേക്കാളൊക്കെ ഏറെ ഗൗരവമേറിയതുമാണ്. ഉണ്ണികൃഷ്ണന്‍ പോറ്റി സമ്മതിച്ചിട്ടുള്ളത്ര സ്വര്‍ണ്ണമല്ല നഷ്ടപ്പെട്ടിട്ടുള്ളതെന്ന നിഗമനത്തിലാണ് അന്വേഷണസംഘം എത്തിയിട്ടുള്ളത്. വി.എസ്.എസ്.സിയില്‍ നടത്തിയ പരിശോധനയില്‍ അതിനേക്കാളേറെ സ്വര്‍ണ്ണം നഷ്ടപ്പെട്ടതായി വ്യക്തമായിട്ടുണ്ട്. ഇനി സ്വര്‍ണ്ണം നഷ്ടപ്പെട്ട കാലം ഏതാണെന്നുകൂടി നിര്‍ണ്ണയിക്കേണ്ടി വരുമെന്നാണ് അന്വേഷണസംഘത്തില്‍ നിന്നും ലഭിക്കുന്ന സൂചന അങ്ങനെയാണെങ്കില്‍ അന്വേഷണത്തിന്റെ പരിധി ഇനിയും വിപുലമാകും. 1998 മുതലുള്ള കാര്യങ്ങള്‍ അന്വേഷിക്കേണ്ടി വരുമെന്ന സൂചനയും പുറത്തുവരുന്നുണ്ട്.

സ്വര്‍ണ്ണം നഷ്ടപ്പെട്ടത് 2019ലാണെന്നതാണ് ഇപ്പോഴത്തെ നിഗമനം. എന്നാല്‍ അത് പൂര്‍ണ്ണമായി വസ്തുതയാണോയെന്നതും ഈ പരിശോധ റിപ്പോര്‍ട്ടിലേ വ്യക്തമാകു. വി.എസ്.എസ്.സിയില്‍ വീണ്ടും പരിശോധന നടക്കുന്നുണ്ട്. അതിനൊടുവിലായിരിക്കും ഇക്കാര്യത്തില്‍ വ്യക്തത വരിക. അതിനിടയില്‍ അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്തതുമായ വിവാദത്തിലും ഇന്ന് കോടതിയില്‍ നിന്നും വ്യക്തതവരും. പോറ്റിയും അടൂര്‍ പ്രകാശും തമ്മിലുള്ള പണമിടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ വരെ അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ടെന്നും ചില കോണുകള്‍ പറഞ്ഞുപരത്തുന്നുണ്ട്. എന്നാല്‍ ഫോട്ടോകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍ എന്നാണ് കോണ്‍ഗ്രസ് ക്യാമ്പുകള്‍ പറയുന്നത്.

അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്ത പശ്ചാത്തലത്തില്‍ പുതിയ ഫോട്ടോകള്‍ പുറത്തുവന്നതുകൊണ്ട് കടകംപള്ളിയെ വീണ്ടും ചോദ്യം ചെയ്യണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. കടകംപള്ളിയെ ഒരിക്കല്‍ എസ്.ഐ.ടി ചോദ്യം ചെയ്തിട്ടുണ്ട്. അദ്ദേഹം നല്‍കിയ മൊഴികള്‍ അന്വേഷണസംഘം പരിശോധിച്ചിട്ടുമുണ്ട്. അതില്‍ വ്യക്തതയില്ലെങ്കില്‍ വീണ്ടും വിളിപ്പിക്കുമെന്നതിനും സംശയമില്ല. അതോടൊപ്പം തന്നെ കടകംപള്ളിയും പോറ്റിയും തമ്മില്‍ എന്തെങ്കിലും ഇടപാടുകള്‍ നടന്നിട്ടുണ്ടോയെന്ന പരിശോധനയും അന്വേഷണസംഘം നടത്തുന്നുണ്ട്.

ഇല്ലാതെ ദേവസ്വം മന്ത്രിയായിരുന്നുവെന്നതിന്റെ പശ്ചാത്തലത്തില്‍ മാത്രം അന്വേഷണസംഘത്തിന് അദ്ദേഹത്തിനെതിരെ നടപടിയെടുക്കാനാവില്ല. ദേവസ്വം നിയമപ്രകാരം ബോര്‍ഡുകളുടെ പ്രവര്‍ത്തനത്തില്‍ മന്ത്രിക്കോ സര്‍ക്കാരിനോ ഇടപെടാനാവില്ലെന്നതിന്റെ പശ്ചാത്തലത്തിലാണ് ആ നിഗമനം. ദേവസ്വം ബോര്‍ഡ് ഒരു സ്വതന്ത്രസംവിധാനമാണ്. അതിന് സ്വന്തമായി മാത്രമേ തീരുമാനം എടുക്കാന്‍ കഴിയുകയുള്ളു. അതുകൊണ്ടുതന്നെ കടംപള്ളിക്ക് പോറ്റിയുമായി വഴിവിട്ട ഇടപാടുകള്‍ ഉണ്ടെന്ന് കണ്ടെത്തിയാല്‍ അദ്ദേഹവും അന്വേഷണസംഘത്തിന്റെ വലയിലാകും.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.